ഭാഗം 1
യാത്ര/ഷൗക്കത്ത്
ഇരുപതു വയസ്സു പ്രായമുള്ളപ്പോഴാണ് ആദ്യമായി കുടജാദ്രി മലയില്‍ പോകുന്നത്. ജീവിതത്തിന്റെ നിഗൂഢതകളറിയണമെന്ന താല്പര്യമോ, കാടും മലയും അനുഭവിക്കാനുള്ള അടങ്ങാത്ത ദാഹമോ അല്ല ആ യാത്രയ്ക്കു പ്രേരിപ്പിച്ചത്. വീട്ടില്‍നിന്നും ഓടിയകലാനുള്ള വെമ്പല്‍ മാത്രമായിരുന്നു പ്രചോദനം. എല്ലാ തരത്തിലുമുള്ള കെട്ടുപാടുകളില്‍നിന്നും കുതറിമാറാനുള്ള ചോദന. അടങ്ങാത്ത മോഹത്തോടെ സ്വന്തമാക്കാന്‍ കൊതിച്ചതെല്ലാം കൈപ്പിടിയിലാവുന്നതോടെ ഊര്‍ന്നുപോവുകയോ അതില്‍നിന്നും സ്വയം അകന്നുപോവുകയോ ചേഹ്ന. ഒന്നുകില്‍ അതെന്നെ വിട്ടുപോകും. അല്ലെങ്കില്‍ ഞാനതിനെ വിട്ടുപോകും. ഒന്നും എന്നില്‍ ഒട്ടിനിന്നില്ല; ഞാന്‍ ആഗ്രഹിച്ചതുപോലും.
ഉള്ളില്‍ തട്ടിയവയെ നിലനിറുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം ശരീരത്തിലും മനസ്സിലും തീപടരുകയാണുണ്ടായത്. നമ്മുടെ ആഗ്രഹങ്ങള്‍ക്കുമപ്പുറം ജീവിതത്തിന് അതിന്റേതായ ഉള്‍വഴികളുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നാം സൃഷ്ടിക്കുന്ന വഴികളേക്കാള്‍ സുനിശ്ചിതവും സുശക്തവുമാണ് ആ വഴികളെന്നും വഴിമാറിയൊഴുകാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണ്ണവും സംഘര്‍ഷവും നിറഞ്ഞ ജീവിതമാകും സംഭവിക്കുകയെന്നും അനുഭവം പറഞ്ഞുതന്നു. ഒരുപക്ഷെ നിയതിയുടെ സുനിശ്ചിതമായ തീരുമാനമായിരിക്കാം കുടജാദ്രിമലയിലേക്ക് കൂട്ടുകാരനും വഴികാട്ടിയുമായ സലിംക്കയോടൊപ്പം യാത്ര തിരിക്കാന്‍ പ്രേരിപ്പിച്ചത്.
ജീവിതത്തെ, അതിന്റെ സൂക്ഷ്മമായ അന്തര്‍ധാരകളെ, ബോധാബോധങ്ങളില്‍ അലയടിക്കുന്ന സൂക്ഷ്മമായ വൈകാരികപ്രപഞ്ചങ്ങളെ നിസ്സഹായനായി അനുഭവിച്ചു തുടങ്ങിയ ഇടം. ഭയവും അനുഭൂതിയും ആശങ്കയും നിരാശയും പ്രത്യാശയും അനാഥത്വവും സനാഥത്വവും എല്ലാം ഒരു മഹാപ്രവാഹമായി ഉള്ളില്‍ അലയടിച്ച ദിനങ്ങള്‍! ശങ്കരാചാര്യരുടെ തപംകൊണ്ട് പ്രസിദ്ധമായിത്തീര്‍ന്ന ആ നിശ്ശബ്ദവനത്തില്‍വെച്ച് ജീവിതം വഴിമാറിയൊഴുകിത്തുടകൂകയാണെന്ന് അറിഞ്ഞിരുന്നില്ല. യാഥാസ്ഥിതികമായ മതവിശ്വാസങ്ങളില്‍നിന്നും അകന്നുപോയിരുന്നെങ്കിലും ജീവിതത്തിന്റെ നിഗൂഢപ്രപഞ്ചത്തിലേക്ക് അതുവരെ വലിച്ചെറിയപ്പെട്ടിരുന്നില്ല. വിശ്വാസഅവിശ്വാസ ലോകങ്ങള്‍ക്കുമപ്പുറം വിരാജിക്കുന്ന