തിരുവനന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിലെ ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങളില്‍ വധശ്രമത്തിന് തെളിവില്ല. തനിക്കെതിരെ വി.സി. ഗൂഢാലോചനയും വധശ്രമവും നടത്തി എന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ തന്നെ പുറത്തുവിട്ട ദൃശ്യങ്ങളില്‍ ആക്രമണത്തിന്റേതായ ഒരു തെളിവുകളുമില്ല.
ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ സി.എ.എക്ക് അനുകൂലമായി സംസാരിക്കുമ്പോള്‍ വേദിയില്‍ നിന്ന് പ്രതിഷേധമുണ്ടാകുകയും തുടര്‍ന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് എഴുന്നേറ്റ് പോകുമ്പോള്‍ പരിപാടിയുടെ സംഘാടകനെന്ന നിലയില്‍ അദ്ദേഹത്തെ വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ഈ വീഡിയോയിലുണ്ട്.
ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ് പ്രശ്‌നം ശാന്തമാക്കാന്‍ ശ്രമിക്കുന്നതും ഇതില്‍ കാണുന്നതാണ്. എന്നാല്‍ ഇര്‍ഫാന്‍ ഹബീബ് വേദിയില്‍ വെച്ച് ഗവര്‍ണറോട് സംസാരിക്കുന്നതല്ലാതെ അദ്ദേഹം ആരോപിക്കുന്നത് പോലെ ‘വധശ്രമത്തിന്റെ’തായി ഒന്നും തന്നെ ദൃശ്യങ്ങളില്ല. അതിനിടെ വേദിയില്‍ വെച്ച് തന്നെ ഗവര്‍ണര്‍ ഇര്‍ഫാന്‍ ഹബീബിനോട് സംസാരിക്കുന്നതും വീഡിയോയിലുണ്ട്.
എന്നാല്‍, ഇര്‍ഫാന്‍ ഹബീബ് തനിക്ക് നേരെ പ്രതിഷേധിച്ചതോടെ പൊലീസ് അദ്ദേഹത്തെ തടയാന്‍ ശ്രമിച്ചപ്പോള്‍ പൊലീസിനെ കെ.കെ. രാകേഷ് എന്തിന് തടഞ്ഞു എന്നാണ ഗവര്‍ണര്‍ ഇന്ന് ചോദിക്കുന്നത്.
പ്രതിഷേധിക്കാനാണെങ്കില്‍ വേദിയിലാണോ ചെയ്യേണ്ടത്. തന്നെ ബാധിച്ച വിഷയമെന്ന നിലയിലാണ് ഇതുവരെ ഞാന്‍ നേരിട്ട് നടപടികള്‍ ആവശ്യപ്പെടാതിരുന്നത്. വേദിയിലിരിക്കുന്നവര്‍ക്ക് വേദി വിട്ടിറങ്ങണമെങ്കില്‍ ഗവര്‍ണര്‍ ആദ്യം വേദി വിടണം. അതാണ് സുരക്ഷാ പ്രോട്ടോക്കോളെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചാന്‍സലര്‍ പദവിയില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്താണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.