ന്യൂദല്‍ഹി: ഇസ്രഈലിലെ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകള്‍ ഒഴിവാക്കി സുരക്ഷിത സ്ഥാനത്ത് തുടരണമെന്നും പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച് ജാഗ്രത തുടരണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അടിയന്തര സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനുള്ള ഇമെയില്‍, ഫോണ്‍ നമ്പറുകളും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
‘ഇസ്രഈലിലെ ഇപ്പോഴത്തെ അവസ്ഥയില്‍ അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും അങ്ങേയറ്റം ജാഗ്രതയോടെ ഇരിക്കാനും പ്രാദേശിക അധികൃതര്‍ നല്‍കുന്ന സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാനും ഇതിനാല്‍ നിര്‍ദ്ദേശിച്ചു കൊള്ളുന്നു. ദയവായി ജാഗ്രത പാലിക്കുക. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുക.
അഭയസുരക്ഷാ കേന്ദ്രങ്ങളുടെ സാമീപ്യമുള്ള ഇടങ്ങളില്‍ കഴിയാന്‍ ശ്രമിക്കുക.കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ https://www.oref.org.il/en വെബ്‌സൈറ്റ് നോക്കുക.
അടിയന്തര ആവശ്യങ്ങള്‍ക്ക് +97235226748 എന്ന നമ്പറില്‍ വിളിക്കുകയോ cons1.telaviv@mea.gov.in എന്ന email-ലേക്ക് സന്ദേശം അയയ്ക്കുകയോ ചെയ്യുക. എംബസി ഉദ്യോഗസ്ഥര്‍ നിങ്ങളുടെ സഹായത്തിന് എപ്പോഴും ഉണ്ടായിരിക്കും,’ വിദേശകാര്യ മന്ത്രാലയം പ്രസ്താനയില്‍ പറഞ്ഞു.
ഇസ്രഈലില്‍ ആകെ 18,000 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 6000ഓളം പേര്‍ മലയാളികളാണ്. ആക്രമണത്തെ തുടര്‍ന്ന് മലയാളികള്‍ അടക്കം നിരവധിപേര്‍ ബങ്കറുകളില്‍ അഭയം തേടിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Content Highlight: The Union Ministry of External Affairs issued a warning to Indian citizens in the wake of the war in Israel