ഭാഗം 2
യാത്ര/ഷൗക്കത്ത്
അതൊരു മനുഷ്യനാണ്. ഇവിടെ താമസിക്കുന്ന ആളാകും. ആശ്വാസം. സലിംക്ക പുറത്തിറങ്ങി. അയാള്‍ വരാന്തയിലിരുന്നു. പെട്ടെന്ന് ഞങ്ങളെ കണ്ടിട്ടും അയാള്‍ ഞെട്ടിയില്ല. മലയാളം അറിയില്ല. കര്‍ണ്ണാടകക്കാരനാണ്. ഒരു മാസമായി ഇതിനുള്ളില്‍ കഴിയുകയാണെന്ന് പറഞ്ഞു. നല്ല ഒത്ത ശരീരം. തിളങ്ങുന്ന കണ്ണുകള്‍. മുണ്ടുമാത്രമാണ് വേഷം. നിഷ്‌ക്കളങ്കമായ പുഞ്ചിരി. കൂടുതല്‍ സംസാരമില്ല. എങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിന് ഒരു യോഗാത്മകതയുണ്ട്. ഗുരുവില്‍നിന്നും ഉപദേശംവാങ്ങി മല കയറിയതാണ്. പാതഞ്ജലയോഗസൂത്രം കയ്യിലുണ്ട്. സാധനയിലാണ്. പകല്‍സമയം ആളുകള്‍ വരുന്നതിനാല്‍ കാട്ടില്‍ കയറും. രാത്രയില്‍ ഇവിടെവന്നു കിടക്കും. പരിചയസമ്പന്നനായ ഒരാള്‍കൂടി ഉണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ആശ്വാസമായി. ഉള്ള സ്ഥലത്ത് ഒന്നിച്ചു കിടക്കാമെന്നു പറഞ്ഞ് അയാള്‍ അകത്തുകയറി.
ഘനീഭൂതമായ നിശ്ശബ്ദതയില്‍ അകപ്പെട്ടുപോയാല്‍ ശാന്തമായ ധ്യാനാത്മകാനുഭവം മാത്രമല്ല വിടര്‍ന്നു വരിക. ഉപബോധത്തില്‍ മറഞ്ഞു കിടക്കുന്ന ഭയാശങ്കകള്‍ നിറഞ്ഞ സ്മരണകള്‍ സഹിക്കാനാവാത്ത അസ്വാസ്ഥ്യമായി ബോധോപരിതലത്തിലേക്ക് ഇരച്ചുകയറിവരും. ജ്ഞാനാധിഷ്ഠിതമായ സംയമം പരിചയമില്ലാത്തവര്‍ക്ക് അത്തരം അനുഭവങ്ങള്‍ നിലയില്ലാകയത്തിലേക്ക് ആണ്ടുപോകുന്നതുപോലുള്ള സംഭ്രാന്തിയാവും സമ്മാനിക്കുക. മൗനാത്മകത എത്രമാത്രം അപകടകരം കൂടിയാണെന്ന് അനുഭവിച്ചറിഞ്ഞ രാത്രിയായിരുന്നത്. കാട്ടുവാസിയായ യോഗിവര്യനും പൂര്‍വ്വാനുഭവിയായ സലിംക്കയും അടുത്തുണ്ടായിരുന്നിട്ടു കൂടി അടിവയറ്റില്‍നിന്നും തള്ളിക്കയറി വരുന്ന സംഭ്രാന്തിയുടെ ചുഴിയില്‍പ്പെട്ട് ശ്വാസംമുട്ടി മരിച്ചുപോകുമെന്നുപോലും എനിക്കു തോന്നി.
