| Friday, 2nd December 2022, 11:54 pm

കശ്മീര്‍ ഫയല്‍സ് ബ്രില്യന്റാണെന്ന് പറയാന്‍ എനിക്ക് വട്ടില്ല; സിനിമയെ പറ്റിയുള്ള പരാമര്‍ശത്തില്‍ നദാവ് ലാപിഡ് മാപ്പ് പറഞ്ഞുവെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ ദ കശ്മീര്‍ ഫയല്‍സ് വൃത്തികെട്ട പ്രൊപഗണ്ട സിനിമയാണെന്ന ജൂറി ചെയര്‍പേഴ്‌സണ്‍ നദാവ് ലാപിഡിന്റെ പ്രസ്താവന വലിയ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് നദാവ് ലാപിഡിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും അഭിനേതാവ് അനുപം ഖേറും ഇസ്രഈലിന്റെ ഇന്ത്യയിലെ അംബാസിഡറായ നാര്‍ ഗിലോണും രംഗത്തെത്തിയിരുന്നു.

വിവാദങ്ങളെ തുടര്‍ന്ന് വിവിധ മാധ്യങ്ങളാണ്‌ നദാവ് ലാപിഡിന്റെ അഭിമുഖം നടത്തിയത്. അഭിമുഖങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നദാവിന്റെ പേരില്‍ നിരവധി പ്രസ്താവനകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു.

ദ കശ്മീര്‍ ഫയല്‍സിനെ പറ്റിയുള്ള പരാമര്‍ശങ്ങളില്‍ ലാപിഡ് ക്ഷമാപണം നടത്തിയെന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നത്. കശ്മീര്‍ ഫയല്‍സ് വളരെ മികച്ച ഒരു സിനിമയാണെന്ന് (Nadav Lapid now calls The Kashmir Files ‘brilliant movie’) നദാവ് ലാപിഡ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പോസ്റ്റര്‍ അനുപം ഖേര്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ‘ആത്യന്തികമായി സത്യം എല്ലായ്‌പ്പോഴും വിജയിക്കും,’ എന്നാണ് ട്വീറ്റില്‍ അദ്ദേഹം നല്‍കിയ ക്യാപ്ഷന്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലാപിഡ് പറഞ്ഞത് ‘കശ്മീര്‍ ഫയല്‍സ് ഒരു മികച്ച സിനിമയാണെന്ന് ചിന്തിക്കുന്ന ആളുകളുണ്ട് എന്നത് ഞാന്‍ അംഗീകരിക്കുന്നു,’ (‘I accept many feel The Kashmir Files is brilliant’: Nadav Lapid ) എന്നാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വിശദമായ റിപ്പോര്‍ട്ടില്‍ ഇങ്ങനെയാണ് പറഞ്ഞതെങ്കിലും പോസ്റ്ററില്‍ ലാപിഡിന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടു.

കശ്മീര്‍ ഫയല്‍സിനെ വൃത്തികെട്ട പ്രൊപഗണ്ട സിനിമ എന്ന് വിളിച്ചതില്‍ നദാവ് ലാപിഡ് ക്ഷമാപണം നടത്തി എന്ന സൂം ടി.വിയുടെ വാര്‍ത്ത വിവേക് അഗ്നിഹോത്രിയും പങ്കുവെച്ചിരുന്നു. എന്‍.ഡി.ടി.വിയും എ.എന്‍.ഐയും കശ്മീര്‍ ഫയല്‍സുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ നദാവ് ലാപിഡ് മാപ്പ് പറഞ്ഞു എന്നാണ് ട്വീറ്റ് ചെയ്തത്. ചില മലയാള മാധ്യമങ്ങളും ‘കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ജൂറി അധ്യക്ഷനായ നദാവ് ലാപിഡ്’ എന്നാണ് വാര്‍ത്ത നല്‍കിയത്.

