Kerala News
വാളയാര്‍ കേസ്; മാതാപിതാക്കളെ മൂന്ന് കേസുകളില്‍ കൂടി പ്രതിചേര്‍ത്ത് സി.ബി.ഐ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 06, 02:24 am
Thursday, 6th March 2025, 7:54 am

തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ മരണത്തില്‍ വീണ്ടും സി.ബി.ഐയുടെ നിര്‍ണായക നടപടി. മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ മൂന്ന് കേസുകളില്‍ കൂടി സി.ബി.ഐ പ്രതിചേര്‍ത്തു. കൊച്ചി സി.ബി.ഐ കോടതിയിലാണ് പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

നേരത്തെ ആറ് കേസുകളില്‍ മാതാപിതാക്കളെ പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. സി.ബി.ഐ നല്‍കിയ കുറ്റപത്രങ്ങള്‍ പ്രകാരം ആറ് കേസുകളിലും അമ്മ രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്.

എന്നാല്‍ ഇന്നലെ (ബുധന്‍) കേസ് പരിഗണിച്ച സി.ബി.ഐ പ്രസ്തുത കേസുകളില്‍ പ്രതികള്‍ക്കെതിരെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും മറ്റ് രേഖകളും ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.

കേസിലെ മറ്റു പ്രതികളായ വി. മധു, പ്രദീപ് കുമാര്‍ എന്നിവരെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉള്‍പ്പെടെ മൂന്ന് കേസുകളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് സി.ബി.ഐ അപേക്ഷ നല്‍കിയത്.

മൂന്ന് കേസുകളില്‍ ഒന്നില്‍, കൂടുതല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതികൂടി ഉള്‍പ്പെട്ട രണ്ട് കേസുകളില്‍ ദമ്പതികളെ അറസ്റ്റ്‌ ചെയ്യാന്‍ സി.ബി.ഐ അനുമതിയും തേടിയിട്ടുണ്ട്. പ്രതികള്‍ക്ക് സമന്‍സ് അയക്കാനുള്ള നടപടികള്‍ മാർച്ച് 25ന് സി.ബി.ഐ കോടതി പരിഗണിക്കും.

കുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേര്‍ത്തുള്ള കുറ്റപത്രം അംഗീകരിക്കരുതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമന്‍സ് അയച്ച ശേഷം മാതാപിതാക്കളുടെ വാദം കേള്‍ക്കാമെന്നാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടത്.

2017 ജനുവരി ഏഴിനാണ് വാളയാര്‍ അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസുകാരിക്ക് തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് കേസില്‍ സംശയം ബലപ്പെട്ടത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.

മരിക്കുന്നതിന് മുന്നോടിയായി പെണ്‍കുട്ടികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2019 ജൂണ്‍ 22ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയാണ് ചെയ്തത്.

പിന്നീട് 2019 ഒക്ടോബര്‍ ഒമ്പതിന് കേസിലെ മൂന്നാം പ്രതിയായ ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. 2019 ഒക്ടോബര്‍ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരേയും കോടതി വെറുതെവിട്ടു. പിന്നാലെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.

എന്നാല്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍, കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന കാര്യം മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു എന്നാണ് പറയുന്നത്. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് മാതാപിതാക്കള്‍ക്കെതിരെ സി.ബി.ഐ ചുമത്തിയത്.

Content Highlight: The valayar Case; CBI accused the parents in three more cases