മാസ് സിനിമകളുടെ അഭാവമാണ് മലയാള സിനിമക്കെതിരെ ഇന്ന് ഏറ്റവുമധികം ഉന്നയിക്കപ്പെടുന്ന ഒരു വിമര്‍ശനം. കന്നഡ സിനിമ ഉള്‍പ്പെടെ ഇന്ത്യ മുഴുവനും ശ്രദ്ധിക്കപ്പെടുന്ന മാസ് സിനിമകള്‍ നിര്‍മിക്കുമ്പോള്‍ മലയാളം ഇന്‍ഡസ്ട്രി ഇപ്പോഴും കണ്ടന്റില്‍ മാത്രം ശ്രദ്ധിക്കുകയാണെന്ന പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ട്.
എന്നാലിനി മലയാളത്തിലെ മുന്‍നിര താരങ്ങളുടെ ബിഗ് ബജറ്റ് സിനിമകള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. അടുത്തിടെ ഇത്തരത്തില്‍ ഹൈപ്പുയര്‍ന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്തയാണ്. അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗോകുല്‍ സുരേഷും ഒരു പ്രധാനകഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയാവുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ കുറച്ച് നാളുകളായി വലിയ ഹൈപ്പാണ് ചിത്രം ഉയര്‍ത്തിയിരുന്നത്. 2021 ജൂലൈ 28ന് ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് കിങ് ഓഫ് കൊത്തയുടെ ആദ്യപോസ്റ്റര്‍ പുറത്ത് വരുന്നത്. ഈ പോസ്റ്റര്‍ അന്ന് തന്നെ തരംഗമായി. ഒറ്റ പോസ്റ്റര്‍ കൊണ്ട് തന്നെ ചിത്രത്തിന് മേല്‍ പ്രതീക്ഷകളുയര്‍ന്നു.
ദുല്‍ഖര്‍ തന്നെയായിരുന്നു നായകനായി മനസിലുണ്ടായിരുന്നതെന്നും പ്രണയവും പാട്ടുകളും എല്ലാം ഉള്ള ഒരു ഗാങ്ങ്സ്റ്റര്‍ സിനിമയാണിതെന്നുമാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിലാഷ് ജോഷി പറഞ്ഞത്.
ആദ്യ പോസ്റ്റര്‍ പുറത്ത് വന്ന് ഒരു വര്‍ഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാമത്തെ പോസറ്റര്‍ ഒക്ടോബര്‍ ഒന്നിന് പുറത്ത് വന്നിരുന്നു. അതും സോഷ്യല്‍ മീഡിയയില്‍ വലിയ ചലനമാണ് ഉണ്ടാക്കിയത്. സീതാ രാമത്തിന് ശേഷം പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉയര്‍ന്ന ദുല്‍ഖറിന്റെ സ്റ്റാര്‍ വാല്യുവും ചിത്രത്തിന് ഗുണം ചെയ്യും.
പൃഥ്വിരാജിന്റേതായി ഉടന്‍ വരുന്ന ബിഗ് ബജറ്റ് ചിത്രം കാളിയനാണ്. പൃഥ്വിരാജിന്റെ പിറന്നാള്‍ ദിനത്തില്‍ കാളിയന്‍ ടീം പുറത്തിറക്കിയ പോസ്റ്റര്‍ ശ്രദ്ധേയമായിരുന്നു. കുതിരപ്പുറത്തിരിക്കുന്ന പോരാളിയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിഞ്ഞത്. പൃഥ്വിരാജ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും വലിയ ബജറ്റ് ചിത്രമാണ് ‘കാളിയന്‍’.
വേണാട് പടനായകന്‍ ഇരവിക്കുട്ടി പിള്ളയുടെ യോദ്ധാവും വിശ്വസ്തനുമായ കാളിയന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നത്. കാളിയന്‍ ഒരു ഇതിഹാസ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ തെക്കന്‍ നാടോടിക്കഥകളെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമാണിത്. ഇരവിക്കുട്ടി പിള്ളയുടെ വീരഗാഥകള്‍ തെക്കന്‍ പാട്ടുകളില്‍ വാഴ്ത്തപ്പെട്ടിട്ടുണ്ട്, പതിനേഴാം നൂറ്റാണ്ടിലെ വേണാട് സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലൊന്നാണിത്.
മലയാളസിനിമയില്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും എന്നാല്‍ കാര്യമായ അപ്‌ഡേറ്റുകളൊന്നും തരാത്തതുമായ ചിത്രമാണ് ബിലാല്‍. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുക്കെട്ടിലൊരുങ്ങിയ ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ഇത്.
മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാനും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ലൂസിഫര്‍ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ്. ചിത്രം 2023 പകുതിയോടെ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ടൊവിനോ തോമസ് നായകനായി ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. നവാഗതനായ ജിതിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ വിഷ്വലൈസേഷന്‍ വീഡിയോ ശ്രദ്ധേയമായിരുന്നു.
ടോവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം പൂര്‍ണമായും ത്രീഡിയിലാണ് ഒരുങ്ങുന്നത്. ആക്ഷനും അഡ്വഞ്ചറിനും ഏറെ സാധ്യതയുള്ള ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. പല കാലഘട്ടങ്ങളിലൂടെ മുന്നേറുന്ന ഒരു അഡ്വഞ്ചര്‍ സാഗയാണ് ചിത്രമെന്നാണ് അണിയറക്കാര്‍ ചിത്രത്തിനെ വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍.
Content Highlight: the upcimming big budget movies of Malayalam’s top stars