| Saturday, 16th December 2017, 11:50 am

കേരളത്തിന്റെ ആനപ്രേമ വീമ്പുപറച്ചിലുകളുടെ യാഥാര്‍ത്ഥ്യം എന്ത്? ആനക്കോട്ടയുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം

റെന്‍സ ഇഖ്ബാല്‍

ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുമ്പോള്‍ വളരെ ഊര്‍ജ്ജസ്വലനായിരുന്നു കേശവന്‍കുട്ടിയെന്ന ആന. പക്ഷേ മണിക്കൂറുകള്‍ക്കകം കേള്‍ക്കുന്നത് കേശവന്‍കുട്ടി ചരിഞ്ഞെന്നാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പാപ്പാന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് കേശവന്‍കുട്ടിയ്ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം കൊയിലാണ്ടിയിലാണ് കേശവന്‍ കുട്ടി ചരിഞ്ഞത്. പന്ത്രണ്ടു മണിക്ക് എഴുന്നള്ളിപ്പ് കഴിഞ്ഞ ഉടന്‍ തന്നെ കേശവന്‍കുട്ടിക്ക് വെള്ളം കൊടുത്തിരുന്നു. സാധാരണ ഗതിയില്‍ ആനകള്‍ ഏറെ നടന്നു കഴിഞ്ഞാല്‍ കുറച്ചു നേരം തണലത്തു നിന്ന ശേഷമേ വെള്ളത്തില്‍ ഇറങ്ങുകയുള്ളൂ. ഇതിനു പുറമേ കേശവന്‍കുട്ടിക്ക് തെങ്ങോല കഴിക്കാനായി നല്‍കുകയും ചെയ്തു. തെങ്ങോല ആനയുടെ കുടലില്‍ കുത്തിക്കേറിയതാണ് കേശവന്‍ കുട്ടിയുടെ മരണകാരണം.

ഇത്തരം അശ്രദ്ധയും കെടുകാര്യസ്ഥതയും കാരണം ആനകള്‍ മരണപ്പെടുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ ഈ വര്‍ഷം ചരിഞ്ഞത് ഇരുപത് ആനകളാണ്. ഇതില്‍ പലതും ഇത്തരം അശ്രദ്ധകളുടെ ഇരകളാണെന്നാണ് ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്സ് സെക്രട്ടറി വി.കെ വെങ്കിടാചലം പറയുന്നത്. കേരളത്തില്‍ ഏറ്റവുമധികം നാട്ടാനകളെ പാര്‍പ്പിച്ചിരിക്കുന്ന ഗുരുവായൂര്‍ ആനക്കോട്ടയില്‍ പോലും മതിയായ സുരക്ഷാ സംവിധാനങ്ങളില്ലെന്നാണ് അദ്ദേഹം പറയുന്നത്.

“ഇത്രയേറെ ആനകള്‍ ഒരുമിച്ചുള്ള ആനക്കോട്ടയില്‍ പക്ഷെ സുരക്ഷാസംവിധാനങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നത് ഗൗരവമായ വിഷയമാണ്. ആനകള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ അപകടസാധ്യത ഉയര്‍ത്തുന്ന അവസ്ഥയാണിത്,” അദ്ദേഹം പറഞ്ഞു. ആനക്കോട്ടയില്‍ ജോലി ചെയ്ത ചിലരും ഈ അഭിപ്രായം ശരിവെക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ വടക്ക് പോയാല്‍ പുന്നത്തൂര്‍ രാജാവിന്റെ കൊട്ടാരമായിരുന്ന പുന്നത്തൂര്‍ കോട്ടയാണ് ആനക്കോട്ടയെന്ന് അറിയപ്പെടുന്നത്. 1975-ലാണ് ഇത് ഗുരുവായൂര്‍ ദേവസ്വം സ്വന്തമാക്കുന്നത്. 1975 ജൂണ്‍ 25ന് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ നേതൃത്വത്തില്‍ ഘോഷയാത്രയായിട്ടാണ് ആനകള്‍ കോട്ടയിലേക്ക് പ്രവേശിച്ചത്. ഇവിടെ ഇപ്പോള്‍ അന്‍പതില്‍ കൂടുതല്‍ ആനകളുണ്ട്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൊമ്പനാനകള്‍ ഒരുമിച്ചുള്ള സ്ഥലമാണിത്. എന്നാല്‍ ഇവിടെ ആനകള്‍ക്ക് ശരിയായ ശ്രുശ്രൂഷയും പരിചരണവും ലഭിക്കുന്നില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 2015ല്‍ ഡെയിലി മെയില്‍ എന്ന വിദേശ പത്രം ഇതിനെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യുകയും അത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നും ഈ സ്ഥിതിക്ക് ഒരു മാറ്റവുമില്ലെന്നാണ് വര്‍ഷങ്ങളായി അവിടെ ജോലി ചെയ്തവര്‍ ഡൂള്‍ന്യൂസിനോടു വെളിപ്പെടുത്തിയത്.