ഒരു മഹാപ്രപഞ്ചമുണ്ടെന്നും അവിടെ എല്ലാ അതിരുകളും അറ്റുവീഴുമെന്നും അനന്തമായ ആകാശവും താഴ്‌വരകളിലൂടെ മന്ദമായൊഴുകന്ന വെണ്‍മേഘങ്ങളും മൗനമൂകമായ വനഹൃദയവും പറഞ്ഞുതന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്‌ക്കളങ്കതയോടെ ആ വാക്കുകള്‍ക്ക് ചെവിയോര്‍ത്തു. ആത്മാവിന്റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങിപ്പോയ ആ വാക്കുകളാണു് പിന്നീടു് ജീവിതത്തിന് പ്രത്യാശയുടെ നവോന്മേഷം പകര്‍ന്നത്. മുമ്പോട്ടുള്ള യാത്രയ്ക്ക് പ്രചോദനമാകത്തക്ക രീതിയില്‍ ഇന്നിനെ നിറവുള്ളതാക്കാനും ആ സംഗീതം എന്നെ സഹായിക്കുന്നു. അപശ്രുതികളാല്‍ ഹൃദയം കലുഷമാകുമ്പോഴെല്ലാം അകമേ വാത്സല്യസാന്നിദ്ധ്യമായി ആ കനിവു് നിറയുന്നു.
പത്തുദിവസത്തെ വനജീവിതം ഉള്ളിലൊരു ലോകമുണ്ടെന്ന് കാണിച്ചുതന്നു. പിടിതരാത്ത ലോകം. അടുക്കുംതോറും അകന്നകന്നു പോകുന്ന മഹാപ്രപഞ്ചം. നിസ്സഹായനായി നോക്കിയിരിക്കുക മാത്രമെ വഴിയുള്ളുവെന്ന് അനുഭവിപ്പിച്ച ആ ദിനങ്ങള്‍ ഭാവിയില്‍ ജീവിതം എത്തിച്ചേര്‍ന്നാക്കാവുന്ന ഒരിടത്തേക്ക് വെളിച്ചം വീശുകയായിരുന്നിരിക്കണം. പിന്നീടുണ്ടായ യാത്രകളെല്ലാം വനത്തിലായാലും മനത്തിലായാലും പട്ടണങ്ങളിലായാലും ഹിമവല്‍സാനുക്കളിലായാലും ആ കാടുജീവിതത്തിന്റെ ആവര്‍ത്തനങ്ങള്‍ മാത്രമായിരുന്നു. ജീവിതത്തെ അറിയാന്‍ ഒരൊറ്റ അനുഭവം മാത്രം മതിയെന്നും എല്ലാ അനുഭവങ്ങളും ആദ്യാനുഭവത്തിന്റെ ആവര്‍ത്തനം മാത്രമാണെന്നും ഇന്നറിയുന്നു.
നിയതി ക്ഷമയോടെ നമുക്കു മുമ്പില്‍ വീണ്ടുംവീണ്ടും ഒരേ കാര്യം പറഞ്ഞുതരാനായി സമാനമായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയാണ്. എന്നെങ്കിലും നാം അനുഭവത്തിനു പിന്നിലിരിക്കുന്ന മൗനമന്ദഹാസത്തിലേക്ക് ഉണരുമെന്ന് നിയതി പ്രതീക്ഷിക്കുന്നു. അന്നു നാം ഒരുപക്ഷെ നമ്മുടെ വിഡ്ഢിത്തമോര്‍ത്ത് പൊട്ടിച്ചിരിക്കുമായിരിക്കും. ജീവിതാനുഭവങ്ങളെക്കുറിച്ച് ഊറ്റം കൊണ്ടിരുന്ന നമ്മുടെ അഹന്ത അവിടെ അറ്റു വീണേക്കും. പുതുപുത്തന്‍ അനുഭവങ്ങള്‍ക്കായി വെമ്പല്‍കൊണ്ട് അലഞ്ഞു തിരിയുന്ന അന്തരംഗം അതോടെ നിശ്ചലമായേക്കും. ജീവിക്കുന്ന നിമിഷങ്ങളോട് ഉത്തരവാദിത്തമുള്ളവരായിത്തീരുന്ന അനുഗ്രഹനിമിഷങ്ങളായിരിക്കാം പിന്നീട് നമ്മില്‍ സംഭവിക്കുക.
