ലണ്ടന്‍: ഈജിപ്ഷ്യന്‍-ബ്രിട്ടീഷ് ബ്ലോഗറും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അലാ അബ്ദുല്‍ ഫത്താഹിന്റെ മോചനത്തില്‍ യു.കെ സര്‍ക്കാര്‍ ഇടപെട്ടാല്‍ നിരാഹാരസമരം അവസാനിപ്പിക്കുമെന്ന് അമ്മ ലൈല സൂയിഫ്. ബ്രിട്ടീഷ് മന്ത്രിമാര്‍ ഫത്താഹിനെ മോചിപ്പിക്കുന്നതിനായി ഈജിപ്തുമായി ഇടപെടുകയും നീക്കം വിജയിക്കുകയും ചെയ്താല്‍ സമരം നിര്‍ത്തുമെന്നും ലൈല സൂയിഫ് പറഞ്ഞു.
150 ദിവസത്തെ നിരാഹാരസമരമാണ് ലൈല സൂയിഫ് നടത്തുന്നത്. ഒന്നിലധികം തവണ ശരീരത്തിലെ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ലൈലയെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. നിലവില്‍ ലൈല സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
എല്ലാ ആഴ്ചയിലും ഒരു മണിക്കൂര്‍ സമയം ഫത്താഹിന്റെ മോചനത്തിനായി ലൈല പരസ്യമായി പ്രതിഷേധിക്കാറുണ്ട്. സമാനമായി തിങ്കളാഴ്ചയും ലൈല പ്രതിഷേധിച്ചിരുന്നു. ഇതിനിടെ അവരുടെ ആരോഗ്യനില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അലാ അബ്ദുല്‍ ഫത്താഹിനെ അഞ്ച് വര്‍ഷത്തെ തടവിനാണ് ഈജിപ്ത് ശിക്ഷിച്ചത്. ഫത്താഹിനെതിരായ നടപടിയില്‍ യു.കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മാര്‍ രണ്ടുതവണ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍-സിസിക്ക് കത്തെഴുതിയിരുന്നു.
എന്നാല്‍ സിസിയുമായി സംസാരിക്കാനുള്ള അവസരം സ്റ്റാര്‍മറിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഈജിപിത് ഫത്താഹിന്റെ ഇരട്ടപൗരത്വം ഇതുവരെ അംഗീകരിക്കുകയും ചെയ്തിട്ടില്ല. ഇത് ഫത്താഹിന്റെ മോചനത്തിനായി യു.കെ നടത്തുന്ന ഇടപെടലുകള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തിനെതിരെ രാഷ്ട്രീയമായി സംഘടിച്ചുവെന്ന് കാണിച്ചാണ് ഈജിപ്ത് ഫത്താഹിനെ അറസ്റ്റ് ചെയ്തത്. 2006 ലാണ് ഫത്താഹിനെ ആദ്യമായി ഈജിപ്ഷ്യന്‍ ഭരണകൂടം അറസ്റ്റ് ചെയ്യുന്നത്.
പിന്നീട് 45 ദിവസത്തിനുശേഷം അദ്ദേഹത്തെ വിട്ടയച്ചു. തുടര്‍ന്ന് 2014ല്‍ രണ്ട് തവണ ഫത്താഹിനെ ഈജിപ്ത് അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. പിന്നാലെ 2015 ഫെബ്രുവരിയില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
എന്നാല്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 2019ല്‍ ഫത്താഹിനെ ഈജിപ്ത് മോചിപ്പിക്കുകയും അതേ വര്‍ഷത്തില്‍ തന്നെ മറ്റു കുറ്റങ്ങള്‍ കൂടി ചുമത്തി അദ്ദേഹത്തിനെതിരെ വിചാരണ ആരംഭിക്കുകയും ചെയ്തു.
2024 സെപ്റ്റംബര്‍ 29ന് ഫത്താഹ് ജയില്‍ മോചിതനാകേണ്ടതായിരുന്നു. എന്നാല്‍ ഫത്താഹിനെ മോചിപ്പിക്കാന്‍ ഈജിപ്ത് ഇതുവരെ തയ്യാറായിട്ടില്ല. 2022 ഏപ്രില്‍ മുതല്‍ അദ്ദേഹവും നിരാഹാരം കിടക്കുകയാണെന്നാണ് വിവരം.
Content Highlight: The UK Government must intervene to secure the release of Ala Fattah; mother Laila will end her hunger strike if she sees the results