| Thursday, 27th April 2023, 9:28 am

സ്വവര്‍ഗ വിവാഹത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികളല്ല: കേന്ദ്ര നിയമ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം പോലെയുള്ള കാര്യങ്ങളില്‍ കോടതികളല്ല അന്തിമമായ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച് കൊണ്ടിരിക്കെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

‘ബുദ്ധിയുള്ള അഞ്ചാളുകള്‍ അവര്‍ക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അതിനനുസരിച്ചുള്ള തീരുമാനമെടുക്കും. ഞാന്‍ അവര്‍ക്കെതിരെ എന്തെങ്കിലും പറയാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ ജനങ്ങള്‍ക്ക് ആ തീരുമാനങ്ങള്‍ വേണ്ടെങ്കില്‍, നിങ്ങള്‍ക്കത് അവര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനാകില്ല,’ കിരണ്‍ റിജിജു പറഞ്ഞു.

സുപ്രീംകോടതിക്ക് നിര്‍ദേശങ്ങള്‍ നല്‍കാമെങ്കിലും വിവാഹം പോലെയുള്ള പ്രധാനപ്പെട്ട കാര്യങ്ങളില്‍ രാജ്യത്തെ ജനങ്ങളാണ് തീരുമാനങ്ങളെടുക്കുന്നതെന്നും റിജിജു പറഞ്ഞു.

‘വിവാഹം പോലെയുള്ള പ്രധാനവും സെന്‍സിറ്റീവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് രാജ്യത്തെ ജനങ്ങളാണ്. സെക്ഷന്‍ 142 പ്രകാരം ചില നിര്‍ദേശങ്ങളും മറ്റും നല്‍കാന്‍ തീര്‍ച്ചയായും കോടതിക്ക് അധികാരമുണ്ട്, അവര്‍ക്ക് വേണമെങ്കില്‍ നിയമങ്ങള്‍ വരെ നിര്‍മിക്കാം, എന്തെങ്കിലും വിടവുകളുണ്ടെങ്കില്‍ അവര്‍ക്കത് പരിഹരിക്കാം, എന്നാല്‍ അത് രാജ്യത്തെ എല്ലാ ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാകുമ്പോള്‍, സുപ്രീംകോടതിയല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്,’ റിജിജു പറഞ്ഞു.

‘ജുഡീഷ്യറിയും ഗവണ്‍മെന്റുമായുള്ള ഒരു തര്‍ക്കത്തിനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഇത് കോടതിക്കും സര്‍ക്കാരിനുമിടയിലെ ഒരു പ്രശ്‌നമല്ല, ഇന്ത്യയിലെ എല്ലാ പൗരരെയും ബാധിക്കുന്ന പ്രശ്‌നമാണ്. ഇത് ജനങ്ങളുടെ ഹിതവുമായി ബന്ധപ്പെട്ട ഒരു ചോദ്യമാണ്. ജനങ്ങളുടെ ഹിതമാണ് പാര്‍ലമെന്റിലും നിയമസഭകളിലും പ്രതിഫലിക്കുന്നത്, കിരണ്‍ റിജിജു കൂട്ടിച്ചേര്‍ത്തു.

ജഡ്ജിമാര്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നവരല്ലെന്നും എന്നാല്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ജനങ്ങളുടെ സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്ക് വിധേയരായി തെരഞ്ഞെടുക്കപ്പെടുന്നവരാണെന്നും റിജിജു പറഞ്ഞു.

‘ജഡ്ജിമാര്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നില്ല. ഒരു ജഡ്ജിയാകാന്‍ വേണ്ടി അവര്‍ പരീക്ഷകളൊന്നുമെഴുതുന്നില്ല. എന്നാല്‍ ഞങ്ങള്‍ എപ്പോഴും ജനങ്ങളാല്‍ വിലയിരുത്തപ്പെടുന്നവരാണ്. ഇവിടെ ഒരു ജഡ്ജിനെ മാറ്റാനുള്ള സംവിധാനമില്ലെങ്കിലും ജഡ്ജിമാരുടെ വിശ്വാസ്യതയുറപ്പിക്കാനുള്ള ഒരു സാധ്യതയുമില്ലെങ്കിലും സമൂഹമാധ്യമങ്ങളുടെ കാലത്ത് എല്ലാം ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന കാര്യം ഞാന്‍ എല്ലാവരെയും ഓര്‍മിപ്പിക്കുകയാണ്,’ കിരണ്‍ റിജിജു പറഞ്ഞു.

നേരത്തെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ആവശ്യത്തിന് പിന്നില്‍ സാമൂഹ്യ സ്വീകാര്യത നേടിയെടുക്കാനുള്ള കേവലമായ നഗര കേന്ദ്രീകൃത വരേണ്യ ബോധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

വിവാഹമെന്നത് വ്യത്യസ്ത ലിംഗങ്ങളില്‍ പെട്ടവര്‍ക്കിടയില്‍ മാത്രമുള്ള ജീവിത സംവിധാനമായി ക്രമീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും (Exclusively Heterogenous Institution), വിവാഹത്തിന് അംഗീകാരം നല്‍കുന്നത് നിയമപരമായ ചുമതലയാണെന്നും ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കുന്നതില്‍ നിന്ന് കോടതി വിട്ട് നില്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: The Union Law Minister said that the courts should not decide on same-sex marriage

We use cookies to give you the best possible experience. Learn more