|

ഗസയിലെത്തിക്കാന്‍ ഭക്ഷണമുണ്ടെങ്കിലും നഗരാതിര്‍ത്തി കടക്കാന്‍ കഴിയുന്നില്ല: യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗസയിലെത്തിക്കാനുള്ള ഭക്ഷണം പക്കലുണ്ടെങ്കിലും ഫലസ്തീന്റെ അതിര്‍ത്തി കടക്കാന്‍ കഴിയുന്നില്ലെന്ന് യു.എന്‍ ഏജന്‍സി. ഇസ്രഈല്‍ അധിനിവേശ നഗരങ്ങളിലെ 2.2 ദശലക്ഷം ആളുകള്‍ക്ക് നല്‍കുന്നതിനായി ഈജിപ്തില്‍ നിന്നും ജോര്‍ദാനില്‍ നിന്ന് വലിയ രീതിയില്‍ ഭക്ഷ്യ സഹായം ലഭ്യമായിട്ടുണ്ടെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.

എന്നാല്‍ ഈ ഭക്ഷ്യ സഹായം ഗസയിലേക്ക് കൈമാറുന്നതിന് നേതൃത്വം നല്‍കുന്ന തങ്ങളുടെ ജീവനക്കാര്‍ ഫലസ്തീന്‍ അതിര്‍ത്തികളില്‍ സുരക്ഷിതരായിരിക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ഡബ്ല്യു.എഫ്.പിയുടെ എമര്‍ജന്‍സി ഡയറക്ടര്‍ സമീര്‍ അബ്ദുല്‍ജാബര്‍ പറഞ്ഞു.

ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി താത്കാലികമായി ഗസയിലേക്കുള്ള ഭക്ഷ്യ സഹായം നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ഫലസ്തീന്‍ പൗരന്മാരുടെ അവസ്ഥ ദാരുണമായ സാഹചര്യത്തിലേക്ക് മാറുന്നതിനാല്‍ തീരുമാനത്തില്‍ മാറ്റം വരുത്തിയെന്നും ഏജന്‍സി അറിയിച്ചു.

നിലവില്‍ ഗാസയുടെ വടക്കന്‍ അതിര്‍ത്തികളിലൂടെ സുരക്ഷിതമായി നഗരത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് യു.എന്‍ ഏജന്‍സിയെന്നും സമീര്‍ അബ്ദുല്‍ജാബര്‍ വ്യക്തമാക്കി. വേഗത്തില്‍ തന്നെ ഈ വഴികളിലൂടെ ഫലസ്തീനികളുടെ അടുത്തേക്ക് എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനുപുറമെ റഫാ അതിര്‍ത്തിയില്‍ സഹായങ്ങളുമായി നിരവധി ട്രക്കുകള്‍ വന്നു കിടക്കുന്നുണ്ടെങ്കിലും സഹായം വിതരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്ന് ഗസയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം വടക്കന്‍ ഗസയില്‍ പട്ടിണിമൂലം രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഗസ സിറ്റിയിലെ അല്‍ഷിഫ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞ് മരണപ്പെട്ടത്. പോഷകഹാരക്കുറവ് മൂലമാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഫലസ്തീനില്‍ ഇസ്രഈല്‍ സേന നടത്തുന്ന നരഹത്യയെ തുടര്‍ന്ന് രാജ്യത്ത് പട്ടിണിയും ശിശു മരണങ്ങളും വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്വാസമെടുക്കാന്‍ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലാണ് കുഞ്ഞ് തങ്ങളുടെ മുന്നില്‍ എത്തിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Content Highlight: The UN World Food Program says it has food to deliver to Gaza but cannot cross the city border