ന്യൂദല്‍ഹി: നരേന്ദ്ര മോദി അധികാരത്തിലെത്തുകയും അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തതിനു പിന്നാലെ അമിത് ഷായുടെ മകന്‍ ജയ് അമിത്ഭായി ഷായുടെ കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയ മാധ്യമമായ “ദ വയറാണ്” വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.
മോദി 2014 കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് വന്‍ നഷ്ടത്തിലായിരുന്ന “ഷാസ് ടെമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ്” കമ്പനിയാണ് മൂന്ന് വര്‍ഷം കൊണ്ട് വന്‍ ലാഭത്തിലേക്ക് ഉയര്‍ന്നിരിക്കുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി രജിസ്ട്രാര്‍ ഓഫിസില്‍ നല്‍കിയ വാര്‍ഷിക റിപ്പോര്‍ട്ടും ബാലന്‍സ് ഷീറ്റും പ്രകാരം ജയ് ഷായുടെ കമ്പനി 6,230, 1,724 രൂപയുടെ നഷ്ടത്തിലായിരുന്നു.
എന്നാല്‍ 2014 ല്‍ മോദി പ്രധാനമന്ത്രിയതിനു പിന്നാലെയുള്ള ആദ്യ സാമ്പത്തികവര്‍ഷത്തില്‍ (2014-15) കമ്പനി സമര്‍പ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഒരു വര്‍ഷം കൊണ്ട് 18,728 രൂപ ലാഭം ഉണ്ടായെന്നാണ് പറയുന്നത്. വന്‍ തുക നഷ്ടത്തിലായിരുന്ന കമ്പനി ഒരു വര്‍ഷം കൊണ്ടാണ് ഈ ലാഭത്തില്‍ എത്തിയത്.
ആദ്യ വര്‍ഷം 18,728 രൂപ ലാഭമുണ്ടാക്കിയ കമ്പനി തൊട്ടടുത്തവര്‍ഷം പൂര്‍ത്തിയാക്കിയത് 80.5 കോടി ലാഭത്തിലാണെന്നും കണക്കുകള്‍ പറയുന്നു. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരമാണ് കമ്പനി 80.5 കോടിയുടെ ലാഭത്തിലാണെന്ന് വ്യക്തമാക്കുന്നത്.
റിലയന്‍സിലെ ഉന്നത ഉദ്യോഗസ്ഥനും രാജ്യസഭ എം.പിയും പരിമാള്‍ നത്വാനിയുടെ മരുമകന്‍ രാജേഷ് കന്തവാലയുടെ ധനകാര്യസ്ഥാപനത്തില്‍ നിന്നും 15.78 കോടി രൂപ വായ്പ എടുത്ത സമയത്താണ് കമ്പനി ലാഭത്തില്‍ എത്തിയെതന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ ഇവിടെ നിന്നു ഒരു വര്‍ഷം കഴിഞ്ഞ് 2016 ഒക്ടോബറില്‍ ജയ് ഷാ കമ്പനി വന്‍ നഷ്ടം നേരിടുകയാണെന്ന് കാട്ടി കമ്പനി അടച്ചു പൂട്ടുകയും ചെയ്തു. ഈ വര്‍ഷം 1.4 കോടി രൂപയുടെ നഷ്ടം നേരിട്ടെന്ന് കാണിച്ചായിരുന്നു ടെമ്പിള്‍ എന്റര്‍പ്രൈസ് പ്രൈവറ്റ് ലിമിറ്റഡ് അടച്ച് പൂട്ടുന്നതെന്നും “ദ വയര്‍” റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്തെ അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ രോഹിണി സിങ്ങാണ് അമിത് ഷായുടെ കമ്പനിയുടെ ലാഭവിവര കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്നത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ ഡി.എല്‍.എഫ് ഇടപാടുകള്‍ തമ്മിലുള്ള വാര്‍ത്ത പുറത്ത് കൊണ്ടുവന്നതും രോഹിണി സിങ്ങാണ്.
രണ്ടാം യു.പി.എകാലത്ത് പുറത്ത വന്ന കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിന്റെ ഡി.എല്‍.എഫ് ഇടപാട് ബി.ജെ.പി രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇതിനു സമാനമായ ആരോപണം തന്നെയാണ് ഇപ്പോ അമിത് ഷായുടെ മകനെതിരെയും ഉയര്‍ന്നിരിക്കുന്നത്.