| Monday, 29th April 2024, 12:08 pm

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ അടിപതറി അമേരിക്ക; ക്യാമ്പസുകളില്‍ ആന്റി-സെമിറ്റിക്ക് മോണിറ്ററുകള്‍ സ്ഥാപിക്കാന്‍ യു.എസ് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ ആന്റി-സെമിറ്റിക്ക് മോണിറ്ററുകള്‍ സ്ഥാപിക്കാനൊരുങ്ങി യു.എസ് കോണ്‍ഗ്രസ്. യൂണിവേഴ്‌സിറ്റികളിലെ ജൂത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് രണ്ട് യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ മുഴുവന്‍ സമയവും ക്യാമ്പസുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ കരട് ബില്‍ അവതരിപ്പിച്ചു.

ന്യൂയോര്‍ക്ക് പ്രതിനിധികളായ റിച്ചി ടോറസ് (ഡെമോക്രാറ്റ്), മൈക്ക് ലോലര്‍ (റിപ്പബ്ലിക്കന്‍) എന്നിവരാണ് ബില്‍ അവതരിപ്പിച്ചത്. തങ്ങളുടെ കോളേജ് ക്യാമ്പസുകളില്‍ വര്‍ധിച്ചുവരുന്ന ജൂത വിരുദ്ധത ഒരു പ്രധാന ആശങ്കയാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മൈക്ക് ലോലര്‍ പറഞ്ഞു.

ജൂത വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റർമാരിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും സുരക്ഷക്കായി ഈ വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസിന്റെ പിന്തുണ മാത്രമേ മുന്നില്‍ കാണുന്നുള്ളുന്നുവെന്നും റിച്ചി ടോറസ് പ്രതികരിച്ചു.

ഫെഡറല്‍ പണം സ്വീകരിക്കുന്ന യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ജൂത വിരുദ്ധ മോണിറ്ററുകള്‍ സ്ഥാപിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് ചുമതല നല്‍കുമെന്ന് ബില്ലില്‍ പറയുന്നു.

ജൂത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കഴിയാത്ത ക്യാമ്പസുകള്‍ക്ക് നല്‍കുന്ന ധനസഹായം റദ്ദാക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു. യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതിന് വ്യാപകമായി വിദ്യാര്‍ത്ഥികള്‍ അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ബില്‍ അവതരണം.

ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ ഓരോ യൂണിവേഴ്സിറ്റിയും ഈ വിഷയത്തില്‍ കൈവരിച്ച പുരോഗതിയെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് മൂന്ന് മാസങ്ങള്‍ കൂടുമ്പോള്‍ പുറത്തുവിടുമെന്നും ബില്‍ പറയുന്നു.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങളാണ് ബില്‍ അവതരണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു. സമീപ ആഴ്ചകളില്‍ തുടക്കം കുറിച്ച യു.എസിലെ വിദ്യാര്‍ത്ഥി സമരങ്ങള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ സാഹചര്യത്തില്‍ കൂടിയാണ് നേതാക്കള്‍ ഇസ്രാഈല്‍ നിലപാടില്‍ അരക്ഷിതാവസ്ഥയിലായത്.

Content Highlight: The US Congress is about to install anti-Semitic monitors at American universities

We use cookies to give you the best possible experience. Learn more