ഇരുരാജ്യങ്ങളും തമ്മിലുള്ളത് ദൃഢമായ ബന്ധം; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ നിന്നും നടത്തുന്ന പരാമര്‍ശങ്ങള്‍ ആശങ്കയുണ്ടാക്കുന്നു: മുഹമ്മദ് യൂനുസ്
World News
ഇരുരാജ്യങ്ങളും തമ്മിലുള്ളത് ദൃഢമായ ബന്ധം; ഷെയ്ഖ് ഹസീന ഇന്ത്യയില്‍ നിന്നും നടത്തുന്ന പരാമര്‍ശങ്ങള്‍ ആശങ്കയുണ്ടാക്കുന്നു: മുഹമ്മദ് യൂനുസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2024, 8:50 am

ധാക്ക: ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ അടുത്തതും ദൃഢവുമാണെന്ന് ബംഗ്ലാദേശിലെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസ്. എന്നാല്‍ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ നിന്നും നടത്തുന്ന പരാമര്‍ശങ്ങള്‍ ആശങ്കയുണ്ടാക്കുന്നെന്നും യൂനുസ് പറഞ്ഞു. ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്‌രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യൂനുസിന്റെ പരാമര്‍ശം.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന് മങ്ങലുണ്ടാക്കുന്ന വിഷയങ്ങള്‍ ഒഴിവാക്കാനും യൂനുസ് ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ഇന്ത്യയ്ക്കുള്ള ബന്ധത്തെ ചൂണ്ടിക്കാട്ടിയാണ് യൂനുസിന്റെ പരാമര്‍ശമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനവും ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യൂനുസിന്റെ പരാമര്‍ശം.

അവാമി ലീഗ് മേധാവിയും പുറത്താക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയക്ക് ഇന്ത്യ അഭയം നല്‍കിയതും ഇന്ത്യയില്‍ നിന്നുകൊണ്ട് ബംഗ്ലാദേശിനെതിരെ നടത്തുന്ന പ്രസ്താവനകളിലും യൂനുസ് ആശങ്കയറിയിച്ചു.

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ നിന്നുകൊണ്ട് നടത്തുന്ന പ്രസ്താവനകള്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും യൂനുസ് പറഞ്ഞു.

മതം, നിറം, വംശം, ലിംഗഭേദം എന്നിവ പരിഗണിക്കാതെ ഓരോ പൗരനെയും സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും നമ്മള്‍ ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കണമെന്നും യൂനുസ് വിദേശകാര്യ സെക്രട്ടറിയോട് പറഞ്ഞു.

ധാക്കയില്‍ നടന്ന യോഗത്തില്‍ ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് എം.ഡി തൗഹിദ് ഹുസൈനുമായും മിസ്‌രി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അതേസമയം ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ ഉന്നതതല യോഗമാണ് ഈ കൂടിക്കാഴ്ച എന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യാപാരബന്ധങ്ങള്‍, സഹായങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി സഹകരണം വേണമെന്നും യൂനുസ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.

Content Highlight: The two countries have strong ties; Sheikh Hasina’s remarks from India cause concern: Interim Prime Minister of Bangladesh