| Thursday, 21st July 2022, 9:14 am

അയണ്‍ ത്രോണിനായുള്ള പോരാട്ടം വീണ്ടും; ഹൗസ് ഓഫ് ദി ഡ്രാഗണ്‍ ട്രെയ്‌ലര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ഹൗസ് ഓഫ് ദി ഡ്രാഗണിന്റെ ട്രെയ്‌ലര്‍ പുറത്ത്. ടാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥ പറയുന്ന സീരിസ് ഓഗസ്റ്റ് 21 മുതല്‍ എച്ച്.ബി.ഒ മാക്‌സില്‍ പ്രദര്‍ശനം ആരംഭിക്കും. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.

വെസ്റ്ററോസ് എന്ന സാങ്കല്‍പിക ലോകത്തിലാണ് ഗെയിം ഓഫ് ത്രോണ്‍സിന്റെയും പ്രീക്വലായ ഹൗസ് ഓഫ് ദി ഡ്രാഗണിന്റേയും കഥ നടക്കുന്നത്. പിതാവിന്റെ മരണശേഷം സഹോദരങ്ങളായ ഏഗോണ്‍ രണ്ടാമനും റെയ്നിറയും തമ്മിലുള്ള യുദ്ധമാണ് സീരിസിന്റെ ഇതിവൃത്തം. ഈ സംഘര്‍ഷം ടാര്‍ഗേറിയന്‍സിനെ വെസ്റ്റെറോസിലെ ഏറ്റവും ശക്തമായ ഹൗസാക്കി മാറ്റുന്നു.

ജോര്‍ജ് ആര്‍.ആര്‍. മാര്‍ട്ടിന്റെ പുസ്തകം ഫയര്‍ ആന്‍ഡ് ബ്ലഡ് അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുങ്ങുന്നത്. മിഗുവല്‍ സപോച്‌നിക് സംവിധാനം ചെയ്യുന്ന സീരിസില്‍ എമ്മ ഡി ആര്‍സി, മാറ്റ് സ്മിത്ത്, റയ്‌സ് ഇഫാന്‍സ്, ഒലിവിയ കുക്ക് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

2011ല്‍ ആരംഭിച്ച ഗെയിം ഓഫ് ത്രോണ്‍സ് സീരിസില്‍ ടാര്‍ഗെറിയന്‍, സ്റ്റാര്‍ക്, ലാനിസ്റ്റര്‍, ബാരാതീയന്‍, ഗ്രെജോയ്, ടൈറില്‍, മാര്‍ട്ടല്‍ എന്നീ ഏഴു കുടുംബങ്ങളുടെ അധികാര വടംവലിയാണ് കാണിച്ചത്. വെസ്റ്റെറോസിലെ അധികാരത്തിന്റെ അടയാളമായ ‘അയണ്‍ ത്രോണ്‍’ അഥവാ ‘ലോഹസിംഹാസന’ത്തിനായി ഇവര്‍ നടത്തുന്ന പോരാട്ടങ്ങളും അതിനോട് അനുബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങളുമാണ് കഥയെ ആവേശോജ്വലമാക്കിയത്.

എമിലിയ ക്ലാര്‍ക്ക്, സോഫി ടര്‍ണര്‍, കിറ്റ് ഹാരിങ്ടണ്‍, മൈസി വില്യംസ്, ലെന ഹെഡി, പീറ്റര്‍ ഡിങ്കലേജ്, റോബ് സ്റ്റാര്‍ക്ക്, നിക്കോളാജ് കോസ്റ്റര്‍ എന്നിവരാണ് ഗെയിം ഓഫ് ത്രോണ്‍സില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയത്.

Content Highlight: the trailer of Game of Thrones prequel series House of the Dragon is out

We use cookies to give you the best possible experience. Learn more