| Thursday, 29th August 2019, 9:06 am

റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനം എടുക്കുന്നത് നോട്ടു നിരോധനം പോലെ മറ്റൊരു ദുരന്തമാവും: തോമസ് ഐസക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 1.76 ലക്ഷം കോടിരൂപ എടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം നോട്ടു നിരോധനം പോലൊരു മറ്റൊരു ദുരന്തമാവുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി തോമസ് ഐസക്ക്. മോദി സര്‍ക്കാര്‍ നോട്ടുനിരോധനം കൊണ്ടു വന്നപ്പോള്‍ മണ്ടത്തരമാണെന്നും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും പ്രഖ്യാപനം വന്നയുടന്‍ പ്രതികരിച്ച സാമ്പത്തിക വിദഗ്ധരിലൊരാളാണ് തോമസ് ഐസക്ക്.

റിസര്‍വ് ബാങ്കിന്റെ കരുതല്‍ശേഖരത്തിലൊരുഭാഗം കൈക്കലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ഇപ്പോള്‍ ഒരു പരിധിവരെ വിജയിച്ചിരിക്കുകയാണ്. ഇത് നോട്ടുനിരോധനം പോലൊരു വിനാശമാകും എന്ന് വിദഗ്ധര്‍ക്കെല്ലാം ഏകാഭിപ്രായമുണ്ട്. നടപടി റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും ഇതുപോലൊരു നടപടി സ്വീകരിച്ച അര്‍ജന്റീനയിലുണ്ടായ വിദേശ വിനിമയ മേഖലയിലെ തകര്‍ച്ചയെ കുറിച്ച് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആചാര്യ പറഞ്ഞിരുന്നുവെന്നും തോമസ് ഐസക്ക് പറയുന്നു.

തോമസ് ഐസക്കിന്റെ വിശദീകരണം

റിസര്‍വ് ബാങ്കിന്റെ പണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടമിട്ടിട്ട് കുറച്ചു വര്‍ഷമായി. നോട്ടുനിരോധിച്ചപ്പോള്‍ പറഞ്ഞ ന്യായം ഇതാണ്. കള്ളപ്പണത്തില്‍ നല്ലൊരു ഭാഗം തിരിച്ചു വരില്ലെന്നും അങ്ങനെ കേന്ദ്രസര്‍ക്കാരിന്റെ ബാധ്യതയില്‍ ഒരുഭാഗം ഇല്ലാതാകുമെന്നും മുന്‍കേന്ദ്രധനമന്ത്രി പോലും വിശ്വസിച്ചിരുന്നു. അപ്പോള്‍ റിസര്‍വ് ബാങ്കിനുണ്ടാകുന്ന ലാഭം കേന്ദ്രസര്‍ക്കാരിനു ലഭിക്കുമെന്നായിരുന്നു അവരുടെ കിനാവ്. ചുരുങ്ങിയത് മൂന്നു ലക്ഷം കോടി രൂപയാണ് ഇങ്ങനെ പ്രതീക്ഷിച്ചത്. എന്നാല്‍, അച്ചടിച്ച ഏതാണ്ട് മുഴുവന്‍ പണവും റിസര്‍വ് ബാങ്കില്‍ തിരിച്ചുവന്നു. നോട്ടുനിരോധനം മൂലം രാജ്യത്തിന്റെ സമ്പദ്ഘടന കുട്ടിച്ചോറായത് മിച്ചം. ആ ഘട്ടത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഭീമന്‍ കരുതല്‍ ശേഖരത്തില്‍ ബിജെപിയുടെ കണ്ണു വീണത്.

