ഔട്ടാക്കിയാല്‍ മാത്രം പോര, അപ്പീലും ചെയ്യണം; ഔട്ടായിട്ടും ബാറ്ററെ പുറത്താക്കാതെ തര്‍ക്കിച്ച് അമ്പയര്‍; വീഡിയോ
Sports News
ഔട്ടാക്കിയാല്‍ മാത്രം പോര, അപ്പീലും ചെയ്യണം; ഔട്ടായിട്ടും ബാറ്ററെ പുറത്താക്കാതെ തര്‍ക്കിച്ച് അമ്പയര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th February 2024, 10:03 am

കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ ഒരു സംഭവമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. റണ്‍ ഔട്ടായിട്ടും എതിര്‍ ടീം അപ്പീല്‍ ചെയ്യാത്തതിന്റെ പേരില്‍ ബാറ്ററെ പുറത്താക്കാത്ത അമ്പയറിന്റെ നടപടിയാണ് ചര്‍ച്ചയാകുന്നത്.

വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിന്റെ 19ാം ഓവറിലാണ് സംഭവം നടക്കുന്നത്. വിന്‍ഡീസ് ഒമ്പത് വിക്കറ്റിന് 190 എന്ന നിലയില്‍ നില്‍ക്കവെ സ്‌പെന്‍സര്‍ ജോണ്‍സണ്‍ എറിഞ്ഞ മൂന്നാം പന്തില്‍ സ്‌ട്രെക്കിലുണ്ടായിരുന്ന അല്‍സാരി ജോസഫ് ഒരു ക്വിക് സിംഗിളിന് ശ്രമിച്ചു.

എന്നാല്‍ കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മിച്ചല്‍ മാര്‍ഷ് വളരെ പെട്ടെന്ന് തന്നെ പന്ത് കൈക്കലാക്കുകയും ബൗളര്‍ക്ക് നേരെ ത്രോ ചെയ്യുകയുമായിരുന്നു. പന്ത് കൈപ്പിടിയിലൊതുക്കിയ സ്‌പെന്‍സണര്‍ ജോണ്‍സണ്‍ അല്‍സാരി ജോസഫിനെ റണ്‍ ഔട്ടാക്കുകയും ചെയ്തു.

റണ്‍ ഔട്ടിന്റെ റീപ്ലേകള്‍ പരിശോധിച്ചപ്പോള്‍ അല്‍സാരി ജോസഫ് ക്രീസിലെത്തിയിട്ടില്ല എന്ന വ്യക്തമായതോടെ ഓസ്‌ട്രേലിയ വിജയാഹ്ലാദമാരംഭിച്ചു. എന്നാല്‍ ഓസീസ് താരങ്ങളുടെ ആഘോഷങ്ങളെ തടസ്സപ്പെടുത്തിയ അമ്പയര്‍ അത് ഔട്ടല്ല എന്ന് വിധിക്കുകയായിരുന്നു. ഇതിന് പുറമെ റണ്‍ അനുവദിക്കുകയും ചെയ്തു.

വിക്കറ്റിനായി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തില്ല എന്നതാണ് അമ്പയര്‍ ഇതിന് കാരണമായി പറഞ്ഞത്. ക്രിക്കറ്റ് നിയമമനുസരിച്ച് എല്‍.ബി.ഡബ്ല്യൂവോ റണ്‍ ഔട്ടോ അടക്കമുള്ള ഡിസ്മിസ്സലുകള്‍ക്ക് എതിര്‍ ടീം അപ്പീല്‍ ചെയ്യാത്ത പക്ഷം അമ്പയര്‍ വിക്കറ്റ് അനുവദിക്കില്ല. ബൗളിങ് അപ്പീല്‍ ചെയ്യാത്തതിന്റെ പേരില്‍ വിക്കറ്റ് നിഷേധിക്കപ്പെട്ട സംഭവങ്ങള്‍ ഇതിന് മുമ്പും ക്രിക്കറ്റില്‍ അരങ്ങേറിയിട്ടുണ്ട്.

അതേസമയം, അവസാന വിക്കറ്റ് നേടാന്‍ സാധിച്ചില്ലെങ്കിലും മത്സരം വിജയിക്കാനും പരമ്പര സ്വന്തമാക്കാനും ഓസ്‌ട്രേലിയക്കായി. 34 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ സെഞ്ച്വറിയാണ് കങ്കാരുക്കളെ മികച്ച സ്‌കോറിലെത്തിച്ചത്. 55 പന്ത് നേരിട്ട മാക്‌സ്‌വെല്‍ പുറത്താകാതെ 120 റണ്‍സ് നേടി. അന്താരാഷ്ട്ര ടി-20യില്‍ താരത്തിന്റെ അഞ്ചാം സെഞ്ച്വറിയാണിത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 207 റണ്‍സാണ് നേടിയത്. 36 പന്തില്‍ 63 റണ്‍സ് നേടിയ റോവ്മന്‍ പവലാണ് ടോപ് സ്‌കോറര്‍.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം അവസാനിച്ചപ്പോള്‍ ഓസീസ് 2-0ന് മുമ്പിലാണ്. ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. ഒപ്റ്റസ് സ്റ്റേഡിയമാണ് വേദി.

 

 

Content highlight: West Indies vs Australia, 2nd T20: The umpire denied the wicket as there was no appeal for the wicket