| Saturday, 6th April 2024, 4:29 pm

'ഞങ്ങള്‍ ജാഗ്രതയിലാണ്'; അമേരിക്കയെ തിരിച്ചടിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ ജീവനക്കാര്‍ക്കെതിരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ തങ്ങളെ തിരിച്ചടിക്കാന്‍ ഒരുങ്ങുകയാണെന്ന് യു.എസ് ഉദ്യോഗസ്ഥന്‍. അമേരിക്ക പൂര്‍ണമായും ജാഗ്രതയിലാണെന്നും ഇറാന്‍ യു.എസിന്റെ ആസ്തികള്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വരുന്ന ആഴ്ചയില്‍ ഇറാന്‍ യു.എസിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ സാധിക്കുന്നതല്ലെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

തിരിച്ചടിക്കുന്നതിനായി ഇറാന്‍ പദ്ധതിയിടുന്നതായി യു.എസിന്റെ രഹസ്യാന്വേഷ വിഭാഗവും അറിയിച്ചു. ആക്രമണത്തിനായി ഇറാന്‍ ഷാഹെദ് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തിരിച്ചടിക്കാനും പ്രതികരിക്കാനുമുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഇറാന്‍ വ്യക്തമാക്കി. തിരിച്ചടി ഇസ്രഈല്‍ അതിക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന അമേരിക്കയുടെ മുഖത്തേല്‍ക്കുന്ന പ്രഹരമായിരിക്കുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടാതെ ഇസ്രഈലും തങ്ങളും തമ്മിലുള്ള വിഷയത്തില്‍ അമേരിക്ക ഇടപെടല്‍ നടത്താതെ മാറിനില്‍ക്കണമെന്നും ഇവരാണ് ആവശ്യപ്പെട്ടു.

സിറിയയിലെ ഇറാനിയന്‍ എംബസിക്ക് നേരെയുള്ള ഇസ്രഈല്‍ ആക്രമണം ഒരു വഴിത്തിരിവാണെന്നും ഇറാന്റെ തിരിച്ചടി അനിവാര്യമാണെന്നും ഹിസ്ബുള്ള മേധാവി ഹസന്‍ നസ്റല്ല പറഞ്ഞു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന്റെ ഭീഷണിയെക്കുറിച്ച് ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Content Highlight: The US official says that Iran is planning to retaliate against the United States

We use cookies to give you the best possible experience. Learn more