അനധികൃത കയ്യേറ്റമെന്ന് പരാതി; യു.പിയില്‍ വനഭൂമിയില്‍ നിര്‍മിച്ച പള്ളി ബുള്‍ഡോസ് ചെയ്തു
national news
അനധികൃത കയ്യേറ്റമെന്ന് പരാതി; യു.പിയില്‍ വനഭൂമിയില്‍ നിര്‍മിച്ച പള്ളി ബുള്‍ഡോസ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th August 2024, 7:54 pm

ലഖ്നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ വനഭൂമിയില്‍ നിര്‍മിച്ച പള്ളി ബുള്‍ഡോസ് ചെയ്ത് യു.പിയിലെ ജില്ലാ ഭരണകൂടം. അനധികൃത കയ്യേറ്റമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പള്ളി അധികൃതര്‍ അനധികൃതമായി ഭൂമി കയ്യേറ്റം ചെയ്തുവെന്നും മതപരിവര്‍ത്തനം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

വനംവകുപ്പും ജില്ലാ ഭരണകൂടവും പൊലീസും ചേര്‍ന്നാണ് പള്ളി ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. അഹ്റൗറ പ്രദേശത്തുള്ള പള്ളിയാണ് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 447-ാം വകുപ്പ് പ്രകാരമാണ് പള്ളി അധികൃതര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അന്വേഷണത്തില്‍ പള്ളി പണിത സ്ഥലം വനം വകുപ്പിന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വനമേഖലയില്‍ താമസിക്കുന്നവര്‍ക്ക് ലാഭകരമായ ഓഫറുകള്‍ നല്‍കി മതം മാറ്റിയെന്ന പരാതിയിലാണ് മിര്‍സാപൂര്‍ പൊലീസ് നടപടിയെടുത്തത്. പരാതിയില്‍ അന്വേഷണം നടത്തിയതിന് ശേഷമാണ് പള്ളി പൊളിക്കാനുള്ള നടപടി സ്വീകരിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അഭിനന്ദന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് നിര്‍ബന്ധിത മത പരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കൂടുതല്‍ സംഘങ്ങളെ നിരീക്ഷിച്ചുവരികയാണെന്നും അഭിനന്ദന്‍ പറഞ്ഞു. സമാനമായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കേസുകളിലെയും നടപടി വേഗത്തിലാക്കുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

ബെല്‍ഖരയിലെ രമാകാന്തും കുഖിയ ജംഗിള്‍ മോഹലിലെ വിനോദ് കുമാറുമാണ് വനംവകുപ്പിന്റെ ഭൂമി അനധികൃതമായി കയ്യേറിയതെന്ന് കണ്ടെത്തിയതായി ചുനാര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് രാജേഷ് വര്‍മ പറഞ്ഞതായും മറ്റു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അന്വേഷണത്തെ തുടര്‍ന്ന് പള്ളി അധികൃതര്‍ ഒരാഴ്ചയ്ക്കകം വനംവകുപ്പിന് സ്ഥലം വിട്ടുനല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രതികള്‍ കോടതി ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് പള്ളി പൊളിക്കാന്‍ മിര്‍സാപൂര്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

Content Highlight: The UP district administration bulldozed a church built on forest land in Uttar Pradesh’s Mirzapur district