| Thursday, 20th July 2023, 5:45 pm

14 ഇറാഖി ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: 14 ഇറാഖി ബാങ്കുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. അഴിമതിയും ഇറാഖിലേക്കുള്ള ഡോളര്‍ കടത്തും തടയുന്നതിനായാണ് നിരോധനം. യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റും ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കും ബുധനാഴ്ചയാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

കള്ളപ്പണം വെളുപ്പിക്കലും വ്യാജ ഇടപാടുകളും നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖിലെ വ്യാജ യു.എസ് ഡോളര്‍ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് വാഷിങ്ടണിന്റെ നിരോധനം.

ഇറാഖിലെ പ്രതിദിന കറന്‍സി ലേലത്തില്‍ ഡോളറുകള്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന വിദേശ പണത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള പരിശോധനകള്‍ യു.എസ് ഫെഡറല്‍ റിസര്‍വ് കര്‍ശനമാക്കിയിട്ടുണ്ട്. യു.എസ് ഡോളര്‍ ഇറാഖിലെ രണ്ടാമത്തെ കറന്‍സിയാണ്. ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കിലാണ് സര്‍ക്കാര്‍ ഇവ സൂക്ഷിക്കുന്നത്.

ഇവ ദിനാറുകളായി മാറ്റുന്നതിന് ഫെഡറില്‍ ബാങ്കില്‍ നിന്നും ഇറാഖ് സെന്റര്‍ ബാങ്ക് ഡോളറുകള്‍ക്ക് അപേക്ഷ നല്‍കുന്നു. ഇവയാണ് പിന്നീട് സ്വകാര്യ ബാങ്കുകള്‍ക്കും കറന്‍സി എക്‌സ്‌ചേഞ്ച് പോലെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കും പ്രതിദിന ഡോളര്‍ ലേലത്തിലൂടെ വില്‍ക്കുന്നത്.

കറന്‍സി കൂടുതല്‍ ലഭിക്കുന്നതിനായി ഇറാഖ് ലേലത്തില്‍ കൃത്രിമം കാണിക്കുന്നതായി യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡോളറുകള്‍ നിശ്ചിത നിരക്കില്‍ വാങ്ങി അവ തെരുവുകളില്‍ ഉയര്‍ന്ന നിരക്കില്‍ വില്‍ക്കുന്നതായും ഉദ്യോഗസ്ഥര്‍ കരുതുന്നു.

കഴിഞ്ഞ വര്‍ഷം ശരാശരി 200 മില്യണ്‍ ഡോളറാണ് ലേലത്തിലൂടെ സ്വകാര്യ ബാങ്കുകള്‍ക്കും കമ്പനികള്‍ക്കും വിറ്റത്.

എന്നാല്‍ യു.എസ് പരിശോധനകള്‍ ശക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷത്തിലെ അവസാന രണ്ട് മാസങ്ങളിലായി ഇവ കുത്തനെ താഴ്ന്നു. ഡിസംബര്‍ അവസാനത്തോടെ ശരാശരി 56 മില്യണ്‍ ആയി ഇവ കുറഞ്ഞു.

നിയന്ത്രണങ്ങള്‍ മൂലം ദിനാറിന്റെ മൂല്യം ഇടിയുന്നതിന് വഴിവെച്ചു. ഇറക്കുമതി ചെയ്ത വസ്തുക്കളുടെ വിലവര്‍ധനവിനും ഇത് കാരണമായി. കറന്‍സി പ്രതിസന്ധി മൂലം രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ നടന്നു.

Content Highlight: The US has blacklisted 14 Iraqi banks

We use cookies to give you the best possible experience. Learn more