national news
'ഞങ്ങളെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല'; കെജ്‌രിവാളിന്റെ അറസ്റ്റിലുള്ള യു.എന്‍ നിലപാടില്‍ ഉപരാഷ്ട്രപതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 30, 05:30 am
Saturday, 30th March 2024, 11:00 am

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ യു.എന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍.

നിയമവാഴ്ചയെ കുറിച്ച് തങ്ങളെ ആരും പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ 70-ാമത് സ്ഥാപക ദിനാചരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ആയതിനാല്‍ നിയമത്തെ കുറിച്ചും അത് നടപ്പിലാക്കുന്നതിനെ കുറിച്ചും ആരും ഉപദേശിക്കേണ്ടതില്ല എന്നാണ് ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞത്. ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്നും ഒരു വ്യക്തിക്കും ഏതെങ്കിലും ഗ്രൂപ്പിനും വേണ്ടി അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

രാജ്യത്തെ നീതിന്യായ വ്യവസ്ഥ ശക്തവും സ്വതന്ത്രവുമാണെന്നും പറയുന്നവര്‍ നിയമം നിലവില്‍ വരുമ്പോള്‍ എന്തിനാണ് തെരുവില്‍ ഇറങ്ങുന്നതെന്നും ജഗദീപ് ധന്‍ഖര്‍ ചോദിച്ചു. ഒരു കേസില്‍ അകപ്പെടുമ്പോള്‍ പ്രതികള്‍ ഇരയുടെ കാര്‍ഡ് കളിക്കുകയാണെന്നും ഉപരാഷ്ട്രപതി ആരോപിച്ചു.

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് അമേരിക്കയും ജര്‍മനിയും രംഗത്തെത്തിയിരുന്നു. പിന്നാലെ യു.എന്നും ദല്‍ഹി മുഖ്യമന്ത്രിയുടെ അറസ്റ്റിലും കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതിലും അതൃപ്തി പ്രകടിപ്പിച്ചു.

പൗരാവകാശവും രാഷ്ട്രീയാവകാശവും സംരക്ഷിക്കപ്പെടണമെന്നും നീതിപൂര്‍വമായ സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കണമെന്നുമായിരുന്നു യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് ഇന്ത്യയ്ക്ക് അയച്ച സന്ദേശം.

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ ആദ്യമായി പ്രതികരിക്കുന്ന വിദേശ രാജ്യം ജര്‍മനിയായിരുന്നു. ജര്‍മന്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇതില്‍ ജര്‍മനിയോട് ഇന്ത്യ ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.

Content Highlight: The Vice President responded to the UN stand on Kejriwal’s arrest