| Wednesday, 17th January 2024, 5:43 pm

ഇസ്രഈലിനുള്ള സഹായങ്ങള്‍ക്ക് ഉപാധികള്‍ ഏര്‍പ്പെടുത്തണമെന്ന പ്രമേയം തള്ളി അമേരിക്കന്‍ സെനറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈലിലേക്കുള്ള സുരക്ഷാ സഹായത്തിന് ഉപാധികള്‍ ഏര്‍പ്പെടുത്തണമെന്ന പ്രമേയം തള്ളി അമേരിക്കന്‍ സെനറ്റ്. പ്രമേയത്തെ ഭൂരിഭാഗം വരുന്ന സെനറ്റര്‍മാരും എതിര്‍ത്ത് വോട്ടുചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്രഈല്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് 30 ദിവസത്തിനകം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ലെങ്കില്‍ ഇസ്രഈലിനായുള്ള സുരക്ഷാ സഹായം മരവിപ്പിക്കണമെന്ന് സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രമേയത്തെ 11 പേര്‍ പിന്തുണച്ചപ്പോള്‍ നൂറില്‍ 72 സെനറ്റര്‍മാരും പ്രമേയം മാറ്റിവെക്കാന്‍ വോട്ട് ചെയ്യുകയായിരുന്നു.

ഇസ്രഈലിനുള്ള സുരക്ഷാ സഹായത്തില്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്ന പ്രമേയത്തിനെതിരെ വൈറ്റ് ഹൗസ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിലവില്‍ യുദ്ധവിമാനങ്ങള്‍ മുതല്‍ ഗസയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന കാഠിന്യമേറിയ ബോംബുകള്‍ വരെ ഓരോ വര്‍ഷവും അമേരിക്ക ഇസ്രഈലിന് നല്‍കുന്നുണ്ട്. ഏകദേശം 3.8 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം.

അതേസമയം പ്രമേയം തള്ളിപ്പോയത് കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനതക്ക് നേരെയുള്ള വിവേചനമാണെന്ന് ഏതാനും ഡെമോക്രാറ്റ് സെനറ്റമാര്‍ അഭിപ്രായപ്പെട്ടു. ഉപാധികള്‍ ഇല്ലാതെ ഇസ്രഈലിന് യു.എസ് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ കനത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അമേരിക്കയുടെ സഹായം മനുഷ്യാവകാശങ്ങള്‍ക്കും തങ്ങളുടെ സ്വന്തം നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പുവരുത്തണമെന്ന് പ്രമേയത്തെ പിന്തുണക്കുന്ന സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 24,448 ആയി വര്‍ധിച്ചുവെന്നും 61,504 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: The US Senate has rejected a resolution to impose conditions on aid to Israel

We use cookies to give you the best possible experience. Learn more