ഒരനുഭവത്തില്‍ എന്തൊക്കെയാണോ സംഭവിക്കുന്നത് അതു മാത്രമേ അടുത്ത അനുഭവത്തിലും സംഭവിക്കുന്നുള്ളൂവെന്ന് ഒരാളറിയുമ്പോള്‍ അനുഭവത്തിനു വേണ്ടിയുള്ള അന്തര്‍ദാഹം ശമിക്കുകയും വന്നു ഭവിക്കുന്ന അനുഭവങ്ങളെ നിശ്ചലവും നിസ്സംഗവുമായ ബോധത്തോടെ അതിശയോക്തിയില്ലാതെ അനുഭവിക്കുകയും ചെയ്യും. അങ്ങനെയുള്ള അനുഭവം പുതുമയുള്ളതായിരിക്കും.
അതൊരു നവീനമായ ഉണര്‍വ്വാണ്. അനുസ്യൂതമായി തുടരുന്ന അനുഭവങ്ങള്‍ക്കു പിന്നാലെ പായുന്ന മനസ്സിന്റെ സഞ്ചാരം നിലയ്ക്കുക ഈ ഒരറിവ് അകമേ നിറയുമ്പോള്‍ മാത്രമാണ്. ബുദ്ധിപരമായി നാം ഇതറിയുമ്പോള്‍ അതൊരു വെറും അറിവു മാത്രമേ ആകുന്നുള്ളൂ. നമ്മുടെ സത്തയില്‍ ഈ അറിവ് കലര്‍ന്നുരുകുമ്പോഴേ ജീവിതത്തിന്റെ നിഗൂഢത നാം അറിഞ്ഞു തുടകൂകയുള്ളൂ.
മൂന്നുദിവസത്തെ താമസം മനസ്സില്‍ കണ്ടുകൊണ്ടാണ് ഞങ്ങള്‍ മല കയറിയത്. അരി വേവിക്കാനും കറി വെയ്ക്കാനുമായി രണ്ടു കലങ്ങളും കുറച്ച് പലവ്യഞ്ജനങ്ങളും വാങ്ങി യാത്ര തുടര്‍ന്നു. സലിംക്ക വളരെ മുമ്പിലാണ് യാത്ര. ശരിയായ വഴികളില്‍നിന്നും മാറി കാടിന്റെ ഉള്ളിലേക്കെല്ലാം അദ്ദേഹം കയറിപ്പോകും. ഞാനും അദ്ദേഹത്തെ അനുഗമിക്കും. പെട്ടെന്നദ്ദേഹത്തെ കാണാതാവും. പിന്നീടു കേള്‍ക്കുന്ന ഓരോ ശബ്ദവും ഒന്നുകില്‍ പുലിയുടേതോ അല്ലെങ്കില്‍ കരടിയുടേതോ ആണ്. ഭയന്നുവിറച്ച് കണ്ണടഞ്ഞുപോകും.
നിശ്ചലമായി ഒരിടത്ത് കുന്തക്കാലിലിരിക്കും. അടുത്തടുത്തുവരുന്ന പുലിയുടെ ശബ്ദം. കിടുകിടുക്കുന്ന ഹൃദയം നെഞ്ചുപിളര്‍ന്നു പുറത്തുചാടുമെന്നു തോന്നും. ഒന്നും ചെയ്യാനാവാതെ അങ്ങനെ കണ്ണടച്ചുതന്നെയിരിക്കും. കുറച്ചു കഴിയുമ്പോള്‍ ഉള്ളടങ്ങിയടങ്ങിവരും. അപ്പോള്‍ പുലിയുടെ ശബ്ദം പോയ്മറഞ്ഞിരിക്കും. തൊട്ടടുത്തു് വീണുകിടക്കുന്ന മരത്തില്‍ സലിംക്ക ഒന്നുമറിയാത്ത മട്ടില്‍ ഇരിക്കുന്നുണ്ടാവും. എന്നാല്‍ നമുക്ക് നടക്കാമല്ലേ എന്നു പറഞ്ഞ് അദ്ദേഹം യാത്ര തുടരും. ശാന്തമായ മനസ്സോടെ കാടിന്റെ മൗനാരവത്തില്‍ ലയിച്ച് ഞങ്ങള്‍ നടക്കും.
