| Friday, 19th August 2022, 6:58 pm

ഇനി കുറച്ച് അധോലോകമാകാം; കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റിന്റെ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാവുന്ന ഒറ്റിന്റെ ട്രെയ്‌ലര്‍ പുറത്ത്. കുഞ്ചാക്കോ ബോബന്റെ വേറിട്ട മുഖവുമായാണ് ഒറ്റിന്റെ ട്രെയ്‌ലര്‍ വന്നിരിക്കുന്നത്. താരത്തിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഒറ്റിലേത്. ഒപ്പം ഗ്യാങ്‌സ്റ്റര്‍ എന്ന തോന്നിക്കുന്ന പരിവേഷങ്ങളോടെയാണ് അരവിന്ദ് സ്വാമി ട്രെയ്‌ലറിലെത്തിയിരിക്കുന്നത്.

തമിഴിലും മലയാളത്തിലുമായി ഒരേസമയം ഒരുങ്ങുന്ന ചിത്രത്തിന്റെ തമിഴിലെ പേര് ‘രണ്ടകം’ എന്നാണ്. സെപ്റ്റംബര്‍ 2ന് മലയാളത്തിലും തമിഴിലുമായി ചിത്രം റിലീസ് ചെയ്യും.

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒറ്റ്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ഇത്. ജാക്കി ഷ്‌റോഫും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ടൊവിനോയെ നായകനാക്കി തീവണ്ടി ഒരുക്കിയ ടി.പി. ഫെല്ലിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ്. സഞ്ജീവാണ്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ നടന്‍ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എ.എച്ച്. കാശിഫും അരുള്‍ രാജും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം അരുള്‍ രാജ്, ഛായാഗ്രാഹണം വിജയ്, അപ്പു എന്‍. ഭട്ടതിരി എഡിറ്റിങ്, സ്റ്റില്‍സ് റോഷ് കൊളത്തൂര്‍, സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരം, റോണക്‌സ് സേവ്യര്‍ മെയ്ക്കപ്പ്, സൗണ്ട് ഡിസൈനിങ് രംഗനാഥ് രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍, ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം, സഹനിര്‍മാണം സിനിഹോളിക്‌സ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Content Highlight: The trailer of Ottu starring Kunchako Boban and Aravind Swamy is out

We use cookies to give you the best possible experience. Learn more