മുംബൈ: സംവിധായകന്‍ സുദീപ്‌തോ സെന്നും നടി ആദ ശര്‍മയും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടതായി വാര്‍ത്തകള്‍. കരിംനഗറിലെ ഹിന്ദു ഏകതാ യാത്രയില്‍ പങ്കെടുക്കാന്‍ പോകവേയാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ സുദീപ്‌തോ സെന്നിനേയും ആദ ശര്‍മയേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
ആശങ്കപ്പെടേണ്ടതില്ലെന്നും തങ്ങള്‍ സുഖമായിരിക്കുന്നുവെന്നും ആദ ശര്‍മ ഞായറാഴ്ച രാത്രിയോടെ ട്വീറ്റ് ചെയ്തിരുന്നു. ‘ഞാന്‍ സുഖമായിരിക്കുന്നു. അപകടവുമായി ബന്ധപ്പെട്ട് ഒരുപാട് മെസേജുകള്‍ ലഭിക്കുന്നുണ്ട്. ഞങ്ങളെല്ലാവരും സുഖമായിരിക്കുന്നു, ഗുരുതരമായി ഒന്നുമില്ല. നിങ്ങളുടെ കരുതലിന് നന്ദി,’ ആദ ശര്‍മ ട്വീറ്റ് ചെയ്തു.
കരിംനഗറിലെ ജനങ്ങളോട് തങ്ങളുടെ സിനിമയെ പറ്റി സംസാരിക്കാനായിരുന്നു വന്നുകൊണ്ടിരുന്നതെന്നും നമ്മുടെ പെണ്‍മക്കളെ സംരക്ഷിക്കാനാണ് ചിത്രം എടുത്തതെന്നുമാണ് സുദീപ്‌തോ സെന്‍ ട്വീറ്റ് ചെയ്തത്. ‘ഇന്ന് ഞങ്ങളുടെ സിനിമയെ പറ്റി സംസാരിക്കാന്‍ ഞങ്ങള്‍ കരിംനഗര്‍ സന്ദര്‍ശിക്കേണ്ടതായിരുന്നു. എന്നാല്‍ അടിയന്തിരമായ വന്ന ചില ആരോഗ്യ പ്രശ്‌നങ്ങളാല്‍ യാത്ര ചെയ്യാനായില്ല. കരിംനഗറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. നമ്മുടെ പെണ്‍മക്കളെ സംരക്ഷിക്കാനാണ് സിനിമ എടുത്തത്. ഞങ്ങളെ പിന്തുണക്കുക,’ സുദീപ്‌തോ സെന്‍ ട്വീറ്റ് ചെയ്തു.
മെയ് അഞ്ചിനാണ് ദി കേരള സ്‌റ്റോറി റിലീസ് ചെയ്തത്. കേരളത്തില്‍ നിന്നുമുള്ള മൂന്ന് പെണ്‍കുട്ടികള്‍ മതം മാറി ഐസിസിലേക്ക് പോയ കഥയാണ് ദി കേരള സ്‌റ്റോറി പറഞ്ഞത്. ട്രെയ്‌ലറിനൊപ്പം ചേര്‍ത്ത 32000 പെണ്‍കുട്ടികള്‍ എന്നത് വിവാദങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് എന്നതിലേക്ക് മാറ്റിയിരുന്നു.
കേരളത്തിലെ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണിതെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇടതു-വലത് യുവജനസംഘടനകളും ചിത്രത്തിനെതിരെ രംഗത്ത് എത്തിയിരുന്നു.
Content Highlight: The vehicle carrying Sudeepto Sen and actress Adah Sharma met with an accident