സിറിയയിലെ ഇറാൻ ആയുധ സംഭരണ കേന്ദ്രം ആക്രമിച്ച് അമേരിക്ക
World News
സിറിയയിലെ ഇറാൻ ആയുധ സംഭരണ കേന്ദ്രം ആക്രമിച്ച് അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 8:13 am

ദമാസ്‌കസ്: കിഴക്കന്‍ സിറിയയിലെ ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സും (ഐ.ആര്‍.ജി.സി) ഇറാന്‍ പിന്തുണ നല്‍കുന്ന മറ്റു ഗ്രൂപ്പുകളും ഉപയോഗിക്കുന്ന ആയുധ സംഭരണ കേന്ദ്രം ആക്രമിച്ച് അമേരിക്ക. അടുത്ത കാലങ്ങളിലായി അമേരിക്കന്‍ സൈന്യത്തിന് നേരെ നടത്തിയ ആക്രമണത്തിനുള്ള സ്വയം പ്രതിരോധമാണ് തങ്ങള്‍ നടത്തിയതെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.

അമേരിക്കല്‍ പ്രസിഡന്റിനേക്കാള്‍ രാജ്യം താത്പര്യം നല്‍കുന്നത് പൗരന്മാര്‍ക്കാണെന്ന് ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഭരണകൂടം സ്വയം പ്രതിരോധത്തിനും വ്യക്തി താത്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ആയുധ സംഭരണ കേന്ദ്രം ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍ – ഹമാസ് സംഘര്‍ഷം തുടങ്ങിയ കാലയളവ് മുതല്‍ ഇറാന്‍ പിന്തുണയുള്ള സൈന്യം തങ്ങളുടെ സൈനികരെയും സഖ്യകക്ഷികളെയും ഇറാനിലും സിറിയയിലും വെച്ച് ആക്രമിച്ചിട്ടുണ്ടെന്ന് ലോയ്ഡ് ഓസ്റ്റിന്‍ സൂചിപ്പിച്ചു. 40 തവണയെങ്കിലും നേരിട്ടുള്ള ആക്രമണം ഉണ്ടായിട്ടുണ്ടെന്നും 45 പേര്‍ക്ക് മസ്തിഷ്‌ക്ക പരിക്കുകളും മുറിവുകളും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

യു.എസ് സൈനികര്‍ക്കെതിരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സിറിയയിലെ രണ്ട് ഐ.ആര്‍.ജി.സി കേന്ദ്രങ്ങളിലും ഇറാനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും അമേരിക്ക ആക്രമണം നടത്തിയതായി പെന്റഗണ്‍ അറിയിച്ചു. അതേസമയം അക്രമം അവസാനിപ്പിക്കണമെന്ന് ഓസ്റ്റിന്‍ തന്റെ പ്രസ്താവനയിലൂടെ അറിയിച്ചു.

ഗസ ഭരിക്കുന്ന ഹമാസിനെയും ഇസ്രഈല്‍ – ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രഈലുമായി തര്‍ക്കത്തിലിരിക്കുന്ന ലെബനന്‍ സായുധ സംഘടനയായ ഹിസ്ബുള്ളയെയും ഇറാന്‍ പിന്തുണക്കുന്നതും ആക്രമണത്തിന്റെ മൂലകാരണമാണെന്ന് യു.എസ് പറഞ്ഞു.

അമേരിക്കന്‍ പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനായി രാജ്യം കൂടുതല്‍ നടപടികള്‍ സ്വീകരിച്ചതായി ഓസ്റ്റിന്‍ വ്യക്തമാക്കി. സിറിയയിലും ഇറാനിലും തങ്ങള്‍ നടത്തിയ ആക്രമണത്തിന് ഇസ്രഈല്‍ – ഫലസ്തീന്‍ വിഷയങ്ങളുമായി ബന്ധമില്ലെന്ന് യു.എസ് അവകാശപ്പെട്ടു.

Content Highlight: The U.S attacked a Syrian weapons storage