| Thursday, 2nd May 2024, 8:08 am

ഇസ്രഈലിനെ കുറിച്ചന്വേഷിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് അധികാരമില്ല: അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രഈലിനെ കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് അധികാരമില്ലെന്ന് അമേരിക്ക. യുദ്ധം ഏഴ് മാസത്തിനോട് അടുക്കുകയാണെന്നും ഈ വിഷയത്തില്‍ ഐ.സി.സിക്ക് ഇടപെടാന്‍ അധികാരമില്ലെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇസ്രഈല്‍ സേനയായ ഐ.ഡി.എഫ് ഗസയില്‍ നടത്തിയ സൈനിക നടപടികളില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പ്രസ്താവന.

‘ഏറ്റവും പ്രധാനപ്പെട്ട ചില മേഖലകളില്‍ യു.എസ് ഐ.സി.സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഉക്രൈയിന്‍, ഡാര്‍ഫര്‍, സുഡാന്‍ എന്നീ മേഖലകളില്‍ കോടതി നടത്തുന്ന പ്രവര്‍ത്തനങ്ങളോട് അമേരിക്ക സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇസ്രാഈല്‍ വിഷയങ്ങള്‍ ഐ.സി.സിയുടെ അധികാരപരിധയില്‍ വരുന്നതല്ല, ക്ഷമിക്കണം,’ വേദാന്ത് പട്ടേല്‍ പറഞ്ഞു.

അന്വേഷണത്തിന് ഉത്തരവിട്ടാല്‍ ഗസയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ നിന്ന് ഇസ്രഈലി സര്‍ക്കാര്‍ പിന്മാറുമെന്ന് ജി7 രാജ്യങ്ങള്‍ കോടതിയെ സ്വകാര്യമായി അറിയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ടൈംസ് ഓഫ് ഇസ്രഈലിന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രധാനമന്ത്രി നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ഹെര്‍സി ഹലേവി എന്നിവരെ ഐ.സി.സി ലക്ഷ്യമിടുന്നതായാണ് സൂചന.

അതേസമയം ഫലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസിനെ നിര്‍വീര്യമാക്കുന്നത് വരെ ഇസ്രഈല്‍ സൈന്യം തങ്ങളുടെ സൈനിക നടപടികള്‍ അവസാനിപ്പിക്കില്ലെന്നും ഗസ ഇനി ഒരിക്കലും ഇസ്രഈലിന് ഭീഷണി ഉയര്‍ത്തില്ലെന്നും നെതന്യാഹു റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ചു.

ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് ഇസ്രഈലിന്റെ ആക്രമണത്തില്‍ 34,568 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ സൈന്യം 33 ഫലസ്തീനികളെ കൊലപ്പെടുത്തുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.

Content Highlight: The US says the International Criminal Court has no jurisdiction to investigate Israel

We use cookies to give you the best possible experience. Learn more