കൊവിഡ്: ആദ്യം ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റി; ഇനി യു.എ.ഇയിലേക്കോ; ട്വന്റി 20 ലോകകപ്പ് വേദി മാറ്റാന്‍ ആലോചന
Cricket
കൊവിഡ്: ആദ്യം ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റി; ഇനി യു.എ.ഇയിലേക്കോ; ട്വന്റി 20 ലോകകപ്പ് വേദി മാറ്റാന്‍ ആലോചന
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th April 2021, 1:29 pm

മുംബൈ : ഐ.സി.സി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്വന്റി 20 ലോകകപ്പിന്റെ വേദി യു.എ.ഇയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയിലായിരുന്നു ലോകകപ്പ് നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്റെ ആദ്യ തരംഗത്തില്‍ ഓസ്ട്രേലിയയില്‍ നിരവധി മരണങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്തതോടെ ലോകകപ്പ് ഈ വര്‍ഷം ഇന്ത്യയില്‍ നടത്താനായി മാറ്റിവെയ്ക്കുകയായിരുന്നു.

ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 13 വരെ ഒമ്പതു വേദികളിലായി ടൂര്‍ണമെന്റ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. വേദികളുടെ പട്ടിക ബി.സി.സി.ഐ കഴിഞ്ഞാഴ്ച ഐ.സി.സിക്ക് കൈമാറിയിയിരുന്നു. ബംഗളുരു, ചെന്നൈ, ധര്‍മശാല, കൊല്‍ക്കത്ത, ഹൈദരാബാദ്, ലക്നൗ, മുംബൈ, ന്യൂദല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലായി മത്സരങ്ങള്‍ നടത്താനാണ് ബി.സി.സി.ഐ തീരുമാനിച്ചത. 16 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്.

കൊവിഡന്റെ ഒന്നാം തരംഗത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് മാറ്റിയ ഐ.പി.എല്‍ വിജയകരമായി നടത്തിയതിനെത്തുടര്‍ന്നാണ് യു.എ.ഇയെ വേദിയായി ഐ.സി.സി പരിഗണിക്കുന്നത്.

എന്നാല്‍, ഇത് സംബന്ധിച്ച് ഐ.സി.സി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ വേദി മാറ്റാന്‍ സജ്ജമാണെന്ന് ഐ.സി.സി താല്‍ക്കാലിക സി.ഇ.ഒ ജെഫ് അല്ലാര്‍ഡെസ് കഴിഞ്ഞ ദിവസം പറഞ്ഞു. ഈ ആഴ്ച പ്രത്യേക ഐ.സി.സി സംഘം ഇന്ത്യയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തും എന്നാണ് അറിയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

Content Highlights- The venue for the Twenty20 World Cup is being shifted to the UAE as the covid intensifies in India