| Saturday, 9th December 2023, 2:33 pm

യു.എന്നിന്റെ ഗസയിലെ വെടിനിര്‍ത്തല്‍ പ്രമേയം; വീറ്റോ ചെയ്ത് അമേരിക്ക, വിട്ടുനിന്ന് യു.കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള യു.എന്‍ രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. പ്രമേയം തടയുന്നതിനായി യു.കെ വിട്ടുനിന്നു. യു.എന്നിലെ 13 അംഗങ്ങള്‍ യു.എ.ഇ അവതരിപ്പിച്ച വെടിനിര്‍ത്തല്‍ പ്രമേയത്തെ അനുകൂലിച്ചു.

ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം പാസാക്കുന്നതിനായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 99 എന്ന പ്രത്യേക വകുപ്പ് പ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഐക്യരാഷ്ട്ര സമിതിയുടെയും സെക്രട്ടറി ജനറലിന്റെയും തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് യു.എന്നിലെ അമേരിക്കന്‍ അംബാസിഡര്‍ റോബേര്‍ഡ് വുഡ് പറഞ്ഞിരുന്നു.

നിലവില്‍ ഇസ്രഈലിന് ഹമാസ് ഒരു ഭീഷണി ആയതിനാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ഇസ്രഈലിനെ നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നാണ് റോബേര്‍ഡ് വുഡ് പറഞ്ഞത്.

ഗസയിലെ നിരന്തരമായ ഇസ്രഈലിന്റെ ബോംബാക്രമണം തടയാനുള്ള തീരുമാനത്തിന് പിന്നില്‍ നമുക്ക് ഒന്നിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങള്‍ ഫലസ്തീനികള്‍ക്ക് അയക്കുന്ന സന്ദേശത്തിന്റെ അര്‍ത്ഥമെന്താണെന്ന് യു.എ.ഇയുടെ ഡെപ്യൂട്ടി യു.എന്‍ അംബാസിഡര്‍ മുഹമ്മദ് അബുഷഹാബ് കൗണ്‍സില്‍ അംഗങ്ങളോട് ചോദിച്ചു.

ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷം അന്താരാഷ്ട്ര സമാധാനത്തേയും സുരക്ഷയേയും കൂടുതല്‍ വഷളാക്കുന്നുവെന്ന് അന്റോണിയോ ഗുട്ടെറസ് സുരക്ഷാ കൗണ്‍സിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. 15 അംഗ സുരക്ഷാ കൗണ്‍സിലിന് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്താനുള്ള ചുമതലയുണ്ടെന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് വ്യക്തമാവുന്നത്.

Content Highlight: The United States vetoed the United Nations ceasefire resolution in Gaza

We use cookies to give you the best possible experience. Learn more