റിസര്‍വ് ബാങ്ക് ധനവ്യവസ്ഥയെ നിയന്ത്രിക്കുന്ന ധനകാര്യസ്ഥാപനമാണ്. നോട്ട് അച്ചടിച്ച് ബോണ്ടുകള്‍ വാങ്ങുകയും ബാങ്കുകള്‍ക്കു കടം കൊടുക്കുകയുമെല്ലാം ചെയ്യുമ്പോള്‍ റിസര്‍വ് ബാങ്കിന് വരുമാനമുണ്ടാകും. ചെലവു കഴിഞ്ഞുള്ള ലാഭത്തില്‍ ഒരു ഭാഗം ഉടമസ്ഥനായ കേന്ദ്രസര്‍ക്കാരിന് വര്‍ഷം തോറും ലാഭവിഹിതമായും റിസര്‍വ് ബാങ്ക് നല്‍കുന്നു. അങ്ങനെ 30,000 കോടി മുതല്‍ 65000 കോടി വരെ തുക ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാരിലേയ്ക്ക് അടച്ചിട്ടുണ്ട്. ബാക്കി ലാഭം മുഴുവന്‍ കരുതല്‍ ശേഖരത്തിലേയ്ക്കും റിസര്‍വ് ബാങ്കിന്റെ മൂലധനശേഷി വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്കും നീക്കിവെയ്ക്കുകയാണ് ചെയ്യുക. ബിജെപി സര്‍ക്കാര്‍ ഈ ലാഭവിഹിതം കൊണ്ടു തൃപ്തരല്ല. ഇത്രയധികം മൂലധനവും കരുതല്‍ ശേഖരവും റിസര്‍വ് ബാങ്കിന് ആവശ്യമില്ലെന്നും ഏഴു ലക്ഷം കോടി രൂപയെങ്കിലും ഒരു വിഷമവുമില്ലാതെ കേന്ദ്രസര്‍ക്കാരിലേയ്ക്ക് തരാന്‍ ഒരു പ്രയാസവും ഉണ്ടാവില്ല എന്നുമാണ് അവര്‍ വാദിച്ചത്.

അതു നോട്ടുനിരോധനം പോലൊരു വിനാശമാകും എന്ന് വിദഗ്ധര്‍ക്കെല്ലാം ഏകാഭിപ്രായമായിരുന്നു. ഇത് റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കും. ഇതുപോലൊരു നടപടി സ്വീകരിച്ച അര്‍ജന്റീനയിലുണ്ടായ വിദേശ വിനിമയ മേഖലയിലെ തകര്‍ച്ച റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആചാര്യ തന്റെ പ്രസിദ്ധമായ ബോംബെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത് വലിയ വിവാദത്തിന് വഴി തെളിച്ചു.

ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു പോയി. പക്ഷേ, കേന്ദ്രസര്‍ക്കാര്‍ കുലുങ്ങിയില്ല. തങ്ങളുടെ വിശ്വസ്തനായ മുന്‍ കേന്ദ്ര സെക്രട്ടറി ശക്തികാന്ത് ദാസ് ഗുപ്തയെ ചെയര്‍മാനാക്കി. ഗുരുമൂര്‍ത്തിയടക്കം രണ്ടു ബിജെപിക്കാരെ ബോര്‍ഡിലേയ്ക്ക് നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് ബിമല്‍ ജലാല്‍ കമ്മിറ്റിയെ രൂപീകരിച്ചത്. ജലാല്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ താളത്തിനു തുള്ളാന്‍ തയ്യാറായില്ല. തലയില്‍ ആള്‍ത്താമസമുള്ള ഒരാള്‍ക്കും അതിനു കഴിയുമായിരുന്നില്ല. ഈ കമ്മിറ്റിയില്‍ അംഗമായ ഫിനാന്‍സ് സെക്രട്ടറിയും മറ്റു കമ്മിറ്റി അംഗങ്ങളും തമ്മിലുണ്ടായ വാഗ്വാദങ്ങള്‍ ഇന്ന് അങ്ങാടിപ്പാട്ടാണ്. അവസാനം 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിനു കൈമാറുന്നതിന് ശുപാര്‍ശ ചെയ്തു. അങ്ങനെ റിസര്‍വ് ബാങ്കിന്റെ കരുതല്‍ശേഖരത്തിലൊരുഭാഗം കൈക്കലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിരിക്കുകയാണ്.