ആനക്കോട്ടയില്‍ ദീര്‍ഘകാലം പ്രവൃത്തി പരിചയമുള്ള പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി ഡൂള്‍ന്യൂസിനോടു പറഞ്ഞത് ആനക്കോട്ടയിലെ ഏറ്റവും വലിയ പ്രശ്നം മാലിന്യപ്രശ്നമാണെന്നാണ്. ഇതിനു പുറമേ കുടിവെള്ളം, തണല്‍ അഥവാ അഭയസ്ഥലത്തിന്റെ കുറവ്, പാപ്പാന്മാരുടെ പരിശീലനത്തിലുള്ള കുറവുകള്‍, വ്യായാമത്തിന്റെ കുറവ്, ഭക്ഷണത്തിലെ പോഷകക്കുറവ്, സുരക്ഷാസംവിധാനങ്ങളിലെ അഭാവം എന്നിവയും നിലനില്‍ക്കുന്നു.

“എന്നും ആന ഏകദാശം നാല് മുതല്‍ അഞ്ചു ടണ്‍ മാലിന്യം ഉല്‍പാദിപ്പിക്കുന്നുണ്ട്. അത് എന്നും അവിടെ നിന്ന് നീക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് കൃത്യമായി നിര്‍വഹിക്കപെടുന്നില്ലെന്ന് അവിടെ പോയാല്‍ കാണാനാവും. പല ആനകളും സ്വന്തം മൂത്രത്തിലും പിണ്ഡത്തിലും ചവിട്ടിയാണ് നില്‍ക്കുന്നത്. ഇതിനു പുറമേ ഇവിടെയെത്തുന്ന ആയിരത്തോളം സന്ദര്‍ശകര്‍ വിവിധ തരത്തിലുള്ള മാലിന്യം ഇവിടെ ഉപേക്ഷിക്കുകയും ചെയുന്നുണ്ട്.” അദ്ദേഹം പറയുന്നു.

മതിയായ കുടിവെള്ളം ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയ മറ്റൊരു പ്രശ്നം.” കുടിവെള്ള സ്രോതസുണ്ടെങ്കിലും ആനയെ കെട്ടുന്ന സ്ഥലത്തും അവിടെയുള്ള എല്ലാ ആനകളുടെയും ആവശ്യത്തിനനുസരിച്ചുള്ള ടാങ്ക് ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം.” അദ്ദേഹം പറഞ്ഞു.

എല്ലാ ആനകളും തണലിന്റെയോ മറവിന്റെയോ സുരക്ഷയിലായിരിക്കണം എന്ന് ചട്ടം ഉണ്ടെങ്കിലും എഴുപതു വയസ്സിനു മുകളിലുള്ള പദ്മനാഭനും, അറുപത്തഞ്ചു വയസ്സുള്ള രാധാകൃഷ്ണനും, അമ്പതു വയസ്സ് കഴിഞ്ഞ കണ്ണനും, പിടിയാനയായ രശ്മിയും എല്ലാം തണലില്ലാതെയാണ് ഇവിടെ കഴിഞ്ഞു പോരുന്നതെന്ന് അവിടെ ജോലി ചെയ്യുന്നവര്‍ പറയുന്നു.

എല്ലാ ആനകള്‍ക്കും മറവു വേണമെന്നുള്ളത് ഇവിടെ പാലിക്കാതെ വരുന്നു. പ്രായമുള്ള ആനകള്‍ക്ക് സ്ഥിരമായ ഒരു അഭയം ഉണ്ടാവുക എന്നത് മനുഷ്യരെ പോലെ തന്നെ നിര്‍ബന്ധമാണ്. 65 വയസ്സ് ആനകള്‍ക്ക് വിരമിക്കുന്ന പ്രായമാണെങ്കിലും ചില അവസരങ്ങളില്‍ അവരെ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ വിരമിച്ച പത്മനാഭനെ വീണ്ടും ഉപയോഗിച്ചതിന്റെ ഭാഗമായി പരുക്ക് പറ്റി വിശ്രമിക്കുകയാണ് ഈ ആന ഇപ്പോഴെന്നും പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞു.

