ലഖ്നൗ: മഹാ കുംഭമേളക്കിടെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍. കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പി സര്‍ക്കാര്‍ നദിയില്‍ വലിച്ചെറിഞ്ഞെന്ന് ജയ ബച്ചന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയ ബച്ചന്‍.
യു.പി സര്‍ക്കാരിന്റെ നടപടിയെ തുടര്‍ന്ന് നദിയിലെ ജലം മലിനമായെന്നും ജയ ആരോപിച്ചു. യഥാര്‍ത്ഥ പ്രശ്നം അഭിസംബോധന ചെയ്യപ്പെടുന്നില്ലെന്നും ജയ ബച്ചന്‍ പറഞ്ഞു. സാധാരണക്കാര്‍ക്കായി കുംഭമേളയില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.
വി.ഐ.പികള്‍ക്കാണ് കുംഭമേളയില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നതെന്നും സാധാരണക്കാരെ ശ്രദ്ധിക്കുന്നില്ലെന്നും പിന്തുണക്കുന്നില്ലെന്നും ജയ ബച്ചന്‍ പ്രതികരിച്ചു. മഹാകുംഭമേളയിലേക്ക് കോടിക്കണക്കിന് ആളുകള്‍ എത്തിയെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം എസ്.പി എം.പി തള്ളുകയും ചെയ്തു.
എങ്ങനെയാണ് ഈയൊരു സ്ഥലത്ത് അത്രയും ആളുകള്‍ ഒത്തുകൂടുകയെന്നും ജയ ബച്ചന്‍ ചോദിച്ചു. കണ്ണില്‍ പൊടിയിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ചുറ്റും നടക്കുന്നതെന്നും ജയ ബച്ചന്‍ പറഞ്ഞു. തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ കൃത്യമായ എണ്ണം പുറത്തുവിടണമെന്നും എം.പി ആവശ്യപ്പെട്ടു.
വിഷയം പാര്‍ലമെന്റില്‍ സംസാരിക്കണമെന്നും സത്യം പറയണമെന്നും ജയ ബച്ചന്‍ പറഞ്ഞു. മഹാ കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 30 പേരാണ് മരണപ്പെട്ടത്. യു.പി സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാണ് ഇത്.
മൗനി അമാവാസി ദിനത്തില്‍ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെയാണ് അപകടം ഉണ്ടായത്. ബാരിക്കേഡ് തകര്‍ന്നത് അപകടത്തിന് കാരണമായെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തെ തുടര്‍ന്ന്, കുംഭമേളക്ക് എത്തിയ വി.ഐ.പികളിലേക്ക് സുരക്ഷാ സന്നാഹം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വലിയ ദുരന്തത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. കുംഭമേളയില്‍ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും ചികിത്സാ സൗകര്യങ്ങളും ഇല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറമെ ത്രിവേണി സംഗമത്തിന്റെ തീരത്തുള്ള മലിനീകരണം ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഇന്‍ഫ്‌ലുവന്‍സര്‍ നിധി ചൗധരിക്കെതിരെ രൂക്ഷമായ വിമര്‍ശനവും അതേസമയം അനുകൂല പ്രതികരണവുമുണ്ടായിരുന്നു.
തുറന്ന മലമൂത്ര വിസര്‍ജനം, നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, അഴുകിയ പൂക്കള്‍, മാലകള്‍ എന്നിവയായിരുന്നു വീഡിയോയിലെ ദൃശ്യങ്ങള്‍. പിന്നാലെ പൊതുജനാരോഗ്യത്തിന് ദോഷമുണ്ടാകുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയും ആവശ്യപ്പെട്ടിരുന്നു.
Content Highlight: The UP government dumped the corpses of those who died during the Kumbh Mela into the river and polluted it; Jaya Bachchan with allegations