| Tuesday, 26th March 2024, 7:23 am

ഗസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യു.എന്‍; വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗസയില്‍ അടിയന്തിര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യു.എന്‍ രക്ഷാ സമിതി. ആദ്യമായാണ് രക്ഷാ സമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം പാസാകുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ നിന്ന് വീറ്റോ ചെയ്യാതെ അമേരിക്ക വിട്ടുനിന്നു.

രക്ഷാ സമിതിയിലെ താത്കാലിക അംഗങ്ങളാണ് പ്രമേയം അവതരിപ്പിച്ചത്. സമിതിയിലെ 14 അംഗങ്ങള്‍ അനുകൂല നിലപാടെടുത്തതോടെയാണ് പ്രമേയം പാസായത്. പത്ത് അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രമേയം സമിതിയില്‍ അവതരിപ്പിച്ചത് മൊസാംബിക്കിന്റെ പ്രതിനിധിയാണ്.

യു.എന്‍ പ്രമേയം വീറ്റോ ചെയ്തില്ലെങ്കില്‍ യു.എസിലെ നയതന്ത്രജ്ഞരെ പിന്‍വലിക്കുമെന്ന് അമേരിക്കയ്ക്ക് ഇസ്രഈല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈലിന്റെ ഭീഷണിയില്‍ യു.എസ് വഴങ്ങുകയും ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ തങ്ങളുടെ നിലപാട് ഇസ്രഈലിന് അനുകൂലമല്ലെന്ന് തെറ്റിദ്ധരിപ്പിക്കാനുമാണ് അമേരിക്ക ശ്രമിച്ചതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം യു.എന്‍ പ്രമേയത്തെ തള്ളി ഇസ്രഈല്‍ രംഗത്തെത്തി. ഗസയിലെ ആക്രമണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് ഇസ്രഈല്‍ പറഞ്ഞു.

അവസാന ബന്ദിയും തിരിച്ചെത്തുന്ന വരെ ഫലസ്തീനിലെ സൈനിക നടപടി തുടരുമെന്ന് ഇസ്രഈലി വിദേശകാര്യ മന്ത്രി ബെന്‍ ഗവീര്‍ പ്രതികരിച്ചു. പ്രമേയം വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയെന്നും ബെന്‍ ഗവീര്‍ പറഞ്ഞു.

നേരത്തെ യു.എന്‍ രക്ഷാ സമിതിയില്‍ അവതരിപ്പിച്ച നിരവധി വെടിനിര്‍ത്തല്‍ പ്രമേയങ്ങളാണ് അമേരിക്ക വീറ്റോ ചെയ്തത്. അതേസമയം ഇസ്രഈലിന് അനുകൂലമായി അമേരിക്ക അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തിരുന്നു.

Content Highlight: The UN passed a resolution demanding an immediate ceasefire in Gaza

Latest Stories

We use cookies to give you the best possible experience. Learn more