വാഷിംഗ്ണ്‍: റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യയെടുത്ത നിക്ഷ്പക്ഷ നിലപാട് തൃപ്തികരമല്ലെന്നും എന്നാല്‍ റഷ്യയുമായുള്ള ചരിത്രപരമായ ബന്ധം കണക്കിലെടുക്കുമ്പോള്‍ അത് ആശ്ചര്യപ്പെടുത്തുന്നില്ലെന്നും അമേരിക്ക.
വാഷിംഗ്ടണിലെ സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ഇന്‍ഡോ-പസഫിക് ഡയറക്ടര്‍ മിറ റാപ്പ് ഹൂപ്പറാണ് ഇക്കാര്യം പറഞ്ഞത്.
റഷ്യയുമായുള്ള അടുത്ത ബന്ധം തുടരുന്നതിന് ഇന്ത്യക്ക് ബദലുകള്‍ ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.
‘കുറഞ്ഞ പക്ഷം യു.എന്നില്‍ വോട്ടെടുപ്പ് നടത്തുമ്പോള്‍, നിലവിലെ പ്രതിസന്ധിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് തൃപ്തികരമല്ലെന്നുള്ളത് എല്ലാവരും സമ്മതിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ആ നിലപാട് അത്ഭുതപ്പെടുത്തുന്നില്ല,” റാപ്പ് ഹൂപ്പര്‍ പറഞ്ഞു.
യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഉക്രൈനെതിരായ റഷ്യന്‍ നടപടി അപലപിച്ചുകൊണ്ടുള്ള വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.
‘മുന്നോട്ടുള്ള വഴിയില്‍ ഇന്ത്യയെ എങ്ങനെ ഒപ്പം നിര്‍ത്താമെന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. അതിനായി എന്തൊക്കെ ഓപ്ഷനുകള്‍ അവതരിപ്പിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്, അതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്,” അവര്‍ പറഞ്ഞു.
റഷ്യയുമായുള്ള അടുത്ത ബന്ധം തുടരുന്നതിനു പുറമേ, സമീപ കാലങ്ങളില്‍ ഇന്ത്യ അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നു. പ്രതിരോധ മേഖലയില്‍ ഇന്ത്യ വലിയ തോതില്‍ റഷ്യയെ ആശ്രയിക്കുന്നുണ്ട്. ഇതാണ് റഷ്യയുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ ഇന്ത്യയെ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്.
ഉക്രൈന്‍ അധിനിവേശത്തിന് മുമ്പ് യു.എസിന്റെ ശക്തമായ പ്രതിഷേധവും ഉപരോധ ഭീഷണിയും അവഗണിച്ച് റഷ്യയുമായുള്ള എ.സ്-400 വ്യോമ പ്രതിരോധ സംവിധാന കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു.
Content Highlight: The United States has said that India’s neutral stance on Russia and Ukraine is unsatisfactory but not surprising