ഗസയെ സംബന്ധിച്ച് യു.എസിന് പ്രത്യേക നയങ്ങളില്ല; ഇസ്രഈല്‍ എന്താണോ ആഗ്രഹിക്കുന്നത് അത് ചെയ്യുന്നു: മുന്‍ യു.എസ് ഉദ്യോഗസ്ഥന്‍
World News
ഗസയെ സംബന്ധിച്ച് യു.എസിന് പ്രത്യേക നയങ്ങളില്ല; ഇസ്രഈല്‍ എന്താണോ ആഗ്രഹിക്കുന്നത് അത് ചെയ്യുന്നു: മുന്‍ യു.എസ് ഉദ്യോഗസ്ഥന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 21, 06:23 am
Saturday, 21st December 2024, 11:53 am

വാഷിങ്ടണ്‍: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്ന യു.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഉദ്യോഗസ്ഥന്‍. യു.എസിന്‌ ഗസയില്‍ കൃത്യമായ നയങ്ങളില്ലെന്നും ഇസ്രഈല്‍ എന്താണോ അവിടെ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അതിന് കൂട്ടുനില്‍ക്കുക മാത്രമാണ് യു.എസ് ചെയ്യുന്നതെന്നും മുന്‍ ഗസ ഡെപ്യൂട്ടി പൊളിറ്റിക്കല്‍ കൗണ്‍സിലറായ മൈക്ക് കേയ്‌സി പ്രതികരിച്ചു.

അമേരിക്കയുടെ ഈ ഇരട്ടത്താപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലായില്‍ ഇദ്ദേഹം സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിരമിച്ചിരുന്നു.

ഒരു വര്‍ഷത്തോളമായി ഗസയില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളെപ്പറ്റി അധികാരികള്‍ക്ക് കത്തെഴുതി തനിക്ക് മടുത്തെന്നും അതിനാല്‍ ഒടുവില്‍ ജോലി ഉപേക്ഷിക്കുകയായിരുന്നെന്നും ഗാര്‍ഡിയന് അനുവദിച്ച അഭിമുഖത്തില്‍ മുന്‍ യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാഖില്‍ യു.എസ് ആര്‍മിയുടെ ഭാഗമായും മൈക്ക് കേയ്‌സി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല യു.എസിന്റെ ഗസയിലെ നിലപാടിനെ ചോദ്യം ചെയ്ത് ഉദ്യോഗസ്ഥര്‍ രാജി വെക്കുന്നത്. ഇതിന് മുമ്പ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, പ്രതിരോധ ഇന്റലിജന്‍സ് തുടങ്ങിയ ഡിപ്പാര്‍ട്ടമെന്റിലെ ഉദ്യോഗസ്ഥരും രാജി വെച്ചിരുന്നു.

‘ഒരു അമേരിക്കന്‍ നയതന്ത്രജ്ഞനായി തുടരുന്നതില്‍ ഞാന്‍ ലജ്ജിച്ചു,’ കേയ്‌സി പറയുന്നു.

ഗസ മുനമ്പിലെ ആഭ്യന്തര രാഷ്ട്രീയത്തിലും സുരക്ഷാ പ്രശ്നങ്ങളിലും ഫലസ്തീനിലെ അനുരഞ്ജന ചര്‍ച്ചകളിലും മുഖ്യ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ് ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

ഗസയുടെ പുനര്‍നിര്‍മാണത്തിനായി താനും സഹപ്രവര്‍ത്തകരും നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നെന്നും എന്നാല്‍ അവയെല്ലാം നിരസിക്കപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരും. എന്നാല്‍ ബൈഡന്‍ ഭരണകൂടം പറയും ഇസ്രഈലികള്‍ക്ക് മറ്റൊരു ആശയമുണ്ട്,’ കേസി പറഞ്ഞു.

താന്‍ ഗസയെക്കുറിച്ച് ദിവസേനയുള്ള അപ്ഡേറ്റുകള്‍ എഴുതി നല്‍കുമെന്നും എന്നാല്‍ ആരും അത് വായിക്കാറില്ലെന്നും അദ്ദേഹം നിരാശയോടെ പറഞ്ഞു. ഒടുവില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തമാശരൂപേണ പറയും ആ റിപ്പോര്‍ട്ടുകളുടെ കൂടെ പണം അറ്റാച്ചുചെയ്താല്‍ ആരെങ്കിലും വായിക്കുമായിരിക്കും എന്ന്.

എന്നാല്‍ തനിക്ക് ഏറ്റവും സങ്കടകരമായ വിഷയം മറ്റൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരിക്കല്‍ താന്‍ എഴുതിയ ഗസയിലെ മരണറിപ്പോര്‍ട്ടുകള്‍ പ്രസിഡന്റ് ജോ ബൈഡന്‍ പരസ്യമായി ചോദ്യം ചെയ്തത് തനിക്ക് ഏറെ വേദനയുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

‘മരിച്ച കുട്ടികളെ കുറിച്ച് എഴുതി ഞാന്‍ മടുത്തു. ഈ കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചുവെന്ന് ഭരണകൂടത്തോട് നിരന്തരം തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ അങ്ങനെ ചെയ്താലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല,’ അദ്ദേഹം പറഞ്ഞു.

നിലവില്‍ കേസി മിഷിഗണിലെ ഒരു പ്രാദേശിക ബാങ്കില്‍ ജോലി ചെയ്യുകയാണ്.

Content Highlight: The U.S. has no specific policy toward Gaza; they only do what Israel wants says former U.S official