| Monday, 23rd October 2023, 10:37 pm

കുത്തിനിറച്ച ബസില്‍ നീണ്ട ഒമ്പത് മണിക്കൂര്‍ നിന്നുകൊണ്ട് ചുരത്തിലൂടെ യാത്ര; മാറ്റമില്ലാതെ വയനാട്ടുകാരുടെ യാത്രാദുരിതം

സബീല എല്‍ക്കെ

കുത്തിനിറച്ച ബസില്‍ നിന്നുതിരിയാന്‍ ഇടമില്ലാതെ ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ നിന്നുകൊണ്ട് യാത്ര ചെയ്യേണ്ട അവസ്ഥ. ഈയൊരറ്റ ചിത്രം മതി വയനാട്ടുകാരുടെ മാറ്റമില്ലാത്ത യാത്രാദുരിതം അടയാളപ്പെടുത്താന്‍. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിന് പിന്നാലെ വലിയ ഗതാഗത തടസമുണ്ടാവുകയായിരുന്നു.

അവധി ദിവസം ആഘോഷിക്കാന്‍ സഞ്ചാരികളുടെ പ്രവേശം കൂടിയായതോടെ വാഹനങ്ങള്‍ കൂടുതല്‍ കെട്ടുപിണഞ്ഞുകിടന്നു. ഇതിനിടെ വയനാട് കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവെച്ചതും സാധാരണക്കാരായ യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കി.

നീണ്ട മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിലാണ് വയനാട്ടില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ആളുകളെയും നിറച്ച് യാത്രയാരംഭിച്ചത്. വൈത്തിരി മുതല്‍ ആരംഭിക്കുന്ന ഗതാഗത കുരുക്ക് അവസാനിക്കുന്നത് അടിവാരത്താണ്.

ബസില്‍ നിന്ന് കുട്ടികള്‍ ചൂടെടുത്തും ദാഹിച്ചും കരച്ചില്‍ തുടര്‍ന്നു. വാഹനങ്ങള്‍ നീങ്ങാന്‍ പറ്റാത്ത വിധം കുരുക്ക് ശക്തമായപ്പോള്‍ ക്ഷമകെട്ട് ചിലരൊക്കെ ഇറങ്ങിനടന്നു.

ഇതിനിടെ ബസിലും മറ്റുമുള്ള യാത്രക്കാര്‍ ടോയ്‌ലെറ്റില്‍ പോകാന്‍ ഇറങ്ങുന്നുണ്ട്. സര്‍ജറി കഴിഞ്ഞ് അധികം ദിവസമാകാത്ത പ്രായമായ ഒരു സ്ത്രീ ബസില്‍ നിന്ന് ഇറങ്ങി റോഡരികിലുണ്ടായ കടയിലെ ടോയ്‌ലെറ്റിലേക്ക് ഓടി. സാവകാശം തിരിച്ചെത്തിയാലും ബസ് നീങ്ങില്ല എന്ന് സഹയാത്രികരിലൊരാള്‍ അവരെ ആശ്വസിപ്പിച്ചു.

ഗതാഗതങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞുകയറിയ ബൈക്ക് യാത്രികര്‍ നേരം വെളുത്തിട്ട് പോകാം എന്ന് പരസ്പരം പരിഹസിക്കുന്നുണ്ട്. പൊലീസിന് പുറമെ ചുരം സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകരും മറ്റ് യാത്രക്കാരും ഗതാഗതം നിയന്ത്രിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. എട്ടാം വളവില്‍ രണ്ട് ലോറികള്‍ റോഡിന്റെ മുക്കാല്‍ ഭാഗവും കവര്‍ന്ന് കിടക്കുന്നു. ശേഷിക്കുന്ന ഇത്തിരി ഭാഗത്ത് കൂടെ ചെറിയ വാഹനങ്ങളെ മുകളിലേക്ക് കടത്തിവിടുന്നു.

മൂന്ന് മണിക്കൂര്‍ പിന്നിട്ടാണ് മുകളില്‍ നിന്നാരംഭിച്ച വാഹനങ്ങള്‍ ചുരത്തിന്റെ എട്ടാം വളവില്‍ എത്തുന്നത്. ഇങ്ങനെയൊരു ബ്ലോക്ക് ഇതാദ്യമായിട്ടാണെന്നാണ് വര്‍ഷങ്ങളായി ചുരം വഴി യാത്ര ചെയ്യുന്നവര്‍ അഭിപ്രായപ്പെട്ടത്.

റോഡരികിലെ കടക്കാര്‍ വെള്ളവും ഭക്ഷ്യ വസ്തുക്കളും ഓണ്‍ലൈന്‍ പേയ്‌മെന്റിനായുള്ള സ്‌കാനറുമേന്തി വാഹനങ്ങളുടെ അരികിലേക്ക് ഓടിയെത്തുന്നുണ്ട്. കാലം കുറേ മുന്നോട്ട് നീങ്ങിയെങ്കിലും വയനാട് ഇപ്പോഴും പിന്നില്‍ തന്നെയാണെന്നാണ് ആളുകള്‍ക്ക് പരക്കെ പറയാനുള്ളത്.

ശക്തമായ മഴയിലും മരം വീണും മണ്ണിടിഞ്ഞും ചരക്ക് വാഹനങ്ങള്‍ കേടായി കുടുങ്ങിയുമെല്ലാം മണിക്കുറുകള്‍ ചുരം ബ്ലോക്കാവുന്നത് പതിവ് സംഭവമാണ്. അത്യാവശ്യമായി ലക്ഷ്യ സ്ഥാനത്തെത്തേണ്ടവരും എയര്‍പോര്‍ട്ടിലേക്കും മറ്റും പുറപ്പെട്ടവരുടെ അവസ്ഥ പരിതാപകരമാണ്. വയനാട്ടുകാര്‍ക്ക് ഇത് പതിവ് അനുഭവമാണ്. വയനാട്ടുകാരുടെ യാത്രാദുരിതം മാറ്റമില്ലാതെ തുടരുമ്പോള്‍ ബദലുകള്‍ കണ്ടെത്തേണ്ടത് അനിവാര്യമാണ്.

ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ മാത്രം വയനാട്ടുകാരുടെ ദുരവസ്ഥ പുറംലോകമറിയുന്നത്. സംസ്ഥാനത്ത് തന്നെ വളരെ കൂടുതല്‍ ടൂറിസ്റ്റുകള്‍ വന്നുചേരുന്ന ജില്ലയാണ് വയനാട്. ഒരു നാട് ഒന്നാകെ ഇടയ്ക്കിടെ ചുരത്തില്‍ കുടുങ്ങിക്കിടക്കേണ്ടി വരുന്നത് വയനാടിന്റെ ടൂറിസം സാധ്യതകളെ കൂടിയാണ് ബാധിക്കുക.വയനാട്ടുകാര്‍ സര്‍ക്കാരിന്റെ ശ്രദ്ധ കൂടുതലായി അര്‍ഹിക്കുന്നുണ്ട്.

Content Highlights: The travel plight of the people of Wayanad remains unchanged

സബീല എല്‍ക്കെ

We use cookies to give you the best possible experience. Learn more