| Sunday, 7th January 2024, 11:41 pm

ഫലസ്തീനികളെ ഇസ്രഈല്‍ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ അമേരിക്ക ശക്തമായി എതിര്‍ക്കുന്നു: യു.എസ് സ്റ്റേറ്റ് സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമ്മാന്‍: അധിനിവേശ നഗരങ്ങളില്‍ നിന്ന് ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുവെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ളയ്ക്ക് ഉറപ്പ് നല്‍കി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍. ജോര്‍ദാന്‍ രാജാവും ആന്റണി ബ്ലിങ്കെനും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് ഈ ഉറപ്പുനല്‍കല്‍.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ജോര്‍ദാന്‍ രാജാവ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗസയിലെ വാസസ്ഥലങ്ങള്‍ നശിപ്പിച്ചും ഫലസ്തീനികളെ പട്ടിണിയിലേക്ക് തള്ളിവിട്ടും ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

വെസ്റ്റ് ബാങ്കില്‍ നിന്നും ഗസയില്‍ നിന്നും ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതിനെതിരെയുള്ള അമേരിക്കയുടെ എതിര്‍പ്പും തീവ്രവാദ കുടിയേറ്റക്കാരുടെ അക്രമങ്ങളില്‍ നിന്ന് ഫലസ്തീനികളെ സംരക്ഷിക്കേണ്ടതിന്റെ നിര്‍ണായക ആവശ്യവും ചര്‍ച്ചയില്‍ ബ്ലിങ്കെന്‍ ഊന്നിപ്പറഞ്ഞു.

അതേസമയം വെസ്റ്റ്ബാങ്കില്‍ ഇസ്രഈല്‍ സൈനികരുടെ വെടിയേറ്റ് നാല് വയസുള്ള ഒരു പെണ്‍കുട്ടിയും ഒരു സ്ത്രീയുമുള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടാതെ ജെറുസലേമിലെ ചെക്ക്‌പോസ്റ്റ് കടക്കുന്നതിനിടെ ഇസ്രഈല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ട് വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഒരേ വാഹനത്തിലുണ്ടായിരുന്ന ഒരു പുരുഷനും സ്ത്രീക്കും പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 22,722 ആയി വര്‍ധിച്ചുവെന്നും 58,166 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 113 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: The US Secretary of State says that the United States strongly opposes the forced displacement of Palestinians by Israel

We use cookies to give you the best possible experience. Learn more