കോഴിക്കോട്: രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ജെ.എന്‍.യുവുമായി അഫിലിയേറ്റഡ് ആണെന്ന് പറഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ച കോഴിക്കോട്ടെ മഹാത്മാഗാന്ധി കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്റെ (മാഗ്‌കോം) അവകാശവാദം തെറ്റെന്ന് കണ്ടെത്തല്‍.
രാജ്യത്തെ ആദ്യ ജെ.എന്‍.യു-അഫിലിയേറ്റഡ് ജേണലിസം കോളേജ് എന്ന ടാഗ്‌ലൈനോടെ പ്രവര്‍ത്തിച്ച സ്ഥാപനത്തിന് ജെ.എന്‍.യുവുമായി അക്കാദമിക സഹകരണം മാത്രമാണുള്ളതെന്നും അഫിലിയേഷന്‍ ഇല്ലെന്നും ദ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
മാഗ്‌കോമിന്റെ ബിരുദദാന ചടങ്ങ് ഏപ്രില്‍ 17ന് നടക്കാനിരിക്കവെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് മാഗ്‌കോമിന്റെ ഔദ്യോഗിക ഉപദേഷ്ടാവ് എന്‍. ആര്‍ മധു പറഞ്ഞിരുന്നു.
മാഗ്‌കോമിന്റെ അവകാശവാദത്തിന് വിപരീതമായി ഈ സ്ഥാപനത്തെ അംഗീകൃത ഗവേഷണ സ്ഥാപനം എന്നാണ് ജെ.എന്‍യുവിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഫിലിയേഷന്‍ തെളിയിക്കുന്ന വിവരങ്ങള്‍ ഒന്നും തന്നെ വെബ്‌സൈറ്റിലില്ല.
മാഗ്‌കോം കോളേജിന് പുറമെ ഏഴ് പ്രതിരോധ സ്ഥാപനങ്ങളും 23 ഗവേഷണ സ്ഥാപനങ്ങളും ജെ.എന്‍.യുവിന്റെ അംഗീകൃത സ്ഥാപനങ്ങളുടെ പട്ടികയിലുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജെ.എന്‍.യുവുമായി മാഗ്‌കോം പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ക്കായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇത് അക്കാദമിക് സഹകരണവും വിദഗ്ദ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് മാത്രമാണെന്നും അഫിലിയേഷനുള്ളതല്ലെന്നും ജെ.എന്‍.യുവിലെ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
എന്നാല്‍ പി.ജി ഡിപ്ലോമ ഇന്‍ മാസ് കമ്മ്യൂണിക്കേഷന്‍ കോഴ്സിന് ഒരു വര്‍ഷം നീണ്ടുനിന്ന പ്രക്രിയയിലൂടെയാണ് ജെ.എന്‍.യു അഫിലിയേഷന്‍ നല്‍കിയതെന്നും കഴിഞ്ഞ വര്‍ഷമാണ് അഫിലിയേഷന്‍ ലഭിച്ചതെന്നും കോളജ് ഡയറക്ടര്‍ എ. കെ അനുരാജ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തി.
ആര്‍.എസ്.എസ് അനുബന്ധ മാസികയായ കേസരിയുടെ ചീഫ് എഡിറ്റര്‍ മാഗ്‌കോമിന്റെ ഔദ്യോഗിക ഉപദേഷ്ടാവാണ്. കൂടാതെ കോഴിക്കോട്ടെ കേസരി ഭവനിലാണ് മാഗ്‌കോം പ്രവര്‍ത്തിക്കുന്നത്. ജേണലിസം പി.ജി ഡിപ്ലോമയ്ക്ക് പുറമേ, കണ്ടന്റ് ആന്‍ഡ് ടെക്‌നിക്കല്‍ റൈറ്റിങ്ങിലും മാഗ്‌കോം പി.ജി ഡിപ്ലോമ വാഗ്ദാനം ചെയ്യുന്നുണ്ട്. ജേണലിസത്തില്‍ പി.ജി കോഴ്‌സ് തുടങ്ങാനും സ്ഥാപനം പദ്ധതിയിടുന്നുണ്ട്.
Content Highlight: The university says the claim of the RSS-linked journalism college in Kozhikode that it has JNU affiliation is false