പെട്ടെന്ന് മുകളിലെത്തണമെന്ന യാതൊരു തീരുമാനവുമില്ലാതെയാണ് സലിംക്കയുടെ യാത്ര. എങ്ങനെയെങ്കിലും മനുഷ്യര്‍ വസിക്കുന്നിടത്തെത്തിയാല്‍ മതിയെന്നാണ് എന്റെ ചിന്ത. മനുഷ്യരുമായി മാത്രം ഇടപഴകി ശീലിച്ചിട്ടുള്ള എനിക്ക് കാടിന്റെ കനിവറിയില്ലല്ലോ. കാടിന്റെ വാത്സല്യം അനുഭവിച്ചു കൊണ്ടാണ് സലിംക്ക കഴിയുന്നത്ര കാട്ടില്‍തന്നെ ചുറ്റിപ്പറ്റി കറങ്ങി നില്ക്കുന്നതെന്ന് അന്നു ഞാനറിഞ്ഞില്ല. പല മലകളും കയറിയിറങ്ങി ക്ഷീണിച്ച ശരീരത്തോടും അരിശം ബാധിച്ച മനസ്സോടും(എന്റെ അവസ്ഥ) ഭട്ടിന്റെ വീട്ടിലെത്തി. വീടിനടുത്തുള്ള ക്ഷേത്രചുമരില്‍ ചാരി ദീര്‍ഘനിശ്വാസമുതിര്‍ത്ത് എത്ര സമയമാണ് ഞാനിരുന്നത്! ആശ്വാസത്തിന്റെ ആഴമറിഞ്ഞ ദിവസമായിരുന്നു അന്ന്. സാഗരംപോലെ കണ്ണെത്താദൂരത്തോളം അടുക്കടുക്കായി കിടക്കുന്ന ഹരിതമലനിരകള്‍. അവയ്ക്കിടയില്‍ മയകൂന്ന തൂവെള്ള മേഘങ്ങള്‍. ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന നാഡികളെല്ലാം അയഞ്ഞയഞ്ഞ് മേഘക്കീറുകള്‍പോലെയായി. ശരീരത്തിന്റെ ഭാരമെല്ലാമകന്ന് ഒരു കുളിര്‍മ മാത്രമായി. ക്ഷീണം ബാധിച്ച ശരീരത്തെ കുളിര്‍തെന്നല്‍ തഴുകിയൊഴുകുമ്പോള്‍ ഈശ്വരസ്പര്‍ശമനുഭവിക്കുന്ന ഭക്തനെപ്പോലെ നാം വിനീതരാകും.
ഉച്ചഭക്ഷണം കഴിച്ച് വീണ്ടും അവിടെത്തന്നെ വന്നിരുന്നു. ഇത്രയും ഉയരത്തിലേക്ക് ആദ്യമായി വരികയാണ്. അതിന്റെ എല്ലാ വിസ്മയവും എന്നില്‍ നിറഞ്ഞു തൂവി. എന്നാല്‍പിന്നെ യാത്ര തുടരാമല്ലേ എന്നു പറഞ്ഞ് സലിംക്ക അടുത്തു വന്നപ്പോഴാണ് ഇനിയും മുകളിലേക്കു കയറേണ്ടതുണ്ടെന്ന് അറിഞ്ഞത്. ഇപ്പോള്‍ കുറച്ചുകൂടി ധൈര്യം തോന്നുന്നുണ്ടു്. എങ്കിലും പുലിയും കരടിയും വിടാതെ പിന്തുടരുന്നു.
“ഇനിയും കുറച്ചു ദൂരംകൂടി കയറണം. മലയുടെ ആ ഉച്ചിയിലാണു് സര്‍വ്വജ്ഞപീഠം. അതിനരികിലൂടെ ഇറങ്ങിയെത്തുക ശങ്കരാചാര്യര്‍ തപം ചെയ്ത ഇടമെന്നു കരുതുന്ന ചിത്രമൂലയിലാണ്.””