മാന്ദ്യത്തിനെതിരെയുള്ള ഉത്തേജകപാക്കേജിന് ഇതു സഹായിക്കും എന്നാണ് പല പ്രമുഖ മാധ്യമങ്ങളുടെയും ശുഭപ്രതീക്ഷ. മൂക്കു തൊടാന്‍ തലയ്ക്കു പിന്നിലൂടെ കൈ നീട്ടേണ്ട ആവശ്യമെന്ത് എന്ന ചോദ്യം ഈ അവസരത്തില്‍ പ്രസക്തമാണ്. ഉത്തേജക പാക്കേജിനു പണം കണ്ടെത്താന്‍ രണ്ടു മാര്‍ഗമുണ്ട്. ഒന്ന്, ബാങ്കുകളിലും കമ്പോളത്തിലും നിന്നും വായ്പയെടുക്കുക. ഇതു ചെയ്താല്‍ അത്രയും കുറവു പണമേ സ്വകാര്യ നിക്ഷേപകര്‍ക്കു ലഭിക്കൂ. തന്മൂലം പലിശ ഉയരാം. രണ്ടാമത്തെ മാര്‍ഗം റിസര്‍വ് ബാങ്കില്‍ നിന്ന് വായ്പയെടുക്കുകയാണ്. ഗ്രാമ്യഭാഷയില്‍ ഇതിനെയാണ് കമ്മിപ്പണം അച്ചടിക്കുക എന്നു പറയുന്നത്. സാമ്പത്തിക ശാസ്ത്രഭാഷയില്‍ ാീിലശേമെശേീി ീള റലയ േഎന്നു പറയും. പുതിയ പണം സമ്പദ്ഘടനയില്‍ ഇറക്കുന്നതിനു തുല്യമാണ്. വിലക്കയറ്റം സൃഷ്ടിക്കാം.

ഇതിലേതു മാര്‍ഗം സ്വീകരിച്ചാലും വായ്പയായതുകൊണ്ട് ധനക്കമ്മി ഉയരും. ഇത് വിദേശ മൂലധനത്തിന് ചതുര്‍ത്ഥിയാണ്. അവരെ അലോസരപ്പെടുത്തിയാല്‍ എന്തു സംഭവിക്കുമെന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ നാം നന്നായി മനസിലാക്കിയിട്ടുണ്ട്. ഷെയര്‍ വ്യാപാരത്തില്‍ നിന്ന് ലഭിക്കുന്ന മെയ്യനങ്ങാ ലാഭത്തിന്മേല്‍ ചെറിയൊരു നികുതി കേന്ദ്രധനമന്ത്രി ബജറ്റില്‍ ഏര്‍പ്പെടുത്തി. രണ്ടാഴ്ച കൊണ്ട് 30,000 കോടി രൂപയാണ് ഓഹരിക്കമ്പോളത്തില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഓഹരിവിലയും ഇടിഞ്ഞു. ഇപ്പോള്‍ തന്റെ മിനിബജറ്റില്‍ ഈ നികുതി ഒഴിവാക്കിക്കൊടുത്തു. അതോടെ ഓഹരിസൂചിക കുത്തനെ ഉയര്‍ന്നു.

