ഗസയിലെ യുദ്ധാനന്തര പദ്ധതി; യു.എ.ഇയും ഇസ്രഈലും അമേരിക്കയും രഹസ്യചർച്ച നടത്തിയതായി റിപ്പോർട്ട്
World News
ഗസയിലെ യുദ്ധാനന്തര പദ്ധതി; യു.എ.ഇയും ഇസ്രഈലും അമേരിക്കയും രഹസ്യചർച്ച നടത്തിയതായി റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th July 2024, 3:56 pm

അബുദാബി: ഗസയിലെ യുദ്ധാനന്തര പദ്ധതിയുമായി ബന്ധപ്പെട്ട് യു.എ.ഇയും ഇസ്രഈലും അമേരിക്കയും രഹസ്യമായി കൂടിയാലോചന നടത്തിയെന്ന് റിപ്പോർട്ട്. അബുദാബിയിൽ വെച്ചാണ് മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ച നടന്നത്. യുദ്ധാനന്തരം ഗസയുടെ പുനർനിർമാണത്തിനായി സൈന്യത്തെ വിട്ടുനൽകുമെന്ന് ദിവസങ്ങൾക്ക് മുമ്പ് യു.എ.ഇ അറിയിച്ചതിന് പിന്നാലെയാണ് രഹസ്യചർച്ച.

Also Read: നേപ്പാളിൽ വിമാനം തകർന്നു: 18 പേർ മരിച്ചു

യു.എ.ഇ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ചർച്ചയ്ക്ക് ആതിഥേയത്വം വഹിച്ചത്. വൈറ്റ് ഹൗസിലെ ഉന്നത മിഡിൽ ഈസ്റ്റ് ഉദ്യോഗസ്ഥൻ ബ്രെറ്റ് മക്‌ഗുർക്ക്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് കൗൺസിലർ ടോം സള്ളിവൻ, ഇസ്രഈൽ നയതന്ത്രജ്ഞൻ റോൺ ഡെർമറുമാണ് ചർച്ചയിൽ പങ്കെടുത്തത്.

ഗസയിൽ താത്‌കാലിക അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട് ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തെ ചുറ്റിപ്പറ്റിയാണ് ചർച്ച നടന്നത്. ഫലസ്തീനിൽ അന്താരാഷ്ട്ര സേനയെ രൂപീകരിക്കാനുള്ള നീക്കത്തെ പിന്തുണക്കുന്ന ലേഖനമായിരുന്നു ഫിനാൻഷ്യൽ ടൈംസിലേത്.

അതേസമയം ഗസയിലെ ഫലസ്തീനികൾക്കായുള്ള ബഹുരാഷ്ട്ര ദൗത്യത്തിലേക്ക് സൈന്യത്തെ അയക്കാൻ സന്നദ്ധത അറിയിച്ച ആദ്യ രാജ്യമാണ് യു.എ.ഇ. ഗസയുടെ പ്രതിരോധത്തിനും ഫലസ്തീനിലെ മാനുഷിക, പുനർനിർമാണ ആവശ്യങ്ങൾ പരിഹരിക്കാനും വേണ്ടിയാണ് ഈ നടപടി സ്വീകരിക്കുന്നതെന്ന് യു.എ.ഇ പറഞ്ഞിരുന്നു. എന്നാൽ ഉപാധികളൊടെയാണ് യു.എ.ഇ ഇക്കാര്യം പ്രഖ്യാപിച്ചത്.

ഗസയിലെ യുദ്ധാനന്തര പദ്ധതികൾക്ക് അമേരിക്ക നേതൃത്വം നൽകണം, വെസ്റ്റ് ബാങ്കിനെ നിയന്ത്രിക്കുന്ന പാശ്ചാത്യ പിന്തുണയുള്ള ബോഡിയായ ഫലസ്തീൻ അതോറിറ്റിയുടെ ക്ഷണം ലഭിക്കണം തുടങ്ങിയവയായിരുന്നു യു.എ.ഇയുടെ ഉപാധികൾ.

Also Read: പ്രത്യേക പദവിയില്ല; ബീഹാർ അസംബ്ലിയിൽ കളിപ്പാട്ടങ്ങളുയർത്തി പ്രതിപക്ഷ പ്രതിഷേധം

എന്നാൽ ഈ പ്രസ്താവനയ്ക്ക് പിന്നാലെ മൂന്ന് രാജ്യങ്ങളും പെട്ടെന്നുതന്നെ കൂടിക്കാഴ്ച നടത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സേനയെ വിട്ടുനൽകാനുള്ള യു.എ.ഇയുടെ തീരുമാനം ഇസ്രഈൽ നിലപാടിന് വിരുദ്ധമാണെന്നും മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.

Content Highlight: The UAE, Israel and the United States reportedly held secret consultations regarding the post-war plan in Gaza