|

സുരേഷ് ഗോപിക്ക് മറുപടി; മണ്ണിനെ സമ്പന്നമാക്കിയ അടിസ്ഥാന ജനവിഭാഗങ്ങളാണ് ഉന്നതകുലജാതര്‍: പി.രാമഭദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂര്‍: പ്രകൃതിയെ ചൂഷണം ചെയ്യാതെ മണ്ണിനെ സമ്പന്നമാക്കിയ അടിസ്ഥാന ജനവിഭാഗങ്ങളാണ് ഉന്നതകുലജാതരെന്ന് കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പി.രാമഭദ്രന്‍. കേരള ദളിത് മഹിള ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന ജനവിഭാഗത്തെ അടിമകളാക്കി സാമൂഹികധാരയില്‍ നിന്നും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും സമൂഹത്തിന്റെ സമ്പത്ത് കയ്യടക്കുകയും ചെയ്ത രാജകുടുംബങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരെ ഉന്നതകുലജാതര്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുകയും അവര്‍ക്കുമേല്‍ അധികാര പ്രയോഗം നടത്തി സമ്പത്തുണ്ടാക്കി ജീവിച്ചവരെ അധമകുല ജാതരെന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ണില്‍ അധ്വാനിച്ച് സമൂഹത്തിന മുഴുവനും ഭക്ഷണം നല്‍കിയ അടിസ്ഥാന ജനതയെ നിരന്തരമായി അപമാനിക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍, അവര്‍ക്ക് ഇപ്പോഴും മനുഷ്യരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന്റെ തെളിവാണെന്നും പി.രാമഭദ്രന്‍ പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തെ ദുര്‍ഭലപ്പെടുത്തുന്ന നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും പി.രാമഭദ്രന്‍ പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഉന്നതകുലജാതര്‍ പരാമര്‍ശത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള വിവാദങ്ങളാണ് ഉയര്‍ന്നിരുന്നത്. ഗോത്രകാര്യ വകുപ്പ് ഉന്നത കുലജാതരാണ് കൈകാര്യം ചെയ്യേണ്ടതെന്നും എങ്കിലേ ആ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് പുരോഗതിയുണ്ടാകൂവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു.

തനിക്ക് ആ വകുപ്പ് കൈകാര്യം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും താന്‍ ഇക്കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ദല്‍ഹിയിലെ മയൂര്‍ വിഹാറില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവേയായിരുന്നു പരാമര്‍ശം.

സിവില്‍ ഏവിയേഷന്‍ വകുപ്പ് തനിക്ക് വേണ്ടെന്നും തന്നെ ട്രൈബല്‍ വകുപ്പിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ട്രൈബല്‍ വകുപ്പ് മന്ത്രി ഒരിക്കലും ട്രൈബല്‍ വിഭാഗത്തിന് പുറത്തുള്ളവരാകില്ല എന്നത് നമ്മുടെ നാടിന്റെ ശാപമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രൈബല്‍ വകുപ്പിന്റെ മന്ത്രിയാകേണ്ടത് ബ്രാഹ്‌മിണ്‍, നായിഡു വിഭാഗത്തില്‍പ്പെട്ട ഉന്നതകുലജാതരാകണമെന്നും എങ്കില്‍ ആ സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും സുരേഷ് ഗോപി പരാമര്‍ശിച്ചിരുന്നു.

Content Highlight: The upper classes are the basic people who enriched the soil without exploiting the nature: P. Ramabhadran