ഞാന്‍ എഴുന്നേറ്റിരുന്നു. സ്വാമി വിവേകാനന്ദന്റെ പുസ്തകത്തില്‍നിന്നും വായിച്ചു പഠിച്ച ധ്യാനം അഭ്യസിക്കാന്‍ തീരുമാനിച്ചു. കാടാണല്ലോ ധ്യാനത്തിന് അനുയോജ്യമായ ഇടം. ചമ്രം പടിഞ്ഞിരുന്ന് കണ്ണുകളെ ഭ്രൂമദ്ധ്യത്തില്‍ ഏകാഗ്രമാക്കി ചിന്തകളെ അതിന്റെ പാട്ടിനൊഴുക്കി വിടാന്‍ അനുവദിച്ചു. ചിന്തകള്‍മാത്രം അതിന്റെ പാട്ടിനു പോകുന്നില്ല. കണ്ണുകളാണെങ്കില്‍ വേദനിക്കാനും തുടങ്ങി. ഒരു ചിന്ത ഉള്ളിലുണരുന്നതോടെ ആയിരം ചിന്തകളെ ഞാന്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. കാര്യങ്ങളെ അതിന്റെ വഴിക്കൊഴുകാന്‍ അനുവദിക്കുകയെന്നത് പറയാനെളുപ്പമാണെങ്കിലും പരിശീലിക്കാന്‍ എളുപ്പമല്ലെന്ന് അന്നറിഞ്ഞു. അസ്വസ്ഥതയെ കൂടുതല്‍ അസ്വസ്ഥതയിലേക്കു നയിക്കുക മാത്രമായിരുന്നു ഫലം. ബോധാബോധങ്ങളുടെ സഞ്ചാരപഥങ്ങളെക്കുറിച്ച് സൂക്ഷ്മജ്ഞാനമുണ്ടായാല്‍ മാത്രമേ ഉള്ളിലുണരുന്ന ചിന്താപ്രവാഹങ്ങളെ സംയമത്തോടെ ഒഴുക്കിവിടാനാകൂവെന്ന് പിന്നീടാണ് അറിയാനായത്.
“ഉറങ്ങാനാവുന്നില്ല അല്ലേ?നമുക്കെന്നാല്‍ വെളിയില്‍ കിടക്കാം. അവിടെയാകുമ്പോള്‍ നീണ്ടുനിവര്‍ന്നു കിടക്കാം. കല്ലു കുത്തിത്തറക്കുകയുമില്ല.” അത്രയും പറഞ്ഞ് ചാക്കും മടക്കിയെടുത്ത് അദ്ദേഹം മുറിക്കു പുറത്തിറങ്ങി. കരടിയും പുലിയും ഉള്ളില്‍ ആക്രോശിച്ചു. ഭയമില്ലെന്ന് അറിയാതെ പറഞ്ഞു പോയതിന് ഇത്രമാത്രം വില കൊടുക്കേണ്ടിവരുമെന്ന് കരുതിയതേയില്ല. ദുരഭിമാനത്തിന്റെ കല്‍ത്തുറങ്കില്‍ക്കിടന്നു പിടയുന്ന എന്റെ ആത്മഭാവം സലിംക്ക അറിഞ്ഞിരിക്കുമോ ആവോ?
കുടുംബസുരക്ഷിതത്വത്തില്‍ സുഖമായി കഴിഞ്ഞിരുന്ന എനിക്ക് പ്രതിസന്ധികളെ ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല. ജീവിതത്തിന്റെ ഉപരിതലങ്ങളില്‍മാത്രം വ്യാപരിച്ചിരുന്ന ബോധത്തിന് കേവലം സുഖങ്ങള്‍ക്കുമപ്പുറമുള്ള അനുഭൂതി ലോകങ്ങളും അനുഭവിക്കാനായില്ല. ഇവിടെ ഇതാ ജീവിതം അതിന്റെ ആഴങ്ങളെ അനുഭവിപ്പിക്കുന്നു. സനാഥത്വത്തിന്റെയും അനാഥത്വത്തിന്റെയും ആഴങ്ങള്‍! ഈശ്വരാ, ജീവിതം എത്ര നിഗൂഢമാണെന്ന് പ്രാര്‍ത്ഥിച്ചു തുടങ്ങിയത് ആ അനിശ്ചിതത്വത്തിലിരുന്നായിരുന്നു. എല്ലാ സുനിശ്ചിതത്വങ്ങളും അനിശ്ചിതത്വങ്ങളിലാണ് വിലീനമായിരിക്കുന്നതെന്ന് അറിയാനായാല്‍ എത്ര അനായാസമായിരിക്കും ജീവിതം!
