ബുള്‍ഡോസ് രാജ്; സുപ്രീം കോടതിയിലെ കേസില്‍ കക്ഷിചേരാന്‍ യു.എന്നും
national news
ബുള്‍ഡോസ് രാജ്; സുപ്രീം കോടതിയിലെ കേസില്‍ കക്ഷിചേരാന്‍ യു.എന്നും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th September 2024, 1:38 pm

ന്യൂദല്‍ഹി: രാജ്യത്തുടനീളമായി നടക്കുന്ന ബുള്‍ഡോസ് രാജിനെതിരെ സുപ്രീം കോടതി പരിഗണിച്ച കേസില്‍ കക്ഷിചേരാന്‍ ഐക്യരാഷ്ട്ര സംഘടനയും. ബുള്‍ഡോസ് രാജിനെതിരായ നടപടികളെ അന്താരാഷ്ട്ര തലത്തില്‍ നിന്ന് നിയമപരമായി വീക്ഷിക്കാന്‍ അനുമതി തേടിയാണ് യു.എന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

ബുള്‍ഡോസ് രാജ് മനുഷ്യാവകാശ ലംഘനമാണെന്ന് യു.എന്‍ ഹരജിയില്‍ വ്യക്തമാക്കി. പ്രതികാര ബോധത്തോടെ കുറ്റാരോപിതനാണെങ്കിലും അല്ലെങ്കിലും വീടുകള്‍ തകര്‍ക്കുന്ന നടപടി ശരിയല്ലെന്നും യു.എന്‍ ചൂണ്ടിക്കാട്ടി.

‘അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണ് ബുള്‍ഡോസ് രാജ്. എല്ലാവര്‍ക്കും വീട് എന്നത് അന്താരാഷ്ട്ര നിയമം ഉറപ്പ് നല്‍കുന്ന അവകാശമാണ്. അതുകൊണ്ട് തന്നെ പൊളിക്കല്‍ നടപടി നിയമത്തിന് വിരുദ്ധമാണ്,’ എന്നാണ് യു.എന്‍ അപേക്ഷയില്‍ പറയുന്നത്.

അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളാണെങ്കില്‍ ആദ്യം ചെയ്യേണ്ടത്, നിയമത്തെ സമീപിക്കുക എന്നതാണ്. പകരം വീടുകള്‍ പൊളിച്ചു നീക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെങ്കില്‍ അത് നിയമ ലംഘനമാകുമെന്നും യു.എന്‍ ചൂണ്ടിക്കാട്ടി.

കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുന്നോടിയായി നോട്ടീസ് നല്‍കുക, നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിയമനടപടികളും അധികൃതര്‍ സ്വീകരിക്കേണ്ടതുണ്ടെന്നും യു.എന്‍ അപേക്ഷയില്‍ വ്യക്തമാക്കി.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ആയുധമായാണ് പൊളിക്കല്‍ നടപടി നടപ്പിലാക്കുന്നതെന്നും യു.എന്‍ വിമര്‍ശിച്ചു. ഈ നടപടി ന്യൂനപക്ഷങ്ങളെ തെരുവിലേക്കിറക്കുന്നു. രാജ്യത്ത് ഇത്തരത്തിലുള്ള പ്രവണത ഉണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും യു.എന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടു.

യു.എന്‍ പ്രത്യേക പ്രതിനിധിയായ ഫ്രൊഫസര്‍ ബാലകൃഷ്ണന്‍ രാജഗോപാലാണ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന് കീഴിലുള്ള പദ്ധതികള്‍ ഉറപ്പാക്കുന്ന വിഭാഗത്തിന്റെ പ്രതിനിധിയാണ് ഇദ്ദേഹം.

അതേസമയം ഉത്തര്‍പ്രദേശ്, ദല്‍ഹി, മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുറ്റരോപിതരായവരുടെ സ്വത്തുവകകള്‍ അനധികൃതമായി ബുള്‍ഡോസ് രാജ് ഉപയോഗിച്ച് പൊളിച്ച് മാറ്റുന്നതിനെതിരായ കേസാണ് സുപ്രീം കോടതി പരിഗണിച്ചത്.

തുടര്‍ന്ന് രാജ്യത്ത് ഒക്ടോബര്‍ ഒന്നുവരെ ബുള്‍ഡോസ് രാജ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. പൊതുറോഡുകള്‍, നടപ്പാതകള്‍, ആരാധനാലയങ്ങള്‍ എന്നിവ കൈയേറി നിര്‍മിക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതിനെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അസം, ഗുജറാത്ത് സര്‍ക്കാരുകള്‍ സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് സംസ്ഥാനങ്ങളില്‍ ബുള്‍ഡോസ് രാജ് തുടരുകയാണ്.

Content Highlight: The United Nations also joined the Supreme Court case against Bulldoze Raj