ഇന്ത്യാ സര്‍ക്കാരിന് വിദേശ നിക്ഷേപകരെ പിണക്കാനാവില്ല. കാരണം സര്‍ക്കാര്‍ വക്താക്കള്‍ വമ്പു പറയുന്ന ഭീമന്‍ വിദേശ നാണയ കരുതല്‍ ശേഖരം മുഖ്യമായും ഇവര്‍ കൊണ്ടുവന്നതാണ്. വിദേശ നിക്ഷേപകര്‍ ഫാക്ടറികളും മറ്റും സ്ഥാപിക്കാന്‍ കൊണ്ടുവന്ന പണമല്ല. ഓഹരി – ചരക്ക് ഊഹക്കച്ചവടത്തില്‍ കളിക്കാന്‍ കൊണ്ടുവന്ന പണമാണ്. അതുകൊണ്ട് ഇത് ഞൊടിനേരം കൊണ്ട് പിന്‍വലിക്കാന്‍ പറ്റും. ഇത്തരമൊരു പിന്‍മാറ്റം രൂപയുടെ വിദേശ വിനിമയ മൂല്യത്തകര്‍ച്ചയിലേയ്ക്കും വിദേശ വ്യാപാര സ്തംഭനത്തിലേയ്ക്കും നയിക്കും. ഇന്ത്യാ സര്‍ക്കാര്‍ പുലിപ്പുറത്താണ് യാത്ര. താഴെയിറങ്ങാന്‍ പറ്റില്ല.

അതുകൊണ്ടാണ് കള്ളക്കണക്കെഴുതിയാണെങ്കിലും ധനക്കമ്മി 3.3 ശതമാനത്തില്‍ പിടിച്ചു നിര്‍ത്തിയുള്ള ബജറ്റ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. ബജറ്റ് അവതരണം കഴിഞ്ഞ ഉടന്‍തന്നെ പ്രൊഫ. ജയതിഘോഷ് 2018-19ലെ റവന്യൂ വരുമാന ഇടിവ് മറച്ചുവെച്ചതിന്റെ ഫലമായി ബജറ്റിലെ റവന്യൂ വരുമാനം ഏതാണ്ട് ഒരു ലക്ഷത്തിലേറെ കോടി പെരുപ്പിച്ചു കാണിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചു. പക്ഷേ, ധനമന്ത്രി പ്രതികരിച്ചില്ല. പിന്നീട് ഐഎംഎഫ് റിപ്പോര്‍ട്ടിലും ഇതു പരാമര്‍ശിച്ചു. പക്ഷേ, ധനമന്ത്രി ഒന്നും ഉരിയാടിയില്ല.

എല്ലാം നേരത്തെ തീരുമാനിച്ച തിരക്കഥ പ്രകാരം. ഇപ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്നുള്ള നികുതിയിതര വരുമാന വര്‍ദ്ധനയോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടു. പക്ഷേ, റിസര്‍വ് ബാങ്കില്‍ നിന്നുള്ള ഫണ്ടുകൊണ്ട് ഉത്തേജക പാക്കേജ് ഉണ്ടാകുമെന്ന് പലരും പ്രകടിപ്പിക്കുന്ന പ്രതീക്ഷ ദിവാസ്വപ്നം ആകാനാണ് സാധ്യത. കമ്മി കൂട്ടാതെ ഉത്തേജക പാക്കേജ് സാധ്യമല്ല.

1.76 ലക്ഷം കോടി രൂപ പോലും ഇത്തരത്തിലെടുക്കുന്നത് റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയെയും ആസന്നമായ ധനകാര്യക്കുഴപ്പത്തില്‍ ഇടപെടാനുള്ള ശേഷിയെയും ബാധിക്കും എന്ന അഭിപ്രായമാണ് മറ്റു പല ഗവര്‍ണമാര്‍ക്കും സാമ്പത്തിക  വിദഗ്ധര്‍ക്കുമുള്ളത്. രഘുറാം രാജന്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ഒരുമടിയുമില്ലാത്ത ആളാണ്. പക്ഷേ, സാധാരണഗതിയില്‍ മിതഭാഷിയായ സുബ്ബറാവു പറഞ്ഞത്, ഇതാണ്: ‘കേന്ദ്ര ബാങ്കിന്റെ കരുതല്‍ ധനം ഇങ്ങനെ തട്ടിയെടുക്കുന്നത് സര്‍ക്കാരിന്റെ ഗതികേടിന്റെ തീവ്രതയെ വെളിവാക്കുന്നു. നാം വളരെ ശ്രദ്ധയോടെയും മുന്‍കരുതലോടെയും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു’.

We use cookies to give you the best possible experience. Learn more