സുനിശ്ചിതമായ വഴികളിലൂടെ സുഖംതേടി അലഞ്ഞലഞ്ഞ് ദുഃഖത്തിന്റെ മഹാര്‍ണ്ണവത്തില്‍ ചെന്നുവീഴുന്ന ബോധങ്ങള്‍. എല്ലാ പ്രതീക്ഷകളുമറ്റ് നിസ്സഹായനായിരിക്കേ സ്വാസ്ഥ്യത്തിന്റെ വീചികള്‍ എവിടുന്നോ ഒഴുകിയെത്തി ഉള്ളത്തെ കുളിര്‍പ്പിക്കുന്നു. അറിയുംതോറും അറിയാനാവാത്തവിധം നിഗൂഢമാണ് സുഖദുഃഖങ്ങള്‍ക്കു കാരണമായിരിക്കുന്ന പൊരുളെന്ന് ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കെല്ലാം ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. എന്തെങ്കിലും ആയിത്തീരാനുള്ള മോഹങ്ങളില്‍നിന്നെല്ലാം ബോധത്തെ നിവര്‍ത്തിച്ച് വന്നുചേരുന്ന അനുഭവങ്ങള്‍ക്കു മുകളില്‍ ധ്യാനനിരതരായാല്‍ ജീവിതം അതിന്റെ എല്ലാ സൗകുമാര്യതയോടും വന്നുഭവിക്കുന്നത് അനുഭവിക്കാനാകുമെന്നും അവരറിയും.
ഉറങ്ങാനാവുന്നേയില്ല. പേടിയാവുന്നുണ്ടോ? സലിംക്കയുടെ ചോദ്യം. ഭയത്തിന്റെ മൃദുസ്പര്‍ശം അദ്ദേഹത്തെയും ബാധിച്ചിരിക്കുമോ? എങ്കില്‍ അതെത്ര ആശ്വാസം. നമുക്ക് മുകളില്‍ കയറി കിടക്കാമെന്നു പറഞ്ഞ് അദ്ദേഹം ചാക്കു ചുരുട്ടി കോണിയുടെ അടുത്തേക്കു നടന്നു. പുറത്ത് മരംകോച്ചുന്ന തണുപ്പുമായി ആഞ്ഞുവീശുന്ന കാറ്റ് ഞങ്ങളെയും തൂക്കി പറന്നകലുമെന്നു തോന്നി. ചുമരിനോടു് ഓരംചേര്‍ന്ന് കോണിക്കടുത്തെത്തി. കോണിയില്‍ പല പടവുകളും അറ്റുപോയിരുന്നു. പെട്ടെന്ന് മുകളിലെത്തി. കാലുതെന്നി താഴെ വീഴാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രം.
യാത്രകള്‍ എല്ലാ പ്രതിരോധങ്ങളെയും കണക്കുകൂട്ടലുകളെയും തയ്യാറെടുപ്പുകളേയും തകര്‍ത്ത് നിസ്സഹായതയുടെ ശൂന്യതയിലേക്ക് പലപ്പോഴും വലിച്ചെറിഞ്ഞേക്കാം. പിന്നീടുണ്ടായ യാത്രകളിലെല്ലാം അനിശ്ചിതത്വത്തിന്റെ മുള്‍മുനകളില്‍ അകപ്പെട്ടുപോയപ്പോഴെല്ലാം സര്‍വ്വജ്ഞപീഠത്തില്‍ അനുഭവിച്ച പാഠങ്ങളാണ് പിന്‍ബലമായി വര്‍ത്തിച്ചത്. നിനച്ചിരിയാതെ വരുന്ന പ്രതിസന്ധികള്‍ ജീവിതയാത്രയുടെ സുഗമമായ പ്രയാണത്തിന് തടസ്സമുണ്ടാക്കുമ്പോഴെല്ലാം കാത്തിരിക്കുക, ക്ഷമയോടെ കാത്തിരിക്കുക എന്ന് ഉള്ളിന്റെയുള്ളില്‍നിന്നും ഉണര്‍ന്നുവരാറുള്ള നാദം സര്‍വ്വജ്ഞപീഠം സമ്മാനിച്ച അനുഗ്രഹമല്ലാതെ മറ്റൊന്നുമായിരുന്നില്ല.
