ഇന്റര്‍നാഷ്ണല്‍ ലെവല്‍ മാതൃകയില്‍ 32 ടീമുകള്‍ പങ്കെടുക്കുന്ന ക്ലബ്ബ് ലോകകപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഫിഫ പുറത്തുവിട്ടിരുന്നു. പുതിയ രീതിയില്‍ 2025ല്‍ നടക്കുന്ന പ്രഥമ ടൂര്‍ണമെന്റില്‍ അമേരിക്ക ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ അറിയിച്ചു.
കാനഡക്കും മെക്‌സിക്കോക്കുമൊപ്പം അമേരിക്ക തന്നെയാണ് 2026ലെ ലോകകപ്പിനും ആതിഥേയത്വം വഹിക്കുന്നത്. ഇത് കൂടാതെ 2024ല്‍ നടക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ ടൂര്‍ണമെന്റായ കോപ്പ അമേരിക്കക്കും വേദിയാകുന്നത് അമേരിക്കയാണ്. അതോടെ തൊട്ടടുത്ത വര്‍ഷങ്ങളില്‍ ഫുട്‌ബോള്‍ ലോകം ശ്രദ്ധിക്കുന്ന മൂന്ന് ടൂര്‍ണമെന്റിനാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് വേദിയാകുന്നത്.
സമീപ കാലത്ത് ഫുട്‌ബോളിന്റെ മുഖ്യധാരയിലേക്ക് വരാന്‍ വലിയ ഇന്‍വെസ്റ്റ്‌മെന്റ് അമേരിക്ക നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ പ്രധാന ടൂര്‍ണമെന്റായ മേജര്‍ സോക്കര്‍ ലീഗിലേക്ക് ലോകത്തെ തന്നെ പ്രമുഖ താരങ്ങളെ എത്തിക്കുന്നത്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും മുന്‍ സ്പാനിഷ് താരം സെര്‍ജിയോ ബുസ്‌കറ്റ്‌സും അടുത്ത സീസണില്‍ എം.എല്‍.എസ് കളിക്കാന്‍ അമേരിക്കയിലെത്തും.
അതേസമയം, 2025ല്‍ ക്ലബ്ബ് ലോകകപ്പിനായി റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി എന്നീ ടീമുകള്‍ ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. 2025 ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ക്ലബ് ലോകകപ്പ് നടക്കുക. ഫിഫ കൗണ്‍സിലിന്റെ കഴിഞ്ഞ ദിവസം നടന്ന മീറ്റിങ്ങിലാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാന്‍ യു.എസിനെ തെരഞ്ഞെടുത്തത്.
ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നീ അഞ്ച് പ്രധാന കോണ്‍ഫെഡറേഷനുകളില്‍ 2021 മുതല്‍ 2024 വരെയുള്ള നാല് വര്‍ഷങ്ങളില്‍ ഏതെങ്കിലും ഒരു പ്രാധാന ചാമ്പ്യന്‍ഷിപ്പ് നേടുക എന്നതാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള ക്ലബ്ബുകളുടെ അടിസ്ഥാന യോഗ്യത.
Content Highlight: The United States is hosting massive footballing events over the next three years\