പാപ്പാന്മാര്‍ക്കുള്ള പരിശീലനം കമ്മിറ്റി ക്രമമായി നടത്താത്തതും വിപരീതഫലം ഉണ്ടാക്കുന്നു. സദാസമയം ഒരു പാപ്പാനെങ്കിലും ആനയുടെ കൂടെയുണ്ടാവണം എന്നുള്ളതും പലപ്പോഴും പാലിക്കപ്പെടുന്നില്ലെന്നും ഇവര്‍ പറയുന്നു.

എന്നും ആനയെ കുളിപ്പിക്കണം എന്ന് വ്യവസ്ഥയുണ്ടെങ്കിലും അതിനുള്ള സൗകര്യം ഇപ്പോള്‍ ആനക്കോട്ടയില്‍ ഇല്ല. ഒരു ആനയെ കുളിപ്പിച്ച വെള്ളത്തില്‍ തന്നെ മറ്റു ആനകളെയും കുളിപ്പിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഇവിടെയുള്ളത്. എല്ലാ ആനകള്‍ക്കും ആവശ്യമായ വെള്ളം കിട്ടുന്നില്ലെന്ന് പാപ്പാന്മാര്‍ പരാതി ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാള്‍ ഏറെയായി. വെള്ളം ലഭിക്കുന്നതിന് കൃത്യമായ സ്‌ത്രോതസ്സുണ്ടെങ്കിലും മുപ്പതു വര്‍ഷമായി പുതുക്കാതെ കിടക്കുന്ന കുഴലുകലാണ് ഇതിനു തടസ്സമാവുന്നത്. ഒരു വലിയ കുളം അവിടെ അടുത്തു തന്നെ ഉണ്ടെങ്കിലും കുളം മലിനമായതിനാല്‍ അത് ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും ജീവനക്കാര്‍ പറയുന്നു.

ആവശ്യത്തിന് വ്യയാമം ചെയ്യാനുള്ള സൗകര്യം ആനകള്‍ക്ക് ആനക്കോട്ടയില്‍ ഇല്ല എന്നതും ഒരു പ്രധാന പ്രശ്‌നമാണ്. അത് ആനയെ ശാരീരികമായും മാനസികമായും തളര്‍ത്തുന്നു. പല ആനകളും വര്‍ഷങ്ങളായി ആനക്കോട്ടയുടെ ഉള്ളില്‍ തന്നെയാണ്. മറ്റു ചിലതിനെ കെട്ടിയിട്ട സ്ഥലത്തു നിന്ന് പോലും മാറ്റാത്ത അവസ്ഥകള്‍ ഉണ്ടാവാറുണ്ട്. അമ്പതു വയസ്സിനു മുകളില്‍ പ്രായമുള്ള ചന്ദ്രശേഖരന്‍, മാധവന്‍കുട്ടി, ഇരുപത്തിരണ്ട് വയസ്സുകാരനായ കീര്‍ത്തി, പിടിയാനയായ രശ്മി എന്നിവരാണ് അവരില്‍ ചിലര്‍. “വ്യായാമത്തിന്റെ കുറവുകൊണ്ടു സന്ധികളില്‍ ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. അതിന്റെ മാനസികാരോഗ്യത്തിനും വ്യായാമം ആവശ്യമാണ്. നമ്മള്‍ ഒരു കൊച്ചു കുട്ടിയെ പിടിച്ചു കെട്ടിയിടുന്ന അതെ അവസ്ഥയാണ് ആനയെ കെട്ടിയിടുമ്പോള്‍ ഉണ്ടാവുന്നത്. ആന ഇപ്പോഴും ഓടി നടക്കണം എന്ന താല്പര്യക്കാരനാണ്,” എന്നാണ് സംസ്ഥാന മൃഗപരിപാലന വകുപ്പിലെ മുതിര്‍ന്ന വെറ്ററിനറി ശസ്ത്രജ്ഞനായ ഡോ. ഈശ്വരന്‍ കൃഷ്ണന്‍ പറയുന്നത്.

