ആറ് മാസമെടുക്കും; നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയോട് വിചാരണ കോടതി
Kerala
ആറ് മാസമെടുക്കും; നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയോട് വിചാരണ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th February 2023, 12:40 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയമെടുക്കുമെന്ന് വിചാരണ കോടതി. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കവേയാണ് വിചാരണ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം വേണ്ടിവരുമെന്ന് വിചാരണ കോടതി അറിയിച്ചത്.

വിചാരണ നീണ്ടുപോവുന്നത് കാണിച്ചാണ് പള്‍സര്‍ സുനി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. വര്‍ഷങ്ങളായി താന്‍ ജയിലിലാണ്, വിചാരണ നീണ്ടുപോവുകയാണ്, അതുകൊണ്ട് തന്നെ തനിക്ക് ജാമ്യം നല്‍കണമെന്നായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. ജാമ്യാപേക്ഷയുടെ സ്റ്റാറ്റസ് എന്തായി എന്നറിയിക്കാന്‍ വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടാണ് വിചാരണ കോടതി ഹൈക്കോടതിക്ക് നല്‍കിയത്. വിഷയവുമായി ബന്ധപ്പെട്ട ഹരജി 27നായിരിക്കും ഹൈക്കോടതി പരിഗണിക്കുക. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമാണെന്നും തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ദിലീപ് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ ദിലീപിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും വിചാരണ നീട്ടിക്കൊണ്ടു പോകണമെന്ന് ഉദ്ദേശമില്ലെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താന്‍ പ്രതിയും പ്രതിയോട് ബന്ധപ്പെട്ടവരും ശ്രമിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

Content Highlight: The trial court said that it will take another six months to complete the trial in the actress assault case