ഇത്രയും പറഞ്ഞ് സലിംക്ക നടന്നു. കെട്ടും ഭാണ്ഡവുമെടുത്ത് ഞാന്‍ പിന്നാലെയും. രാത്രി തങ്ങേണ്ട വിവരം ഭട്ടിനോടു പറഞ്ഞുവോ എന്നു ഞാന്‍ ചോദിച്ചു. രാത്രിയില്‍ കരടി ഇറകൂമെന്നു പറഞ്ഞു കേട്ടിരുന്നു. സുരക്ഷിതമായ ഒരിടത്ത് താമസം തരപ്പെടുത്തി വെച്ചാല്‍ സമാധാനത്തോടെ എല്ലാം കണ്ട് മടങ്ങി വരാമല്ലോ എന്നായിരുന്നു എന്റെ ചിന്ത. സലിംക്ക ചിരിച്ചു. അതിനു നാം ഭട്ടിന്റെ അടുത്തല്ലല്ലോ താമസിക്കുന്നത്. കാട്ടിലല്ലേ? സര്‍വ്വജ്ഞപീഠത്തില്‍ നോക്കാം..
ഈശ്വരാ! ഞാന്‍ അറിയാതെ വിളിച്ചുപോയി. നാട്ടില്‍നിന്നു പുറപ്പെടുമ്പോള്‍ വീമ്പു പറഞ്ഞതാണ്. അത് ഇത്ര ഗൗരവമായെടുക്കുമെന്നു കരുതിയില്ല. നല്ലൊരിടം തരപ്പെട്ടാല്‍ പറഞ്ഞതൊക്കെ അദ്ദേഹവും വിഴുങ്ങുമെന്നാണ് കരുതിയത്. ഇനി പറഞ്ഞിട്ടു കാര്യമില്ല. വരുന്നിടത്തുവെച്ചു കാണാം. എങ്കിലും ആ പുലിയും കരടിയും വിടുന്ന മട്ടില്ല.
നെഞ്ചുകീറി രക്തം കുടിക്കുന്ന കരടിയുടെ കഥ മറക്കാനാവുന്നില്ല. ബാലരമയും പൂമ്പാറ്റയും സ്ഥിരമായി വായിക്കേണ്ടായിരുന്നു. പുലിയുടെ കൂര്‍ത്ത പല്ലുകള്‍ എന്റെ അസ്ഥിയില്‍ തുളഞ്ഞു കയറുന്ന വേദന സങ്കല്പിക്കാന്‍കൂടി വയ്യ. അറിവുകളെല്ലാം വിനയാവുന്നുവല്ലോ ഭഗവാനേ…
എന്താ, അവിടെ നിന്നു കളഞ്ഞത്? അസ്തമയത്തിനനുമുമ്പ് മുകളിലെത്തണം. സലീംക്ക വിളിച്ചപ്പോഴാണ് ബോധം വീണത്. കുത്തനെയുള്ള കയറ്റം. പരിചയമില്ലാത്തതിനാല്‍ അവിടവിടെയെല്ലാം വഴുതിവീണു. അല്ലറചില്ലറ പോറലുകളുണ്ടായി. ആരോടൊക്കെയോ ദേഷ്യം വരുന്നു. എന്നോട് ഒരഭിപ്രായവും ചോദിക്കാതെ സലിംക്ക സ്വയം തീരുമാനമെടുക്കുന്നതില്‍ നീരസം തോന്നി. എങ്കിലും എന്നെ ഇവിടെയൊക്കെ കൊണ്ടുവന്നു കാണിക്കാന്‍ സന്മനസ്സു കാണിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ അതെല്ലാം പോയ്മറഞ്ഞു. ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ.
