തീർത്ഥാടന പാതയ്ക്കായി വഴിവെട്ടാന്‍ 33,000 മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
national news
തീർത്ഥാടന പാതയ്ക്കായി വഴിവെട്ടാന്‍ 33,000 മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd June 2024, 12:25 pm

ലഖ്നൗ: കന്‍വാര്‍ തീർത്ഥാടന പാതയ്ക്കായി 33,000 മരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 111 കിലോമീറ്ററോളം വരുന്ന ഗാസിയാബാദ്-മീററ്റ്-മുസാഫര്‍നഗറിലേക്കുള്ള പാതയിലെ തിരക്ക് കുറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. മരങ്ങള്‍ മുറിച്ചുമാറ്റാനായുള്ള തീരുമാനം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.

ഗാസിയാബാദ്, മീററ്റ്, മുസാഫര്‍നഗര്‍ ജില്ലകളിലായി മൊത്തം 1,10,000 മരങ്ങളും ചെടികളും വെട്ടിമാറ്റാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയതിന് പിന്നാലെ പരിസ്ഥിതി കോടതി ഈ വിഷയത്തില്‍ സ്വമേധയാ നടപടി സ്വീകരിച്ചു. ഇതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം 10 ദശലക്ഷം ആളുകള്‍ പ്രതിവര്‍ഷം കന്‍വാറിലേക്ക് തീര്‍ത്ഥാടനം നടത്തുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത്. ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ദല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കാല്‍നടയായാണ് ആളുകള്‍ കാന്‍വാറിലേക്ക് എത്തുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞു.

തങ്ങളുടെ സമീപത്തുള്ള ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്നതിനായി ഗംഗ നദിയില്‍ നിന്ന് വെള്ളം ശേഖരിച്ച് അത് സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന ചടങ്ങാണ് പ്രധാനമായും കന്‍വാറില്‍ നടക്കുക. നിലവില്‍ ഗാസിയാബാദ്, മീററ്റ്, മുസാഫര്‍നഗര്‍ ജില്ലകളിലേക്കുള്ള വഴികള്‍ ഭക്തര്‍ക്കും സാധാരണക്കാര്‍ക്കുമായി രണ്ടായി വേര്‍തിരിച്ചിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 54 ഗ്രാമങ്ങളിലൂടെയാണ് ആ പാത കടന്നുപോകുന്നത്. സര്‍ക്കാര്‍ പറയുന്ന കണക്ക് പ്രകാരമുള്ള അത്രയും മരങ്ങള്‍ മുറിച്ചുമാറ്റുന്നത് ഗ്രാമങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് വിമര്‍ശനം.

അതേസമയം പദ്ധതിയുടെ ഫലമായുണ്ടാകുന്ന സസ്യജാലങ്ങളുടെ നഷ്ടം നികത്താന്‍ ലളിത്പൂര്‍ ജില്ലയില്‍ 222 ഹെക്ടര്‍ ഭൂമി വനവല്‍ക്കരണത്തിനായി നീക്കിവെച്ചിട്ടുണ്ടെന്നും വനം വകുപ്പില്‍ 1.5 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

Content Highlight: The Uttar Pradesh government will cut down 33,000 trees to clear the way to the temple