കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.സി. ജോര്‍ജ്.
‘യാതൊരു സംശയവുമില്ല ബി.ജെ.പി സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തോടെ ജയിച്ച് വരും. കോണ്‍ഗ്രസും ഇടതുപക്ഷവും താലിബാനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുകയാണ്. രാജ്യസ്‌നേഹമുള്ളവര്‍ മോദീജിയ്ക്ക് പിന്തുണ കൊടുത്തുകൊണ്ട് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കും,’ പി.സി. ജോര്‍ജ് പറഞ്ഞു.
ഇന്ന് രാവിലെ എട്ട് മണിയോടെ ജോ ജോസഫിന്റെ റോഡ് ഷോ ആരംഭിച്ചിരുന്നു. മന്ത്രി പി. രാജീവാണ് റോഡ് ഷോ ഉദ്ഘാടനം ചെയ്തത്. വൈകിട്ട് 6 മണിയ്ക്ക് പാലാരിവട്ടത്താണ് റോഡ്ഷോയുടെ സമാപനം.
ബൈക്ക് റാലിയുമായാണ് യു.ഡി.എഫിന്റെ റോഡ് ഷോ. മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളായ കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം തുടങ്ങി വിവിധ സ്ഥലങ്ങളിലൂടെ റാലി കടന്നുപോയി.
ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണനും രാവിലെ മുതല്‍ റോഡ് ഷോ തുടങ്ങിയിരുന്നു. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുടങ്ങിയ റോഡ് ഷോ പാലാരിവട്ടത്തെത്തി.
അതേസമയം അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യ ഉപാധി ലംഘിച്ചാണ് പി.സി. ജോര്‍ജ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്തതെന്ന് പൊലീസ് പറയുന്നു. ഇത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫോര്‍ട്ട് പൊലീസ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും.
ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിനായി ഫോര്‍ട്ട് എ സി ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ആരോഗ്യപ്രശ്‌നം മൂലം ഹാജരാകാനാവില്ലെന്നാണ് പി.സി. ജോര്‍ജ് പൊലീസിനെ അറിയിച്ചത്.
Content Highlights: The UDF and LDF will not succeed;PC George says NDA candidate guarantees victory