പ്രകൃതിയുടെ വശ്യമായ സൗന്ദര്യത്തില്‍ വിസ്മയംകൊള്ളുമ്പോഴും രാത്രിയാകുമല്ലോ എന്ന ഓര്‍മ്മ ഭീതിയായി പടരുന്നു. എന്റെ അവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണോ അതോ അറിയുന്നില്ലയോ? ഞാന്‍ സലീംക്കയുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
എന്തു നല്ല സ്ഥലം അല്ലേ? ഇവിടെ രാത്രിയില്‍ കഴിയുക എത്ര ആനന്ദമായിരിക്കും. പൗര്‍ണ്ണമിയോടടുത്ത ദിവസമാണ്. രാത്രി അതിമനോഹരമാകും. അസ്തമയമാകുന്നതോടെ ആകാശം വര്‍ണ്ണാഭമാകും. മേഘക്കീറുകളില്‍ സന്ധ്യ വര്‍ണ്ണങ്ങള്‍ വാരിവിതറും. ചന്ദ്രന്റെയും സൂര്യന്റെയും ഉദയാസ്തമയങ്ങള്‍ കണ്ട് മൂന്നുദിവസം നമുക്കിവിടെ കഴിയാം.സര്‍വ്വജ്ഞപീഠത്തിലിരുന്ന് സലിംക്ക പറഞ്ഞു.
ഒരു കുഞ്ഞുമുറിയും ചെറിയൊരു വരാന്തയുമുള്ള കരിങ്കല്‍കുടില്‍. പിന്‍ചുമരില്‍ ഒരിരുമ്പു കോണി കെട്ടിടത്തോടു ചേര്‍ത്തുവെച്ചിട്ടുണ്ട്. മുകളില്‍ കയറി കാഴ്ചകള്‍ കാണാം. മുറിക്കു വാതിലില്ല. ചെറിയൊരു കവാടം മാത്രം. അതു കണ്ടതോടെ അവസാന ധൈര്യവും ചോര്‍ന്നുപോയി. അപ്പോഴാണ് ധീരന്റെ പ്രകൃതിവര്‍ണ്ണന. ഈ മനുഷ്യനു ഭയമൊന്നുമില്ലേ ഈശ്വരാ! എന്റെ ഭയം പുറത്തു പറയാനും വയ്യ. രാത്രിയില്‍ പള്ളിക്കാട്ടില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്നൊക്കെ പുളുവടിച്ചിട്ടുള്ളതാണ്. എന്തെങ്കിലും പറഞ്ഞാല്‍ അതൊക്കെ പൊളിയും. ഞാന്‍ പഴയപോലെ ചിരിച്ചു.
സമയം സന്ധ്യയോടടുത്തപ്പോള്‍ എല്ലാ ഭയവും പോയ്മറഞ്ഞു. പാഞ്ഞൊഴുകുന്ന വര്‍ണ്ണമേഘങ്ങള്‍. ധ്യാനാത്മകമായ മലനിരകള്‍. നേരിയ ഇരുളില്‍ മലനിരകളെ നോക്കിയിയിരിക്കേ ഉള്ളിലെവിടെയോ മറഞ്ഞിരിക്കുന്ന അനുഭൂതിശകലങ്ങള്‍ ഈയാംപാറ്റകളെപോലെ ഉയര്‍ന്നുവരും. അവ പറന്നുപറന്നു് ആ മലനിരകളിലേക്കു് ഇല്ലാതാകും. എങ്ങു നോക്കിയാലും അനന്തത. പ്രപഞ്ചത്തിനൊരു കേന്ദ്രമുണ്ടെങ്കില്‍ അതിതാ ഇവിടെ എന്നു വിളിച്ചു പറയാന്‍ തോന്നി. ഒന്നിനും വേണ്ടിയല്ലാതെ ആദ്യമായി കരഞ്ഞു.
സൗന്ദര്യത്തിന്റെ മഹാപ്രപഞ്ചം കുടജാദ്രിമലയുടെ ഉച്ചിയില്‍നിന്നും സര്‍വ്വ ദിക്കിലേക്കും പരന്നൊഴുകുന്നതുപോലെ. കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടെ ഞാന്‍ സലിംക്കയെ തൊട്ടു. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. പലരും വന്നുപോയി. സമയം ഇരുട്ടി. അവിടെ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായി. വെളിച്ചം അകന്നതോടെ മൗനം സജീവമായി. നിശ്ചലമായ മഹാമൗനം ഞങ്ങളെ പുണര്‍ന്നുനിന്നു. എത്രസമയം അവിടെ ഇരുന്നുകാണുമെന്നറിയില്ല.
(തുടരും…)