എന്നാല്‍ എന്‍.ഡി.ടിവിയുടെയും സൂം ടി.വിയുടെയും വിശദമായ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളിലല്ല നദാവ് ലാപിഡ് ക്ഷമാപണം നടത്തിയതെന്ന് മനസിലാവും. കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഇരകളാക്കപ്പെട്ടവരുടെ ബന്ധുക്കളെ തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമാപണം നടത്തുന്നു എന്നാണ് നദാവ് ലാപിഡ് പറഞ്ഞത്. ‘എനിക്ക് ആരേയും അപമാനിക്കണമെന്ന ഉദ്ദേശമില്ല. ഇരകളാക്കപ്പെട്ടവരെയോ അവരുടെ ബന്ധുക്കളെയോ അപമാനിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം. ആ തരത്തില്‍ ആരെങ്കിലും വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമ ചോദിക്കുന്നു,’ എന്നായിരുന്നു ലാപിഡ് പറഞ്ഞത്.

എന്‍.ഡി.ടി.വിയുടെയും സൂം ടിവിയുടെയും ഹിന്ദുസ്ഥാന്‍ ടൈംസിന്റെയും വിശദമായ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ടെങ്കിലും ഈ മാധ്യമങ്ങളുടെ പോസ്റ്ററുകളും ട്വീറ്റുകളും തലക്കെട്ടുകളും കശ്മീര്‍ ഫയല്‍സിനെ പറ്റിയുള്ള പരാമര്‍ശത്തില്‍ നദാവ് ലാപിഡ് മാപ്പ് പറഞ്ഞു എന്ന തരത്തിലായിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പും ലാപിഡ് പറഞ്ഞതിലെ യാഥാര്‍ത്ഥ്യങ്ങളും ദി ആള്‍ട്ട് ന്യൂസി ഫാക്റ്റ് ചെക്കിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു.

ഡിസംബര്‍ ഒന്നിന് ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രസ്താവനയെ പറ്റി നദാവ് ലാപിഡ് കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. ‘ഇരകളെ ഞാന്‍ അധിക്ഷേപിച്ചതായി അവരുടെ ബന്ധപ്പെട്ടവര്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരോടാണ് ഞാന്‍ ഖേദം പ്രകടിപ്പിച്ചത്. സിനിമയെ പറ്റി പറഞ്ഞതില്‍ നിന്നും ഒരു വാക്ക് പോലും പിന്‍വലിക്കുന്നില്ല,’ എന്നാണ് അഭിമുഖത്തില്‍ ലാപിഡ് പറഞ്ഞത്.

‘ഈ സിനിമ മികച്ചതാണെന്ന് ഞാന്‍ പറഞ്ഞതായി എവിടെയൊക്കെയോ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് ഭ്രാന്തായിരിക്കണം. ഞാന്‍ പറഞ്ഞ വാക്കുകളില്‍ വിശ്വസിക്കുകയും ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.

ഈ സിനിമയെ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട്, ഇത് മികച്ച സിനിമയാണെന്ന് വിചാരിക്കുന്ന ആളുകളുണ്ട്. ഈ സിനിമയെ പറ്റി പലതും പല ആളുകളും ചിന്തിക്കുന്നുണ്ട്. അത് ഞാന്‍ അംഗീകരിക്കുന്നു.

എന്നാല്‍ ഈ വര്‍ഷം എന്നെ ഗോവയിലേക്ക് ക്ഷണിച്ചത് ജൂറിയുടെ പ്രസിഡന്റായാണ്. അത് സംവിധായകന്‍ എന്ന നിലയിലുള്ള എന്റെ നേട്ടങ്ങള്‍ കണ്ടാണ്. അപ്പോള്‍ എന്റെയും ജൂറിയുടെയും അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പറയാനാണ് ഞാന്‍ ഇവിടെ വന്നത്. ഇതൊരു മികച്ച അവിശ്വസനീയമായ സിനിമയാണെന്ന് പറയുന്നത് പോലെ വിപരീതമായ അഭിപ്രായം പറയാനുള്ള അവകാശം എനിക്കുമുണ്ട്,’ ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ ലാപിഡ് കൂട്ടിച്ചേര്‍ത്തു.

Content Highlight: the truth behind the media reports that Nadav Lapid apologized for the remarks on the kashmir files movie 

We use cookies to give you the best possible experience. Learn more