സാധാരണക്കാര്‍ക്ക് നല്‍കാത്ത കിറ്റ് യു.ഡി.എഫിന് വേണ്ട; ജനപ്രതിനിധികള്‍ക്കുള്ള സൗജന്യ കിറ്റ് വേണ്ടെന്ന് അറിയിച്ച് പ്രതിപക്ഷം
Kerala News
സാധാരണക്കാര്‍ക്ക് നല്‍കാത്ത കിറ്റ് യു.ഡി.എഫിന് വേണ്ട; ജനപ്രതിനിധികള്‍ക്കുള്ള സൗജന്യ കിറ്റ് വേണ്ടെന്ന് അറിയിച്ച് പ്രതിപക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th August 2023, 11:41 am

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും സപ്ലൈകോ നല്‍കുന്ന സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത കിറ്റ് യു.ഡി.എഫ് സ്വീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കിറ്റ് വേണ്ടെന്ന കാര്യം സപ്ലൈക്കോയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ഓണത്തോടനുബന്ധിച്ച് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും സപ്ലൈകോ നല്‍കുന്ന സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികള്‍ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് ഇത്തവണ ഓണക്കിറ്റ് നല്‍കുന്നത്. അതുതന്നെ പൂര്‍ണതോതില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല.സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും നല്‍കാത്ത സൗജന്യ കിറ്റ് യു.ഡി.എഫ് ജനപ്രതിനിധികളും സ്വീകരിക്കില്ല. ഇക്കാര്യം സപ്ലൈകോയെ അറിയിച്ചു,’ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. മൂന്നരലക്ഷത്തോളം പേര്‍ക്ക് ഇനിയും ഓണക്കിറ്റ് കിട്ടാനുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് തന്നെ കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചുണ്ട്.

മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഓണം കണക്കിലെടുത്ത് റേഷന്‍ കടകള്‍ രാവിലെ 8 മണി മുതല്‍ രാത്രി 8 മണിവരെ പ്രവര്‍ത്തിക്കും.

content highlights: The UDF does not want a kit that is not provided to the common man; Opposition does not want free kits for people’s representatives