| Tuesday, 13th August 2024, 9:05 pm

2036ഓടെ ഇന്ത്യയിലെ ജനസംഖ്യ 152 കോടി കടക്കും: കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2036ഓടെ ഇന്ത്യയിലെ ജനസംഖ്യ 152.2 കോടി ആകുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം. സ്ത്രീ-പുരുഷ അനുപാതം 952 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര മന്ത്രാലയത്തിന്റെ വുമണ്‍ ആന്റ് മെന്‍ ഇന്ത്യ 2023 റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പ്രതിപാദിക്കുന്നത്.

2011 ല്‍ നടത്തിയ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121, 08,54,977 ആയിരുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം 2036 ഓടെ രാജ്യത്തെ മുഴുവന്‍ ജനസംഖ്യയുടെ 48.8 ശതമാനം സ്ത്രീകളായിരിക്കും. 2011 ല്‍ ഇത് 48.5 ആയിരുന്നു. അതേസമയം 2011 ല്‍ സ്ത്രീ-പുരുഷാനുപാതം 943 ആയിരുന്നെങ്കില്‍ 2036 ഓടെ ഇത് 952 ആയി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

25 വര്‍ഷത്തിനുള്ളില്‍ 60 വയസും അതിന് മുകളില്‍ പ്രായമുള്ളവരുടെ അനുപാതം വര്‍ധിക്കുമെന്നും സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം 15 വയസിന് താഴെയുള്ളവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യുത്പാദന ശേഷി കുറയുന്നതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.

2016 മുതല്‍ 2020 വരെയുള്ള കണക്കുകള്‍ പ്രകാരം 20-24, 25-29 വയസിനുള്ളില്‍ അമ്മയാകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. അതേസമയം 35-39 വയസിനുള്ളില്‍ അമ്മയാവുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.

ജനസംഖ്യ, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക പങ്കാളിത്തം, തീരുമാനങ്ങള്‍ എടുക്കല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സ്ഥിതിഗതികളെ കുറിച്ചും പഠനം വിലയിരുത്തുന്നുണ്ട്.

കഴിഞ്ഞ ഏപ്രിലില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന പദവി ചൈന ഉപേക്ഷിക്കേണ്ടി വരുമെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞിരുന്നു. യു.എന്നിന്റെ വിലയിരുത്തല്‍ പ്രകാരം ഈ നൂറ്റാണ്ടിന്റെ അവസാനം വരെ ഇന്ത്യ ആയിരിക്കും ജനസംഖ്യയില്‍ മുന്‍പന്തിയില്‍ തുടരുക.

Content Highlight: The Union Ministry of Statistics estimates that India’s population will reach 152.2 crore by 2036

We use cookies to give you the best possible experience. Learn more