| Saturday, 26th June 2021, 12:01 am

ഇന്ത്യയില്‍ നിന്ന് വേദി മാറ്റം; ട്വന്റി 20 ലോകകപ്പ് യു.എ.ഇയില്‍ നടത്താന്‍ തീരുമാനം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് യു.എ.ഇയില്‍ നടത്താന്‍ തീരുമാനം. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കൊവിഡ് സാഹചര്യം കണക്കിലെടുത്ത് യു.എ.ഇയിലേക്ക് മാറ്റുന്നത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് മത്സരങ്ങള്‍.

യു.എ.ഇയില്‍ ട്വന്റി 20 ലോകകപ്പ് നടക്കുകയാണെങ്കില്‍ ഐ.പി.എല്‍. ഫൈനല്‍ കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷമായിരിക്കും ടി20 ലോകകപ്പിന് ദുബായ് വേദിയാവുക. ഒക്ടോബര്‍ 15നാണ് ഐ.പി.എല്‍. ഫൈനല്‍. സെപ്റ്റംബര്‍ 19 മുതലാണ് ഐ.പി.എല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ ദുബായില്‍ തുടങ്ങുന്നത്.

ടി20 ലോകകപ്പ് വേദി ദുബായിലായിരിക്കുമെന്ന കാര്യം ബി.സി.സി.ഐ. ഐ.സി.സിയെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും ലോകകപ്പിന്റെ ഒരുക്കങ്ങള്‍ ദുബായിയില്‍ ബി.സി.സി.ഐ. തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 28ന് ഇതുസംബന്ധിച്ച അന്തിമ തിരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ലോകകപ്പ് ഇന്ത്യക്ക് പുറത്തേക്ക് മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്ത്യക്കുണ്ടാകും. ഐ.പി.എല്ലിന് പിന്നാലെ ലോകകപ്പ് നടക്കുന്നതിനാല്‍ യു.എ.ഇയിലെ വേദികള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവരും.

ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാകും ഉണ്ടാകുക. എട്ടു ടീമുകളാണ് ഇതില്‍ മത്സരിക്കുക. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ 30 മത്സരങ്ങളാകും ഉണ്ടാകുക. ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാവും മത്സരങ്ങള്‍. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും. നവംബര്‍ 14നാണ് ഫൈനല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTET HIGHLIGHTS: The UAE has decided to host this year’s Twenty20 World Cup

We use cookies to give you the best possible experience. Learn more