ആനകള്‍ക്ക് ഭക്ഷണമായി ലഭിക്കുന്നതില്‍ 80% പനമ്പട്ടയാണ്. പനമ്പട്ട കൊടുക്കുന്നത് കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഒരു ശീലമാണ്. ആനയുടെ പല്ലിനെയും മലവിസര്‍ജ്ജനത്തെയും പനമ്പട്ട പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് മൃഗഡോക്ടര്‍മാര്‍ പറയുന്നത്. പുല്ല്, പ്ലാവില, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നിവ വലിയ തോതില്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇത്തരം വിഷയങ്ങള്‍ക്കു പുറമേ ആനക്കോട്ടയ്ക്ക് സുരക്ഷിതമായ ചുറ്റുമതില്‍ ഇല്ലാത്തതം സാമ്പത്തികമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ആനകളെ ദ്രോഹിക്കുന്നതും പ്രശ്നമാണെന്ന് വെങ്കിടാചലം പറയുന്നു. “ആനക്കോട്ടയുടെ ചുറ്റും പല ഭാഗങ്ങളിലായി മതില്‍ പൊളിഞ്ഞു കിടക്കുകയാണ്. ആ ഭാഗത്തു കൂടെ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും അകത്തു കടക്കാന്‍ സാധിക്കും. ആനയുടെ വാലിലെ നാര് മോതിരവും വളയും ഉണ്ടാക്കാം, അതിന് നല്ല വിലയാണ്. പലപ്പോഴും ഇത് എടുക്കുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. തുമ്പിക്കൈ എത്താത്ത ഭാഗങ്ങളില്‍ കൃമി കൊതു ഇത്യാദികളുടെ ശല്യം ഉണ്ടാകുമ്പോള്‍ ആട്ടിക്കളയാന്‍ വേണ്ടിയാണു വാല് ഉപയോഗിക്കുന്നത്. വാലിലെ രോമം പോയി കഴിഞ്ഞാല്‍ ഇത് ചെയ്യാന്‍ പറ്റാതെ വരും. അവിടെ രാത്രികാലങ്ങളില്‍ കാവല്‍ക്കാരോ വെളിച്ചമോ ഇല്ല. അവിടെ നടക്കുന്നത് എന്തെന്നറിയാന്‍ സി സി ടി വി ക്യാമറ വെക്കാനായി പല പ്രാവശ്യം ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അത് വെച്ചിട്ടില്ല.”

ഇവിടെ രാത്രികാലങ്ങളില്‍ പാപ്പാന്മാര്‍ മദ്യപിക്കുന്നുണ്ടെന്നും ആരോപണമുണ്ടെന്നും അദ്ദേഹം പറയുന്നു. ആനയെ അനുസരണ പഠിപ്പിക്കാന്‍ സമാധാനപരമായും അക്രമപരമായും മാര്‍ഗങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും രാജ്യത്തുടനീളം അക്രമപരമായ രീതികള്‍ പിന്തുടരുന്നതായാണ് അധികവും കണ്ടുവരുന്നത്. കൃത്യമായ പരിശീലന പരിപാടികള്‍ പാപന്മാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച് അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഇതിനുള്ള ഒരു പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം പ്രശ്നങ്ങള്‍ക്കു പുറമേ ഉത്സവങ്ങള്‍ക്കും ഘോഷയാത്രകള്‍ക്കും എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതും അപകടങ്ങള്‍ക്കു വഴിവെക്കുന്നുണ്ട്. ഉത്സവങ്ങള്‍ക്കും മറ്റു ഘോഷയാത്രകള്‍ക്കും ആനകളെ എഴുന്നള്ളിക്കുമ്പോള്‍ അടുത്തടുത്ത് നില്‍ക്കുന്ന ആനകളുടെ ഉദരങ്ങള്‍ തമ്മില്‍ ഒന്നര മീറ്റര്‍ ദൂരവും മുന്നിലും പിന്നിലുമായിട്ടുള്ള ആനകള്‍ക്കിടയില്‍ നാല് മീറ്റര്‍ ദൂരവും പാലിക്കേണ്ടതുണ്ടെന്നാണ് കേരള വന്യമൃഗസംരക്ഷണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്. എന്നാല്‍ മിക്ക സാഹചര്യങ്ങളിലും ഇവ പാലിക്കപ്പെടുന്നില്ല. ഉത്സവകാലം തുടങ്ങുന്നതോടെ പന്ത്രണ്ടു മണിക്കൂര്‍ വിശ്രമം ആനയ്ക്ക് അനുവദിക്കണമെന്നുള്ളതും പലപ്പോഴും നടക്കാതെ പോകുകയാണെന്ന് വെങ്കിടാചലം പറയുന്നു.

ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ സാധിക്കില്ലെങ്കിലും അടിസ്ഥാനമായി മാനിക്കേണ്ടവ പാലിച്ചാല്‍ ആനകള്‍ക്കു ഉണ്ടാവുന്ന അപകടങ്ങളും ബുദ്ധിമുട്ടുകളും ഒരു പരിധി വരെ തടയാനാവുമെന്നാണ് ഡോക്ടര്‍മാരും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഒരുപോലെ പറയുന്നത്.

റെന്‍സ ഇഖ്ബാല്‍

We use cookies to give you the best possible experience. Learn more