| Thursday, 26th January 2023, 8:24 am

'ഞങ്ങള്‍ പത്രസ്വാതന്ത്ര്യത്തിനൊപ്പം'; ബി.ബി.സി ഡോക്യുമെന്ററിയുടെ ഇന്ത്യയിലെ വിലക്കില്‍ ഒടുവില്‍ പ്രതികരിച്ച് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ബി.ബി.സിയുടെ ‘ഇന്ത്യ, ദ മോദി ക്വസ്റ്റിയന്‍'(India: The Modi Question) എന്ന ഡോക്യുമെന്ററി സീരീസിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഒടുവില്‍ പ്രതികരിച്ച് അമേരിക്ക.

ബി.ബി.സി ഡോക്യുമെന്ററിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത് പത്രസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാനും ലോകമെമ്പാടും അത് പ്രചരിപ്പിക്കേണ്ട സമയമാണെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ്(Ned Price) പറഞ്ഞു.

‘ലോകമെമ്പാടുമുള്ള സ്വതന്ത്രമാധ്യമങ്ങളെ അമേരിക്ക പിന്തുണക്കും. അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്ത്വങ്ങള്‍ ഉയര്‍ത്തിക്കാട്ടേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്.

അഭിപ്രായ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യ തത്വങ്ങളെ ഞങ്ങള്‍ ഉയര്‍ത്തിക്കാണിക്കും. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ഇത് കാരണമാകും. ഞങ്ങളോട് ബന്ധമുള്ള ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളോടും ഞങ്ങളിത് പറയാറുണ്ട്. ഇന്ത്യയുടെ കാര്യത്തിലും അത് പ്രതീക്ഷിക്കുന്നു,’ പ്രൈസ് പറഞ്ഞു.

ഡോക്യുമെന്ററിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് നേരത്തെ അവഗണിച്ചിരുന്നു.

‘നിങ്ങള്‍ പറയുന്ന ഈ ഡോക്യുമെന്ററിയെ കുറിച്ച് എനിക്കറിയില്ല. പക്ഷെ ഇന്ത്യക്കും അമേരിക്കക്കുമുള്ള പൊതു താല്‍പര്യങ്ങളെ കുറിച്ച് എനിക്ക് നന്നായറിയാം.

രാഷ്ട്രീയപരമായും സാമ്പത്തികപരമായും ഇന്ത്യയും അമേരിക്കയും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിനും അമേരിക്കന്‍ ജനാധിപത്യത്തിനും പൊതുവായ മൂല്യങ്ങളാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ഞങ്ങള്‍ നോക്കുന്നത്,’ എന്നായിരുന്ന നെഡ് പ്രൈസ് (Ned Price) നേരത്തെ പറഞ്ഞിരുന്നത്.

യു.എസിലുള്ള ഇന്ത്യന്‍ വോട്ടര്‍മാരെ ഇത്തരം നിലപാടുകളും വിദേശ നയങ്ങളും ബാധിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന പ്രതിപക്ഷ എം.പിയുടെ ചോദ്യത്തിന് ‘ഞാന്‍ ഇത്തരം രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കുന്നില്ല’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിക്കൊണ്ട് അടുത്ത ചോദ്യത്തിലേക്ക് കടക്കുകയാണ് നെഡ് പ്രൈസ് ചെയ്തിരുന്നത്.

Content Highlight: The US has finally responded to the ban on the BBC documentary in India

We use cookies to give you the best possible experience. Learn more