ജനീവ: മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ മന്ദഗതിയിലുള്ളതും അപര്യാപ്തവുമായ പ്രതികരണങ്ങളെക്കുറിച്ച് ആശങ്കയെന്ന് യു.എന്‍ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട്. മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതില്‍ നിയമപാലകര്‍ ഉള്‍പ്പെടെയുള്ളര്‍ സ്വീകരിക്കുന്ന മെല്ലപ്പോക്കിനെ യു.എന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
‘വീടുകള്‍ നശിപ്പിക്കല്‍, നിര്‍ബന്ധിത പാലായനം, പീഡനം ഉള്‍പ്പെടെ ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്കയുണ്ട്.
2023 മെയ് മാസത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. 2023 ആഗസ്റ്റ് പകുതിയോടെ ഏകദേശം 160 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതലും ന്യൂനപക്ഷ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഭൂരിപക്ഷമുള്ള കുക്കി സമുദായത്തില്‍ നിന്നാണ്, 300ലധികം പേര്‍ക്ക് പരിക്കേറ്റു.
UN special rapporteurs on Manipur- It is particularly concerning that the violence seems 2 have been preceded and incited by hateful and inflammatory speech that spread online and offline to justify the atrocities committed against the Kuki ethnic minority https://t.co/UEQjDyNfgX
— Rana Ayyub (@RanaAyyub) September 5, 2023
സംഘട്ടനത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ആയിരക്കണക്കിന് വീടുകളും നൂറുകണക്കിന് ആരാധനാലയങ്ങളും കത്തിച്ചു. കൃഷിയിടങ്ങളുടെ നാശത്തിനും വിളകളുടെ നഷ്ടത്തിനും കലാപം കാരണമായി,’ യു.എന്‍ വിദഗ്ധരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നൂറുകണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും(പ്രധാനമായും കുക്കികള്‍)
ലക്ഷ്യമിട്ടുള്ള ലിംഗാധിഷ്ഠിത അക്രമത്തിന്റെ റിപ്പോര്‍ട്ടുകളും ചിത്രങ്ങളും ഞെട്ടിച്ചു. കൂട്ടബലാത്സംഗം, സ്ത്രീകളെ നഗ്‌നരായി തെരുവില്‍ പരേഡ് നടത്തുക, കഠിനമായ മര്‍ദനങ്ങളിലൂടെ മരണത്തിലേക്ക് നയിക്കുക, അവരെ ജീവനോടെയോ അല്ലാതെയോ ചുട്ടെരിക്കുക എന്നിവ ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ സംസ്ഥാനത്ത് നടന്നെന്ന് മനസിലാക്കുന്നു.
ഓണ്‍ലൈനിലും ഓഫ് ലൈനിലും പ്രചരിക്കുന്ന വിദ്വേഷവും പ്രകോപനപരവുമായ പ്രസംഗങ്ങളാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. മണിപ്പൂരിലെ സമീപകാല സംഭവങ്ങള്‍ ഇന്ത്യയിലെ മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളുടെ ക്രമാനുഗതമായ അധപതനത്തിന്റെ മറ്റൊരു ദാരുണമായ സംഭവമായി വിലയിരുത്തുന്നു. മണിപ്പൂരിലെ ശാരീരികവും ലൈംഗികവുമായ അക്രമങ്ങളും വിദ്വേഷ പ്രസംഗങ്ങളും തടയുന്നതിന് നിയമപാലകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ മന്ദഗതിയിലുള്ളതും അപര്യാപ്തവുമായ പ്രതികരണത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകളുണ്ടെന്നും സംഘം കുറ്റപ്പെടുത്തി.
അതേസമയം, മണിപ്പൂരിലെ അഭിഭാഷകരും മനുഷ്യാവകാശ സംരക്ഷകരും നടത്തിയ വസ്തുതാന്വേഷണ ദൗത്യത്തെയും മണിപ്പൂരിലെ സ്ഥിതിയെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ തുടര്‍നടപടികളെയും വിദഗ്ധ സംഘം സ്വാഗതം ചെയ്തു.
നീതി, ഉത്തരവാദിത്തം, നഷ്ടപരിഹാരം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സര്‍ക്കര്‍ സംവിധാനങ്ങളെ നിരീക്ഷിക്കുന്നത് തുടരണമെന്ന് വിദഗ്ധ സംഘം സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. അക്രമസംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ പിടികൂടാനും ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ വിദ്ഗസംഘ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
Content Highlight: The UN expert group is concerned about government interference in Manipur