മാലേ: ഇന്ത്യാ വിരുദ്ധ നിലപാടില്‍ തകിടം മറഞ്ഞ് മാലിദ്വീപിലെ ടൂറിസം മേഖല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, മാലിദ്വീപ് ടൂറിസം ഈ മാര്‍ച്ചില്‍ 33 ശതമാനത്തിന്റെ ഇടിവ് നേരിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഉഭയകക്ഷി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഇന്ത്യയില്‍ നിന്ന് ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2023 മാര്‍ച്ചില്‍ 41,000ത്തിലധികം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ആണ് മാലിദ്വീപ് സന്ദര്‍ശിച്ചത്. എന്നാല്‍ 2024 മാര്‍ച്ചില്‍ ഇത് 27,224 ആയി കുറഞ്ഞു.
2023 മാര്‍ച്ച് വരെ മാലിദ്വീപ് വിനോദസഞ്ചാരത്തിന്റെ ഒന്നാമത്തെ സ്രോതസ് ഇന്ത്യ ആയിരുന്നു. അതേസമയം 2024 ആയപ്പോഴേക്കും ഇന്ത്യയുടെ സ്ഥാനം ആറിലേക്ക് താഴുകയാണ് ചെയ്തത്.
ഇതിനുപുറമെ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടായപ്പോള്‍ ചൈനയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുകയാണ് ചെയ്തത്. 2024 മാര്‍ച്ചില്‍ മാത്രമായി 54,000ത്തിലധികം വിനോദസഞ്ചാരികള്‍ ചൈനയില്‍ നിന്ന് ദ്വീപില്‍ എത്തിയിട്ടുണ്ട്.
2023ല്‍ ദ്വീപിലേക്കെത്തിയ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം രണ്ട് ലക്ഷത്തിലധികവും ചൈനയില്‍ നിന്നുള്ളത് ഒന്നരലക്ഷത്തോളവുമായിരുന്നു. ഈ വര്‍ഷം എത്തിയത് ദ്വീപിലേക്ക് 217,394 വിനോദസഞ്ചാരികള്‍ ആണ്. അതില്‍ 34,600ലധികം പേര്‍ ചൈനയില്‍ നിന്നുള്ളവരാണ്.
വിനോദ സഞ്ചാരത്തിനായി ലക്ഷദ്വീപിനെ തെരഞ്ഞെടുക്കണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ ആവശ്യവും ഈ ഇടിവിന് കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ചൈനയെ പിന്തുണച്ചുകൊണ്ടുള്ള പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നീക്കങ്ങള്‍ മറ്റൊരു രീതിയില്‍ തിരിച്ചടി ആയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയുമായി മാലിദ്വീപ് സൈനിക കരാറില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യന്‍ സൈനികര്‍ രാജ്യം വിടണമെന്ന് മുയിസു പ്രസ്താവന ഇറക്കിയിരുന്നു. മെയ് 10ന് ശേഷം സാധാരണ വസ്ത്രം ധരിച്ച് പോലും ഒരു ഇന്ത്യന്‍ സൈനികനെ മാലിദ്വീപില്‍ കണ്ടുപോകരുതെന്നാണ് മുയിസു പറഞ്ഞത്. ഉത്തരവിനെ തുടര്‍ന്ന് മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്മാറാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
സൈനികരെ പുറത്താക്കുന്നതിന് പുറമെ ഇന്ത്യയുമായുള്ള ഹൈഡ്രോഗ്രാഫിക് സര്‍വേയുമായി ബന്ധപ്പെട്ട കരാര്‍ ഇനി പുതുക്കുകയില്ലെന്നും മുയിസു പറഞ്ഞു. സ്വതന്ത്രമായി സര്‍വേ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളും ഉപകരണങ്ങളും കണ്ടെത്താനാണ് ദ്വീപ് നിലവില്‍ ശ്രമിക്കുന്നതെന്നാണ് പ്രസിഡന്റ് അറിയിച്ചത്.
Content Highlight: The tourism sector of Maldives is suffering from anti-India attitude