മദ്യ നയക്കേസ്: കെജ്‌രിവാൾ ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ, ഉത്തരവിട്ട് വിചാരണ കോടതി
national news
മദ്യ നയക്കേസ്: കെജ്‌രിവാൾ ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ, ഉത്തരവിട്ട് വിചാരണ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2024, 8:36 pm

ന്യൂദൽഹി: മദ്യ നയക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയിൽ വിടണമെന്ന ഇ.ഡിയുടെ ആവശ്യത്തിൽ ഉത്തരവ് പുറപ്പെടുവിച്ച് വിചാരണ കോടതി.

കെജ്‌രിവാളിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർച്ച് 28 വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കേസിൽ ജഡ്ജി കാവേരി ഭൗജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മുഖ്യമന്ത്രിയെ ഉടനെ ഇ.ഡി ഓഫീസിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ. മൂന്നേകാൽ മണിക്കൂറുകൾക്ക് ശേഷമുള്ള വാദത്തിനൊടുവിലാണ് കോടതിയുടെ ഉത്തരവ്. പത്ത് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്.

കോടതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. സംഘർഷാവസ്ഥയെ മുൻനിർത്തി കോടതിയുടെ സമീപ റോഡുകളിൽ കേന്ദ്ര സേനയെ വിന്യസിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അവ വീണ്ടെടുക്കണമെന്നും ഇ.ഡി കോടതിയിൽ പറഞ്ഞു. കേസിൽ നേരത്തെ സാക്ഷികളായവരും മാപ്പുസാക്ഷികളായവരും അഴിമതിയിൽ കെജ്‌രിവാളിന് ബന്ധമുണ്ടെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ടന്ന് ഇ.ഡി വാദിച്ചു.

കെജ്‌രിവാളാണ് ഈ അഴിമതിയുടെ പ്രധാന സൂത്രധാരനെന്നും അതിനുള്ള വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു. മദ്യ നയരൂപീകരണം, നയം നടപ്പിലാക്കൽ, കോഴ ചോദിച്ചുവാങ്ങൽ തുടങ്ങിയ നീക്കങ്ങളിൽ ദൽഹി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് ഇ.ഡി പറഞ്ഞു.

കേസിൽ കെജ്‌രിവാളിന്റെ നിർദേശപ്രകാരം മലയാളിയായ വിജയ് നായർ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടെന്നും കോടതിയിൽ ഇ.ഡി വാദിച്ചു. ഇതിന് തെളിവായി സമൂഹ മാധ്യമങ്ങൾ വഴിയുള്ള സംഭാഷണങ്ങൾ ഇ.ഡി കോടതിയിൽ സമർപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 600 കോടിയുടെ അഴിമതിയാണ് കെജ്‌രിവാൾ നടത്തിയിരിക്കുന്നതെന്നും ഇ.ഡി വാദമുയർത്തി.

അതേസമയം അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അരവിന്ദ് കെജ്‌രിവാൾ വാദിച്ചു. കെജ്‌രിവാളിനെതിരെ നടക്കുന്നത് ആസ്ത്രൂതിതമായ നീക്കമാണെന്ന് മുഖ്യമന്ത്രിക്കായി ഹാജരായ മനു അഭിഷേക് സിങ്‌വി കോടതിയിൽ പറഞ്ഞു. പ്രതിയെ മാപ്പുസാക്ഷിയാക്കി ഇ.ഡി കൃത്രിമ മൊഴിയുണ്ടാക്കിയെന്നും കോടതിയിൽ സിങ്‌വി ചൂണ്ടിക്കാട്ടി.

കേസിൽ നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന യാതൊരു വിധ വിവരങ്ങളും ഇ.ഡി കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും സിങ്‌വി പറഞ്ഞു. അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് ആദ്യമായിട്ടാണെന്നും സിങ്‌വി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇ.ഡിയുടെ ആസ്ത്രൂതിത നടപടിയാണ് അറസ്റ്റെന്നും മനു അഭിഷേക് സിങ്‌വി കൂട്ടിച്ചേർത്തു.

ജനാധിപത്യ വിഷയങ്ങൾ ഉൾപ്പെടുന്ന വിശാലമായ കേസാണ് ഇതെന്നും കെജ്‌രിവാൾ കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം കെജ്‌രിവാളിനെതിരെ അണ്ണ ഹസാരെ രംഗത്തെത്തി. സ്വന്തം ചെയ്തികൾക്കുള്ള ഫലമാണ് കെജ്‌രിവാൾ നിലവിൽ അനുഭവിക്കുന്നതെന്ന് അണ്ണ ഹസാരെ പറഞ്ഞു. മദ്യത്തിനെതിരെ ശബ്ദിച്ച ഒരാൾ മദ്യ നയമുണ്ടാക്കുന്നോ എന്നായിരുന്നു ഹസാരയുടെ ചോദ്യം. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ദുഃഖമുണ്ടെന്നും അണ്ണ ഹസാരെ പറഞ്ഞു.

Content Highlight: The trial court issued an order on the demand of ED to release Kejriwal in custody