വാഷിങ്ടണ്‍: ഇസ്രഈലിന് ബില്യണ്‍ കണക്കിന് ബോംബുകളും യുദ്ധവിമാനങ്ങളും കൈമാറാന്‍ അമേരിക്ക അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രഈലി സൈന്യം ആക്രമണം വ്യാപിപ്പിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ തീരുമാനം. ഡോളര്‍ വിലമതിക്കുന്ന ആയുധങ്ങളാണ് ഇസ്രഈലിന് കൈമാറാന്‍ നിലവില്‍ യു.എസ് തീരുമാനിച്ചിരിക്കുന്നത്.
1,800 എം.കെ84 2,000 പൗണ്ട് ബോംബുകളും 500 എം.കെ82 500 പൗണ്ട് ബോംബുകളും 25 എഫ്35 ഉം ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഇസ്രഈലിന് അമേരിക്ക നല്‍കുന്നതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2008ലെ പാക്കേജിന്റെ ഭാഗമായാണ് ആയുധങ്ങള്‍ കൈമാറുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനുപുറമെ ഇസ്രഈലിന് 3.8 ബില്യണ്‍ ഡോളര്‍ വാര്‍ഷിക സൈനിക സഹായമാണ് യു.എസ് നല്‍കിവരുന്നത്. ആയുധങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ സ്വയം പ്രതിരോധിക്കാനുള്ള ഇസ്രഈലിന്റെ അവകാശത്തെ തങ്ങള്‍ തുടര്‍ന്നും പിന്തുണക്കുമെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം യു.എസിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഗസയില്‍ ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ അമേരിക്കക്ക് വലിയ പങ്കുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ ഇസ്രഈലിന്റെ ആക്രമണം ഫലസ്തീനില്‍ നിന്ന് അതിന്റെ അയല്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇസ്രഈല്‍ സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ സിറിയന്‍ സൈനികരും ഹിസ്ബുള്ളയിലെ അംഗങ്ങളും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പട്ടവരില്‍ കൂടുതലും സൈനികരാണെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായതെന്ന് സിറിയയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയന്‍ പ്രവിശ്യയായ അലപ്പോയുടെ നിരവധി ഗ്രാമ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Content Highlight: The US has reportedly approved the transfer of billions in bombs and fighter jets to Israel