നേരം പുലര്‍ന്നു. സര്‍വ്വജ്ഞപീഠത്തിനോടു ചേര്‍ന്ന് കാറ്റേല്‍ക്കാത്ത ഒരിടത്ത് കല്ലുകളടക്കി ഒരു അടുപ്പുണ്ടാക്കി. ചുള്ളിക്കമ്പുകള്‍ പെറുക്കി കത്തിച്ച് കട്ടന്‍ചായയുണ്ടാക്കി കുടിച്ചു. അവിടം ഒരു സ്ഥിരം പാചകസ്ഥലമാക്കാന്‍ കഴിയെല്ലെന്നു മനസ്സിലായി. കുറച്ചുകൂടി താഴേക്കുമാറി മുന്‍പാരോ താമസിച്ചിരുന്ന പൊളിഞ്ഞുവീണ ഒരു കുടിലുണ്ട്. അതിനടുത്ത് കാറ്റടിയേല്‍ക്കില്ല. അവിടെയാവാം കഞ്ഞിയുണ്ടാക്കലെന്നു തീരുമാനിച്ചു. വെള്ളമെടുക്കാന്‍ കുറെ താഴേക്കു പോകണം. അഗസ്ത്യതീര്‍ത്ഥത്തില്‍. അവിടെയാണ് കുളിയും. കുത്തനെയുള്ള ഇറക്കമാണ്. ഇറകൂന്ന വഴിയില്‍ അല്പനേരം ഗണപതിഗുഹയില്‍ വിശ്രമിക്കും. നല്ല തണുപ്പുള്ള ഗുഹയാണ്. രാത്രികളില്‍ പുലികള്‍ വിശ്രമിക്കാറുള്ള ഇടമാണത്രെ. നനവു പടര്‍ന്ന ഒരു ചെങ്കല്ലുഗഹയാണത്. ഗുഹയ്ക്കു പുറത്ത് ഒരു ബഞ്ചുണ്ട്. അതില്‍ കുറേനേരം ചുമ്മാ ഇരിക്കും. സലിംക്ക കൂടെയുണ്ടെങ്കില്‍ ഭയമില്ല. അല്ലെങ്കില്‍ എത്രയും പെട്ടെന്ന് സ്ഥലം വിടും.
ഔഷധസസ്യങ്ങളാല്‍ സമൃദ്ധമായ വനമാണ് കുടജാദ്രി. ഒരു വന്‍മരത്തിന്റെ വേരുകള്‍ക്കിടയിലൂടെ ഒഴുകി വരുന്ന ഔഷധജലമാണ് കുടിക്കാനും കുളിക്കാനും എടുക്കുക. കുടജാദ്രിയില്‍ വരുന്നവരൊക്കെ ഇവിടെ ഒരു കുളി പാസാക്കാറുണ്ട്. ശരീരത്തിന് ഈ കുളിര്‍ജലം പകര്‍ന്നുതരുന്ന ഉണര്‍വ്വ് അനുഭവിച്ചുതന്നെ അറിയണം. വെള്ളംവന്നു വീഴുന്നിടത്ത് ഊറിക്കൂടിയിട്ടുള്ള പശിമയാര്‍ന്ന മണ്ണ് ശരീരമാസകലംപൂശി ഉണകൂന്നതുവരെ ഇളവെയിലേറ്റു കിടന്ന് ആ ഔഷധവെള്ളത്തില്‍ കുളിച്ചാല്‍ ത്വക്കുരോഗങ്ങളെല്ലാം ഒഴിഞ്ഞുപോകുമെന്നും ശരീരത്തിന്റെ പ്രതിരോധശക്തി കൂടുമന്നും ഒരു യാത്രികന്‍ പറഞ്ഞതു കേട്ടപ്പോള്‍ പിന്നെ ദിവസവും ഞങ്ങളുടെ കുളി അങ്ങനെയായി. ചളിമണ്ണുതേച്ചുള്ള കുളി കഴിഞ്ഞ് ഓരോ കാനില്‍ വെള്ളവുമെടുത്ത് തിരിച്ചു കയറും. അതിത്തിരി കടന്ന പണിതന്നെയായിരുന്നു. പത്തടി കയറുമ്പോഴേക്കും ക്ഷീണിക്കും. നെഞ്ചിപ്പുകൂടും. തളര്‍ന്ന് തലകറങ്ങി വീഴുമെന്നു തോന്നും. ജീവിതത്തില്‍ ഒരിക്കലും മേലനങ്ങി പണിയെടുത്തിട്ടില്ലാത്ത എനിക്കു് അത് താങ്ങാവുതിനുമപ്പുറമായിരുന്നു. ഗണപതിഗുഹയിലെത്തുമ്പോഴേക്കും വിയര്‍ത്തുകുളിച്ചിട്ടുണ്ടാകും. കുളിച്ചതെല്ലാം ആവിയായിപ്പോകും. ഒരുവിധം താങ്ങിയൊപ്പിച്ച് മുകളിലെത്തും. നാളെ വീണ്ടും ഇതു തുടരണമല്ലോ എന്നോര്‍ക്കുമ്പോള്‍ ആരോടൊക്കെയാ അരിശം വരും.